കാരൂരിൽ സൗജന്യ മെഡിക്കൽ ഉപകരണ വിതരണ കേന്ദ്രമായ സ്പർശം ഫൗണ്ടേഷൻ പ്രവർത്തന സജ്ജമായി.

കാരൂർ:

ആളൂർ 21-ാം വാർഡിലെ സൗജന്യ മെഡിക്കൽ ഉപകരണ വിതരണ കേന്ദ്രമായ സ്പർശം ഫൗണ്ടേഷന്റെ ഓഫീസ് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. മനുഷ്യ മനസ്സിലെ നന്‍മയും കാരുണ്യവും കോര്‍ത്തിണക്കികൊണ്ടാണ് കേരളം പ്രതിസന്ധികളെ അതിജീവിച്ചതെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി പറഞ്ഞു. കാരുണ്യത്തിന്‍റെ ഉദാത്തമായ ആ മാതൃകയെ സ്വീകരിച്ച് കൊണ്ടാണ് കാരൂരിന്‍റെ ഹൃദയ ഭൂമിയില്‍ സ്പര്‍ശം ഫൗണ്ടേഷന്‍ പ്രവര്‍ത്തനമാരംഭിക്കുന്നത് എന്നത് സന്തോഷകരമാണെന്നും ഈ നാട്ടില്‍ അശരണര്‍ക്ക് അത്താണിയാകുന്ന കെടാവിളക്കായി ഈ സംഘടന വളരുന്ന നല്ല നാളുകള്‍ വന്നെത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പഞ്ചായത്ത് പ്രസിഡണ്ട് കെ ആർ ജോജോ അധ്യക്ഷത വഹിച്ച ചടങ്ങിൽ കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ മന്ത്രി വിതരണം ചെയ്തു. രോഗികൾക്കുള്ള മെഡിക്കൽ ഉപകരണങ്ങളുടെ വിതരണം പഞ്ചായത്ത് പ്രസിഡണ്ട് കെ ആർ ജോജോയും മെഡിസിൻ വിതരണം പഞ്ചായത്ത് പ്രതിപക്ഷ നേതാവ് എ സി ജോൺസനും നിർവഹിച്ചു. ചടങ്ങിൽ പങ്കെടുത്തവർക്കുള്ള തൈ വിതരണം വാർഡ് മെമ്പർ യു കെ പ്രഭാകരൻ നിർവഹിച്ചു. കൂടാതെ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജുമൈല സഗീർ, താഴെക്കാട് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് എം എസ് മൊയ്യ്തീൻ, തൃശൂർ ഡി സി സി സെക്രട്ടറി സോമൻ ചിറ്റേടത്ത്, കാരൂർ മഹല്ല് പ്രസിഡണ്ട് ഇ എം മജീദ്, കരൂർ മഹല്ല് ഖത്തീബ് സി എച്ച് എം ഫൈസൽ ബദരി തുടങ്ങിയവർ പങ്കെടുത്തു. രോഗികൾക്ക് വേണ്ട വാക്കർ, ബെഡ്, അഡ്ജസ്റ്റബിൾ കട്ടിൽ, വീൽചെയർ, ഓക്സിജൻ സിലിണ്ടർ, ഓക്സി മീറ്ററുകൾ, തുടങ്ങിയ വിവിധ ഉപകരണങ്ങൾ ഇവിടെനിന്നും ഉപയോഗത്തിനായി സൗജന്യമായി ലഭിക്കുമെന്നും സ്പർശം ഭാരവാഹികൾ അറിയിച്ചു.

Related Posts