ആലപ്പുഴ, കോട്ടയം, മലപ്പുറം, തൃശ്ശൂർ, വയനാട്, എറണാകുളം, പത്തനംതിട്ട എന്നിവയാണ് വ്യാപനം കൂടിയ ജില്ലകൾ.
കേരളത്തിൽ കൊവിഡ് ഒരാളിൽ നിന്ന് 1.2 ആളുകളിലേക്ക് എന്ന നിരക്കിൽ കൂടിയതായി കേന്ദ്രം.
ന്യൂഡൽഹി: കേരളത്തിൽ കൊവിഡ് വ്യാപനം കൂടിയതായി കേന്ദ്രം. വീണ്ടുമൊരു താരംഗത്തിന്റെ സൂചനയണിതെന്നും കേന്ദ്രം കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് ഒരു കൊവിഡ് രോഗിയിൽ നിന്ന് 1.2 ആളുകളിലേക്കാണ് ഇപ്പോൾ വൈറസ് പടരുന്നത്. വൈറസിന്റെ വ്യാപനനിരക്ക് ഏറ്റവും കൂടുതൽ കേരളത്തിലാണെന്ന് നീതി ആയോഗ് അംഗം ഡോ. വി.കെ. പോൾ പറഞ്ഞു.
കൊവിഡ് അതിവേഗം കൂടിക്കൊണ്ടിരിക്കുന്ന 22 ജില്ലകളിൽ ഏഴെണ്ണം കേരളത്തിൽ ആണ്. ആലപ്പുഴ, കോട്ടയം, മലപ്പുറം, തൃശ്ശൂർ, വയനാട്, എറണാകുളം, പത്തനംതിട്ട എന്നിവയാണ് ഈ ജില്ലകൾ. കഴിഞ്ഞ നാലാഴ്ചയായി ഈ ജില്ലകളിൽ രോഗം വൻതോതിൽ കൂടി. ജൂൺ 28 മുതലുള്ള നാലാഴ്ചത്തെ കണക്കനുസരിച്ച് മലപ്പുറത്ത് 59 ശതമാനവും തൃശ്ശൂരിൽ 47 ശതമാനവും എറണാകുളത്ത് 46 ശതമാനവും കോട്ടയത്ത് 63 ശതമാനവും വർധനയുണ്ടായി. ഈ പശ്ചാത്തലത്തിൽ രോഗം നിയന്ത്രിക്കാൻ സംസ്ഥാനവുമായി നിരന്തര സമ്പർക്കത്തിലാണെന്ന് ആരോഗ്യമന്ത്രാലയം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അനാവശ്യയാത്രകൾ, ആൾക്കൂട്ടം, ആഘോഷം എന്നിവ ഒഴിവാക്കണം. കേരളത്തിലെ മരണനിരക്ക് ആശ്വസിക്കാവുന്ന തോതിലാണെങ്കിലും വൈറസിന്റെ അതിവേഗ വ്യാപനം ആശങ്കയുണ്ടാക്കുന്നുണ്ട്. വൈറസിന് വീണ്ടും വകഭേദം സംഭവിച്ചേക്കാം. സമീപ ജില്ലകളിലും രോഗം കൂടാനിടയുണ്ട്. രോഗം വളരെ കുറഞ്ഞിരുന്ന അവസ്ഥയിൽ നിന്നാണ് ഈ വർധനയുണ്ടായത് എന്നത് ആശങ്കയ്ക്കു കാരണമാണ്. രണ്ടാംതരംഗം അവസാനിച്ചിട്ടുപോലുമില്ലെന്ന് ഓർക്കണമെന്നും ഡോ പോൾ കൂട്ടിച്ചേർത്തു.