കുന്നംകുളത്ത് മാലിന്യ സംസ്കരണം ഇനി വീടുകളിലും.

കുന്നംകുളം:

2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നഗര പ്രദേശത്തെ മുഴുവൻ വീടുകളിലും ഉറവിട മാലിന്യ സംസ്കരണം ആരംഭിക്കുന്നതിൻ്റെ ഭാഗമായി  മാലിന്യ സംസ്കരണോപകരണങ്ങൾ വിതരണം ചെയ്തു. നഗരസഭാ അങ്കണത്തിൽ എം എൽ എ എ സി മൊയ്തീൻ ഉദ്ഘാടനം നിർവ്വഹിച്ച പരിപാടിയിൽ നഗരസഭ ചെയർപേഴ്സൺ സീത രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. 

നഗരസഭ പ്രദേശത്ത് നല്ല വീട്, നല്ല നഗരം പദ്ധതിയുടെ ഭാഗമായി ഹരിത കർമ്മ സേനയും സന്നദ്ധ പ്രവർത്തകരും ചേർന്ന് നടത്തിയ സർവ്വേ പ്രകാരം 15324 വീടുകളിൽ 53 ശതമാനം വീടുകളും അജൈവ മാലിന്യങ്ങൾ ഹരിത കർമ്മ സേനയ്ക്ക് കൈമാറുന്നുണ്ട്. ഉറവിട മാലിന്യ സംസ്കരണ സംവിധാനം 23 ശതമാനം വീടുകളിലുണ്ട്. 3124 വാണിജ്യ സ്ഥാപനങ്ങളിൽ 23 ശതമാനം സ്ഥാപനങ്ങൾ ഹരിത കർമ്മ സേനയ്ക്ക് അജൈവ മാലിന്യങ്ങൾ കൈമാറുന്നു.

4 ശതമാനം സ്ഥാപനങ്ങൾ മാത്രമേ ഉറവിട മാലിന്യ സംസ്കരണ സംവിധാനം ഉപയോഗിക്കുകയോ നഗരസഭയുടെ കേന്ദ്രീകൃത മാലിന്യ സംസ്കരണ സംവിധാനത്തിലേക്ക് കൈമാറുകയോ ചെയ്യുന്നുള്ളൂവെന്നും സർവ്വേയിൽ വ്യക്തമാക്കുന്നു.

സമ്പൂർണ്ണ ശുചിത്വ പദവി കൈവരിക്കുന്നതിന് നൂറ് ശതമാനം വീടുകളിലും സ്ഥാപനങ്ങളിലും ശാസ്ത്രീയമാലിന്യ സംസ്കരണ സംവിധാനം ഒരുക്കും. ബയോഗ്യാസ് പ്ലാന്റിന് 1350 രൂപയും ബയോ ഡൈജസ്റ്റർ ബിന്നിന് 180 രൂപയുമാണ് ഗുണഭോക്താക്കൾ നൽകേണ്ടത്.

ചടങ്ങിൽ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി എം സുരേഷ് സ്വാഗതവും നഗരസഭ ഹെൽത്ത് സൂപ്പർവൈസർ കെ എസ് ലക്ഷ്മണൻ നന്ദിയും പറഞ്ഞു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേർസൺമാരായ സജിനി പ്രേമൻ, സോമശേഖരൻ, പ്രിയസജീഷ്, പി കെ ഷെബീർ നഗരസഭാ സെക്രട്ടറി ടി കെ സുജിത് എന്നിവർ പങ്കെടുത്തു.

Related Posts