കോപ്പ അമേരിക്കയിൽ ഒന്നിനെതിരേ രണ്ടു ഗോളുകൾക്ക് പെറുവിന് ആദ്യ വിജയം.
ഗോയിയാനിയ:
കോപ്പ അമേരിക്കയിൽ ഒന്നിനെതിരേ രണ്ടു ഗോളുകൾക്ക് പെറുവിന് ആദ്യ വിജയം. തുല്യശക്തികളുടെ പോരാട്ടത്തിൽ കൊളംബിയയെയാണ് പെറു കീഴടക്കിയത്. മധ്യനിരതാരം സെർജിയോ പീനയുടെ ഗോളും യാര മിനയുടെ സെൽഫ് ഗോളും പെറുവിന്റെ പട്ടിക തികച്ചപ്പോൾ പെനാൽട്ടിയിലൂടെ മിഗ്വേൽ ബോർഹ കൊളംബിയയുടെ ആശ്വാസഗോൾ നേടി. ഈ വിജയത്തോടെ പെറു നോക്കൗട്ട് റൗണ്ടിലേക്കുള്ള പ്രവേശന സാധ്യതകൾ സജീവമാക്കി. ആദ്യ മിനിട്ടുകളിൽ തന്നെ മികച്ച ആക്രമണം നടത്താൻ ഇരുടീമുകൾക്കും സാധിച്ചു. അഞ്ചാം മിനിട്ടിൽ കൊളംബിയയുടെ ബോർജയ്ക്ക് മികച്ച അവസരം ബോക്സിനകത്തുവെച്ച് ലഭിച്ചെങ്കിലും പെറു പ്രതിരോധം അതിനെ സമർഥമായി നേരിട്ടു. മറുവശത്ത് പെറു ആക്രമിച്ച് കളിക്കാൻ ശ്രമിച്ചെങ്കിലും അത് ഗോളവസരങ്ങളായി മാറ്റുന്നത്തിൽ ടീം പരാജയപ്പെട്ടു. ആദ്യ മിനിട്ടുകളിൽ തന്നെ മികച്ച ആക്രമണം നടത്താൻ ഇരുടീമുകൾക്കും സാധിച്ചു. 17-ാം മിനിട്ടിൽ കൊളംബിയയെ ഞെട്ടിച്ചുകൊണ്ട് ആദ്യ മുന്നേറ്റത്തിൽ തന്നെ പെറു ഗോൾ നേടി. സെർജിയോ പീനയാണ് ടീമിനായി ഗോൾ നേടിയത്. റീബൗണ്ടായി വന്ന പന്തിൽ നിന്നാണ് താരം ഗോൾ നേടിയത്. കൊളംബിയയുടെ യോട്ടൺ എടുത്ത ലോങ്റേഞ്ചർ കൊളംബിയൻ പോസ്റ്റിലേക്ക് പറന്നെത്തി. എന്നാൽ ഗോൾകീപ്പർ ഓസ്പിന അത് തട്ടിയകറ്റാൻ ശ്രമിച്ചു. താരത്തിന്റെ വിരലുകളിൽ തട്ടി ഗോൾ പോസ്റ്റിലിടിച്ച പന്ത് നെരെയെത്തിയത് പീനയുടെ കാലുകളിലേക്കാണ്. സ്ഥാനം തെറ്റി നിന്ന ഓസ്പിനയ്ക്ക് ഒരു സാധ്യതയും നൽകാതെ അനായാസം പന്ത് വലയിലെത്തിച്ച് പീന പെറുവിനായി ആദ്യ ഗോൾ നേടി. 2021 കോപ്പ അമേരിക്കയിൽ പെറുവിന്റെ ആദ്യ ഗോളാണിത്.
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ കൊളംബിയയ്ക്ക് അനുകൂലമായി റഫറി പെനാൽട്ടി വിധിച്ചു. ബോർഹയെ ബോക്സിനുള്ളിൽ പെറു ഗോൾകീപ്പർ ഗല്ലീസെ ഫൗൾ ചെയ്തതിനാണ് റഫറി പെനാൽട്ടി വിധിച്ചത്. 52-ാം മിനിട്ടിൽ ബോർഹ തന്നെ പെനാൽട്ടി കിക്കെടുത്തു. ഗോൾകീപ്പർ ഗല്ലീസെയെ കബിളിപ്പിച്ച് താരം അനായാസം പന്ത് വലയിലെത്തിച്ചു. ഇതോടെ സ്കോർ 1-1 എന്ന നിലയിലായി. ബോർഹയെ ഫൗൾ ചെയ്തതിന് ഗല്ലീസെയ്ക്ക് മഞ്ഞക്കാർഡും ലഭിച്ചു. സമനില ഗോൾ നേടിയതോടെ കൊളംബിയ കൂടുതൽ ആക്രണങ്ങൾ അഴിച്ചുവിട്ടു. 57-ാം മിനിട്ടിൽ പന്തുമായി ഒറ്റയ്ക്ക് മുന്നേറിയ ബോർഹ സെക്കൻഡ് പോസ്റ്റിലേക്ക് ഷോട്ടുതിർത്തെങ്കിലും പന്ത് പോസ്റ്റിന് വെളിയിലൂടെ കടന്നുപോയി. 64-ാം മിനിട്ടിൽ പെറു കൊളംബിയ്ക്കെതിരേ വീണ്ടും ലീഡെടുത്തു. ഇത്തവണ സെൽഫ് ഗോളാണ് പെറുവിന് തുണയായത്. കോർണർ കിക്കിൽ നിന്നാണ് ഗോൾ പിറന്നത്. ബോക്സിലേക്ക് കൃത്യമായി വളഞ്ഞുവന്ന കോർണർ കിക്ക് കൊളംബിയൻ താരം യേരി മിനയുടെ ശരീരത്തിൽ തട്ടി വലയിൽ കയറുകയായിരുന്നു. ഗോൾകീപ്പർ ഓസ്പിന രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പന്ത് ഗോൾവര കടന്നിരുന്നു. ഇതോടെ പെറു 2-1 എന്ന സ്കോറിന് മുന്നിലെത്തി. ഗോൾ വഴങ്ങിയതോടെ കൊളംബിയ ആക്രമണങ്ങൾ ശക്തമാക്കിയെങ്കിലും പെറു പ്രതിരോധത്തിൽ കൂടുതൽ ശ്രദ്ധ കൊടുത്തതോടെ കൊളംബിയൻ താരങ്ങളുടെ ആക്രമണങ്ങളെല്ലാം വിഫലമായി.