അധിക സമയത്തേക്ക് നീണ്ട മത്സരത്തിൽ വീണത് എട്ട് ഗോളുകൾ.
ക്രൂട്ട് പൊളിച്ച് സ്പാനിഷ് പട ക്വാർട്ടറിൽ (5-3).
കോപ്പൻഹേഗനിൽ:
കോപ്പൻഹേഗനിൽ നടന്ന അധിക സമയത്തേക്ക് നീണ്ടുനിന്ന മത്സരത്തിൽ ലോകകപ്പ് റണ്ണറപ്പായ ക്രൊയേഷ്യക്കെതിരെ 5-3ന് സ്‌പെയിന് ജയം.
ടൂർണമെന്റിലെ ഇതുവരെയുള്ള ഏറ്റവും മികച്ച മത്സരത്തിൽ, ആദ്യ പകുതിയിൽ തന്നെ പെഡ്രിയുടെ സെൽഫ് ഗോളിന് സ്പെയിൻ പിന്നിലായി, കീപ്പർ ഉനായ് സൈമണിന് ഒരു ബാക്ക്പാസ് നൽകിയത് കീപ്പറുടെ കൂടി പിഴവിലൂടെ സ്വന്തം വലയിൽ പതിക്കുകയായിരുന്നു.
മൂന്ന് തവണ യൂറോപ്യൻ ചാമ്പ്യൻമാരായ കാള കൂറ്റന്മാർ സമനില വീണ്ടെടുത്ത് പാബ്ലോ സരബിയ, സീസർ അസ്പിലിക്കുറ്റ, ഫെറാൻ ടോറസ് എന്നിവരിലൂടെ ഗോളുകൾ നേടി വിജയത്തിലേക്ക് നീങ്ങുകയായിരുന്ന നിമിഷം.
അവസാന ലോകകപ്പ് സെമി ഫൈനലിലെ തനിയാവർത്തനം എന്ന് തോന്നിപ്പിക്കും വിധം ക്രോട്ടുകൾ അവസാന മിനിറ്റുകളിൽ മത്സരത്തിലേക്ക് ശക്തമായി തിരിച്ചു വന്നു. ക്രൊയേഷ്യ 85-ാം മിനിറ്റിൽ മിസ്ലാവ് ഒർസിക്കിന്റെ ഗോളിലൂടെ തുടക്കമിട്ടു. അധിക സമയത്ത് നിർണായകമായ നീക്കങ്ങളിലൂടെ മരിയോ പസാലിക് തൊടുത്ത ഉഗ്രൻ ഹെഡറിലൂടെ അത്ഭുതകരമായ തിരിച്ചുവരവ് നടത്തി.
നൂറാം മിനുട്ടിൽ മൊറാട്ടയുടെ മികച്ച ഗോളിലൂടെ മത്സരത്തിലേക്ക് തിരിച്ചുവന്ന സ്പെയിൻ 103-ാമത് മിനിറ്റിൽ മൈക്കൽ ഒയാർസബാലിന്റെ ഗോളോടെ വിജയം ഉറപ്പിച്ചു.
ഈ ജയത്തോടെ യൂറോ 2012 ജയിച്ചതിനുശേഷം ഒരു പ്രധാന ടൂർണമെന്റിലെ ആദ്യ നോക്കൗട്ട് ജയമായി സ്‌പെയിൻ ആഘോഷിച്ചു.
120 മിനുട്ടുകളിലായി ജീവൻമരണ പോരാട്ടം നടത്തിയ ക്രൊയേഷ്യക്ക് തലയുയർത്തി തന്നെ മടങ്ങാം. അധിക സമയത്തിന്റെ തുടക്കത്തിൽ ക്രൊയേഷ്യ കാളകൂറ്റന്മാരെ നന്നേ വിറപ്പിച്ചു നിറുത്തി. എന്നാൽ കിട്ടിയ രണ്ട് നല്ല അവസരങ്ങളിൽ സ്കോർ ചെയ്യുന്നതിൽ മോഡ്രിച്ചും കൂട്ടരും പരാജയപ്പെട്ടു. പിന്നീട് മത്സരം തിരിഞ്ഞു, മോഡ്രിച്ച് തിരിച്ചു കയറിയതോടെ ക്രൊയേഷ്യക്ക് തിരിച്ചുവരാനുള്ള ശക്തിയില്ലാതെയായി.
"ഞങ്ങൾ ആവുന്നതെല്ലാം ചെയ്തു, തോൽവി മുന്നിൽ കണ്ട സമയം അവസാന നിമിഷം 3-3 ലേക്ക് തിരികെ കൊണ്ടു വന്നു, കുറച്ച് അവസരങ്ങളുണ്ടായിരുന്നു, പക്ഷേ അവസാനം ഞങ്ങൾക്ക് വിജയം നേടാനായില്ല. "ക്രൊയേഷ്യൻ കോച്ച് സ്ലാറ്റ്കോ ഡാലിക് കൂട്ടിച്ചേർത്തു.
ജയത്തോടെ യൂറോയിൽ തുടർച്ചയായുള്ള മത്സരങ്ങളിൽ അഞ്ചോ അതിലധികമോ ഗോളുകൾ നേടുന്ന ആദ്യ ടീമായി മാറിയ സ്പെയിൻ ക്വാർട്ടറിൽ ലോക ചാമ്പ്യൻമാരായ ഫ്രാൻസിനെ മലർത്തിയടിച്ച സ്വിറ്റ്സർലന്റുമായി നേരിടും.
ഇക്ബാൽ മുറ്റിച്ചൂർ.