കര്‍ണാടക സംഗീതജ്ഞ പാറശ്ശാല ബി പൊന്നമ്മാള്‍ (96) അന്തരിച്ചു.

തിരുവനന്തപുരം സ്വാതിതിരുനാള്‍ സംഗീത കോളജിലെ ആദ്യ വിദ്യാര്‍ഥിനിയാണ് പൊന്നമ്മാള്‍.

തിരുവനന്തപുരം:

കര്‍ണാടക സംഗീതജ്ഞ പാറശ്ശാല ബി പൊന്നമ്മാള്‍ (96) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് തിരുവനന്തപുരത്ത് വലിയശാലയിലുള്ള വസതിയിലായിരുന്നു അന്ത്യം. പദ്മശ്രീ അടക്കമുള്ള പുരസ്കാരങ്ങൾ നേടിയ അവർ തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളേജിലെ ആദ്യ വിദ്യാർത്ഥിനിയാണ്. പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ നവരാത്രി സംഗീതോത്സവത്തിൽ പാടിയ ആദ്യ വനിതയെന്ന ബഹുമതിയും നേടി.

വളരെ ചെറുപ്പത്തിൽത്തന്നെ സംഗീതവും സംസ്കൃതവും പഠിച്ച പൊന്നമ്മാൾ, അന്നത്തെ തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിരതിരുനാളിന്‍റെ പിറന്നാൾ ദിനം നടന്ന സംഗീതമത്സരത്തിൽ നന്നെ ചെറിയ കുട്ടിയായിരിക്കുമ്പോൾത്തന്നെ പങ്കെടുക്കുകയും ചെയ്തിരുന്നു. സെമ്മാങ്കുടി ശ്രീനിവായ അയ്യരടക്കമുള്ള പ്രമുഖർ വിധികർത്താക്കളായിരുന്ന ആ മത്സരത്തിൽ മുത്തുസ്വാമി ദീക്ഷിതരുടെ കല്യാണി രാഗത്തിലുള്ള 'കമലാംബം ഭജരേ' അടക്കമുള്ള കൃതികൾ പാടി ഏവരെയും വിസ്മയിപ്പിച്ചു പൊന്നമ്മാൾ. മത്സരത്തിൽ സ്വർണമെഡൽ നേടുകയും ചെയ്തു.

പാറശ്ശാല ഗ്രാമത്തില്‍ ഹെഡ്‌മാസ്റ്ററായിരുന്ന മഹാദേവ അയ്യരുടെയും ഭഗവതി അമ്മാളുടെയും മകളായി 1924 ല്‍ ജനിച്ച പൊന്നമ്മാളിനെ രാജ്യം നാല് വർഷം മുമ്പ് പദ്‌മശ്രീ നൽകി ആദരിച്ചിരുന്നു. തിരുവനന്തപുരം സ്വാതിതിരുനാള്‍ സംഗീത അക്കാദമിയിലെ ആദ്യ ബാച്ചില്‍ ഗാനപ്രവീണയും പിന്നീട് ഗാനഭൂഷണും ഒന്നാംറാങ്കോടെ പാസായി. 1942 ല്‍ മൂന്നുകൊല്ലത്തെ ഗായിക കോഴ്‌സ് കഴിഞ്ഞ് ഇറങ്ങി. സംഗീതാഭ്യാസനത്തിനിടയ്ക്ക് പതിനെട്ടാം വയസ്സില്‍ കോട്ടണ്‍ ഹില്‍ സ്‌കൂളില്‍ അധ്യാപികയായി. 1952ല്‍ സ്വാതി തിരുനാള്‍ മ്യൂസിക്ക് അക്കാദമിയില്‍ അധ്യാപികയായി ചേര്‍ന്നു. 1970ല്‍ തൃപ്പൂണിത്തറ ആര്‍എല്‍വി മ്യൂസിക്ക് ആന്‍ഡ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫൈന്‍ ആര്‍ട്ട്‌സിലെ പ്രിന്‍സിപ്പൽ ആയി. 1980ല്‍ അവിടെ നിന്നും ജോലിയില്‍ നിന്നും വിരമിച്ചു. സ്വാതി സംഗീത പുരസ്‌കാരം, ചെമ്പൈ ഗുരുവായൂരപ്പൻ പുരസ്‌കാരം, സംഗീത നാടക അക്കാദമി പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്.

Related Posts