ഭയമില്ലാതെ അന്തിയുറങ്ങാം. അംബികയുടെ വീട് യാഥാര്‍ത്ഥ്യമായി.
കെയർ ഹോം പദ്ധതിയിലൂടെ വീട് നിർമിച്ച് നൽകി പൂമംഗലം ഗ്രാമ പഞ്ചായത്ത്.
ഇരിഞ്ഞാലക്കുട:
പൂമംഗലം പഞ്ചായത്തിലെ കോമ്പാത്ത് വീട്ടിലെ അംബികയ്ക്ക് ഇനി ഭയമില്ലാതെ അന്തിയുറങ്ങാം. സാന്ത്വന സ്പര്‍ശം പരാതി പരിഹാര അദാലത്തിലൂടെ വാക്ക് പാലിച്ച് സര്‍ക്കാര്‍. പ്രളയത്തില്‍ തകര്‍ന്ന് പോയ വീടിന് പകരം പണി പൂര്‍ത്തിയാക്കിയ പുതിയ വീടിന്റെ താക്കോല്‍ദാനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ആര്‍ ബിന്ദു നിര്‍വഹിച്ചു. സാന്ത്വനസ്പര്‍ശവും കെയര്‍ഹോമും കൈകോര്‍ത്തതോടെയാണ് അംബികയുടെ ജീവിതം സുരക്ഷിതമായത്.
നേരത്തെ താമസിച്ചിരുന്ന കൂരയ്ക്ക് അടച്ചുറപ്പുള്ള വാതിലുകളോ സുരക്ഷിതത്വമോ ഇല്ലായിരുന്നു. മഹാപ്രളയത്തില്‍ വെള്ളം കയറി നശിച്ച അവസ്ഥയിലായിരുന്നു. അവിടെയാണ് അംബിക ഒറ്റപ്പെട്ട ജീവിതം നയിച്ചിരുന്നത്. സര്‍ക്കാര്‍ നല്‍കി വന്നിരുന്ന സാമൂഹ്യ പെന്‍ഷനായിരുന്നു ഏക ആശ്രയം. ഇരിങ്ങാലക്കുടയില്‍ നടന്ന സാന്ത്വന സ്പര്‍ശം അദാലത്തില്‍ എത്തുന്നതവരെ അംബിക എന്ന അറുപത്തിരണ്ടുകാരിയുടെ ജീവിതം ഇങ്ങനെയായിരുന്നു. എന്നാല്‍ ഇന്ന് അടച്ചുറപ്പോടെ കൂടി കിടക്കാന്‍ ഒരു വീടുണ്ട് അംബികയ്ക്ക്.
ഫെബ്രുവരിയില്‍ മുന്‍ എം എല്‍ എ പ്രൊഫ. കെ യു അരുണന്‍ മാസ്റ്റര്‍ കല്ലിട്ട വീടാണ് ഇന്ന് സര്‍വ്വസൗകര്യങ്ങളോടെ വാസയോഗ്യമായിരിക്കുന്നത്. പൂമംഗലം പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ കനാല്‍ പാലം പടിഞ്ഞാറ് ഭാഗത്ത് അംബികയ്ക്ക് സ്വന്തമായുള്ള അഞ്ച് സെന്റ് സ്ഥലത്താണ് 400 സ്‌ക്വയര്‍ഫീറ്റുള്ള വീട് നിര്‍മ്മിച്ചിട്ടുള്ളത്. അഞ്ച് ലക്ഷം രൂപ മുതല്‍ മുടക്കിലാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. പൂമംഗലം സര്‍വ്വീസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെ നിര്‍മിച്ച വീട്ടില്‍ ഒരു കിടപ്പുമുറിയും അടുക്കളയും ശുചി മുറിയും ഹാളുമാണ് ഉള്ളത്. വീടിന്റെ ടൈൽ, വയറിങ് പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ എല്ലാ നിര്‍മാണ പ്രവൃത്തികളും പൂര്‍ത്തിയാക്കിയിട്ടുണ്ട്.
പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ എസ് തമ്പി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ കലക്ടര്‍ എസ് ഷാനവാസ് മുഖ്യാതിഥിയായി സംസാരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കവിതാ സുരേഷ്, ജോയിന്റ് രജിസ്ട്രാര്‍ എം ശബരിദാസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സുരേഷ് അമ്മനത്ത്, സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ എം സി അജിത്ത്, വില്ലേജ് ഓഫീസര്‍ പി പ്രമീള എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. പൂമംഗലം സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് പി ഗോപിനാഥന്‍ സ്വാഗതവും പൂമംഗലം സര്‍വ്വീസ് സഹകരണ ബാങ്ക് സെക്രട്ടറി നമിത വി മേനോന്‍ നന്ദിയും പറഞ്ഞു.