മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ പ്രതിപാദിച്ച വിഷയങ്ങൾ ചുരുക്കത്തിൽ.
കേരളത്തിൽ വാക്സിൻ സൗജന്യമായിരിക്കുമെന്ന് മുഖ്യമന്ത്രി.
കോവിഡ് രണ്ടാംഘട്ട വ്യാപനം രാജ്യത്താകെ ശക്തമായി തുടരുകയാണ്. ഒന്നാം ഘട്ടത്തിലുണ്ടായിരുന്നതിനേക്കാള്‍ ഉയര്‍ന്ന തോതില്‍ രോഗവ്യാപനം ഉണ്ടാകുന്നു. ഇത് ഇവിടത്തെ മാത്രം അവസ്ഥയല്ല. ലോകത്താകെ ഏകദേശം 30 ലക്ഷം ആളുകളാണ് കോവിഡ് ബാധിച്ച് ഇതുവരെ മരണപ്പെട്ടത്. നമ്മുടെ രാജ്യത്ത് രണ്ടാമത്തെ കോവിഡ് തരംഗം ആരോഗ്യവിദഗ്ധരുടെ പോലും പ്രതീക്ഷകള്‍ക്കപ്പുറത്തുള്ള വേഗം ആര്‍ജിച്ചിരിക്കുന്നു.
മലപ്പുറം, കണ്ണൂര്‍, കോഴിക്കോട്, കോട്ടയം, തൃശൂര്‍, എറണാകുളം, കാസര്‍കോട് എന്നീ ജില്ലകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് താരതമ്യേന കൂടുതലാണ്. ഈ ജില്ലകളില്‍ കൂടുതല്‍ ശക്തമായ നിയന്ത്രണ മാര്‍ഗങ്ങളാണ് അവലംബിക്കുന്നത്.
ആശങ്കാജനകമായ സാഹചര്യമാണ് ഉടലെടുക്കുന്നത്. ജാഗ്രതയോടെ ഈ രോഗത്തെ മികച്ച രീതിയില്‍ തടഞ്ഞുനിര്‍ത്താന്‍ ആകുമെന്ന് ലോകത്തിനു മുന്നില്‍ തെളിയിച്ച ജനതയാണ് നമ്മള്‍. ആ അനുഭവപാഠമാണ് കരുത്താകേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തില്‍ ഒന്നാമത്തെ തരംഗത്തിന്‍റെ സമയത്ത് സ്വീകരിച്ച നയം പരമാവധി ആളുകളെ രോഗം പിടിപെടാതെ സംരക്ഷിക്കുക എന്നതായിരുന്നു. അതോടൊപ്പം രോഗബാധിതരാകുന്നവര്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കുക. അതുകൊണ്ട് ഇന്ത്യയില്‍ ഏറ്റവും ആദ്യം കോവിഡ് റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനമായിട്ടും ഏറ്റവും അവസാനം മാത്രം രോഗവ്യാപനം ഉച്ചസ്ഥായിയില്‍ എത്തിയ സംസ്ഥാനമായി കേരളം മാറി. 11 ശതമാനത്തില്‍ താഴെ ആളുകള്‍ക്കാണ് കേരളത്തില്‍ ആദ്യത്തെ തരംഗത്തില്‍ കോവിഡ് ബാധിച്ചത്. ഇന്ത്യന്‍ ശരാശരി 25 ശതമാനമാണ്. പല സംസ്ഥാനങ്ങളിലും അത് 40 ശതമാനത്തിനരികില്‍ വരെയെത്തി. വയോജനങ്ങളുടേയും കോവിഡ് അപകടകരമാകാവുന്ന രോഗാവസ്ഥയുള്ളവരുടേയും സാന്നിധ്യം ഏറ്റവും കൂടുതല്‍ ഉള്ള സംസ്ഥാനമായിട്ടും വളരെ കുറഞ്ഞ മരണ നിരക്ക് നിലനിര്‍ത്താനും നമുക്ക് സാധിച്ചു എന്ന് അദ്ദേഹം പറഞ്ഞു
രോഗവ്യപാനം ഉണ്ടായാല്‍ നേരിടാന്‍ ആരോഗ്യ സംവിധാനങ്ങള്‍ക്കുണ്ടാകേണ്ട 'സര്‍ജ് കപ്പാസിറ്റി' നന്നായി ഉയര്‍ത്താന്‍ നമുക്ക് സാധിച്ചിട്ടുണ്ട്. ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകള്‍, സെക്കന്‍റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകള്‍, ഡിസ്ട്രിക്റ്റ് കോവിഡ് സെന്‍ററുകള്‍ എന്നിവയെല്ലാം ചേര്‍ന്ന് 2249 കേന്ദ്രങ്ങളിലായി 199256 ബെഡുകള്‍ സജ്ജമാണ്. ഇതിനു പുറമേ, കോവിഡ് ചികിത്സ നല്‍കാന്‍ തയ്യാറായ 136 സ്വകാര്യ ആശുപത്രികളിലായി 5713 ബെഡുകളും ലഭ്യമാണ്.
കഴിഞ്ഞ തരംഗത്തില്‍ 'ഡിലേ ദ പീക്ക്' എന്ന നയമാണ് സ്വീകരിച്ചതെങ്കില്‍, ഇത്തവണ 'ക്രഷ് ദ കര്‍വ്' എന്ന സ്ട്രാറ്റജിയാണ് സ്വീകരിച്ചിട്ടുള്ളത്. പ്രധാനമാായും മൂന്നു കാര്യങ്ങളാണ് ഇതിന്‍റെ ഭാഗമായി വരുന്നത്.
ഒന്നാമത്തേത് 'ബാക് റ്റു ബേസിക്സ്' അഥവാ അടിസ്ഥാനങ്ങളിലേയ്ക്ക് തിരിച്ചുപോവുക എന്നതാണ്. മാസ്ക് ധരിച്ചും സാമൂഹ്യഅകലം പാലിച്ചും കൈകള്‍ ഇടയ്ക്കിടെ ശുചിയാക്കിയും ഓരോരുത്തരും അവനവനു ചുറ്റും സുരക്ഷാകവചം തീര്‍ക്കുക എന്നതാണത്.
മാസ്കുകള്‍ ശരിയായ രീതിയില്‍ ധരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. അതോടൊപ്പം 'ബ്രേയ്ക്ക് ദ ചെയിന്‍' കൂടുതല്‍ ശക്തമാക്കിത്തന്നെ മുന്‍പോട്ടു പോകണം. അക്കാര്യം ഉറപ്പുവരുത്താന്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ മുന്‍കൈ എടുക്കണം.
രണ്ടാമത്തെ പ്രധാന കാര്യം മൂന്ന് 'സി'കള്‍ ഒഴിവാക്കുക എന്നതാണ്. ക്രൗഡിങ്ങ് (ആളുകള്‍ കൂട്ടം ചേരുന്നത്), ക്ളോസ്ഡ് സ്പേയ്സസ് (അടഞ്ഞ സ്ഥലങ്ങള്‍), ക്ളോസ് കോണ്ടാക്ട്സ്
(അടുത്ത് ഇടപഴകല്‍) എന്നിവ ഒഴിവാക്കേണ്ടത് അനിവാര്യമാണ്. രോഗവ്യാപനത്തിന്‍റെ തോത് ശക്തമായിരിക്കുന്ന സാഹചര്യത്തില്‍ ആളുകള്‍ കൂട്ടം ചേരുന്ന പരിപാടികള്‍ പരമാവധി ഒഴിവാക്കുന്നതാകും ഉചിതം. പ്രോട്ടോക്കോള്‍ പ്രകാരം അനുവദനീയമായതില്‍ കവിഞ്ഞ എണ്ണം ആളുകള്‍ കൂടുന്ന ഒരു പരിപാടിയും സംഘടിപ്പിക്കാന്‍ പാടുള്ളതല്ല.
വാക്സിനേഷന്‍ പരമാവധി ആളുകള്‍ക്ക് ഏറ്റവും വേഗത്തില്‍ നല്‍കുക എന്നതാണ് മൂന്നാമത്തെ കാര്യം. ഇന്ത്യയില്‍ വാക്സിന്‍ ഒട്ടും തന്നെ പാഴാക്കാതെ ഏറ്റവും വേഗത്തില്‍ വിതരണം ചെയ്യുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. ഒരു ദിവസം മൂന്നര ലക്ഷത്തിലധികം ആളുകള്‍ക്ക് വാക്സിന്‍ നല്‍കാനുള്ള സംവിധാനം ഇതിനകം നമ്മള്‍ ഒരുക്കിയിട്ടുണ്ട്. വാക്സിനുകളുടെ ദൗര്‍ലഭ്യമാണ് ഇപ്പോള്‍ നേരിടുന്ന പ്രധാന പ്രശ്നം. ഈ പ്രതിസന്ധി തക്ക സമയത്തു തന്നെ കേന്ദ്രഗവണ്‍മെന്‍റിനെ അറിയിച്ചിട്ടുണ്ട്.
ചില ക്രമീകരണങ്ങള്‍ വരുത്തുകയും നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കുകയും ചെയ്യും.
രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിന് അനുസരിച്ച് ചികിത്സാ സൗകര്യം ഒരുക്കുന്നതിന് മുന്‍ഗണന നല്‍കും. ഒരു താലൂക്കില്‍ ഒരു
സിഎഫ്എല്‍ടിസി എങ്കിലും ഉണ്ടാകും. സിഎഫ് എല്‍ടിസികള്‍ ഇല്ലാത്ത താലൂക്കുകളില്‍ ഉടനെ സജ്ജമാക്കും. രോഗികളുടെ വര്‍ധനവിനനുസരിച്ച് കൂടുതല്‍ സിഎഫ്എല്‍ടിസികള്‍ തുറക്കും. 35 ശതമാനത്തിന് മുകളില്‍ കോവിഡ് വ്യാപനം ഉള്ള സ്ഥലങ്ങളില്‍ യുദ്ധകാലടിസ്ഥാനത്തില്‍ ഇടപെടല്‍ നടത്തും.
കോവിഡ് ആശുപത്രികള്‍ നിരീക്ഷിക്കാന്‍ സംസ്ഥാന തലത്തില്‍ ടാസ്ക് ഫോഴ്സ് രൂപീകരിക്കും. ഇതിനായി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഓരോ ദിവസങ്ങളിലും സ്ഥിതിഗതികള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യണം എന്ന് നിര്‍ദേശിച്ചു.
ഓണ്‍ലൈനില്‍ ബുക്ക് ചെയ്തു അറിയിപ്പ് ലഭിച്ചവര്‍ മാത്രം കേന്ദ്രത്തില്‍ എത്തുന്ന സംവിധാനമുണ്ടാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി.
കോവിഡ് ബോധവല്‍ക്കരണം ശക്തിപ്പെടുത്തണം. അതിനായി ക്യാമ്പയിന്‍ നടത്തണം. എസ്എംഎസ് ക്യാമ്പയിനുകള്‍ ശക്തിപ്പെടുത്തും. ഇക്കാര്യത്തില്‍ തദ്ദേശസ്ഥാപനങ്ങളുടെ ഇടപെടല്‍ ഏറ്റവും പ്രധാനമാണ്.
ജനങ്ങൾക്ക് ഉച്ചഭാഷിണി വഴിയുള്ള മുന്നറിയിപ്പുനല്‍കല്‍, ആവശ്യമായ നോട്ടീസ്, പോസ്റ്ററുകള്‍ ഒട്ടിക്കല്‍ എന്നിവ തദ്ദേശ സ്ഥാപന പരിധിയില്‍ സംഘടിപ്പിക്കണം. വായനശാല, ക്ലബ്ബുകള്‍ തുടങ്ങി ആളുകള്‍ എത്തിച്ചേരുന്ന പൊതുഇടങ്ങളില്‍ ആ പ്രദേശത്തെ കോവിഡ് അവസ്ഥ പ്രദര്‍ശിപ്പിക്കാനും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും തദ്ദേശസ്ഥാപനങ്ങള്‍ തയ്യാറാകണം.
ഏപ്രില്‍ 24ന് ശനിയാഴ്ച അവധി നല്‍കും. അന്ന് നടക്കേണ്ട ഹയര്‍ സെക്കന്‍ഡറി പരീക്ഷക്ക് മാറ്റമുണ്ടാവില്ല.
24, 25 തീയതികളില്‍ അത്യാവശ്യ സര്‍വീസുകള്‍ മാത്രമാകും ഉണ്ടാവുക. നേരത്തെ നിശ്ചയിച്ച കല്യാണം, ഗൃഹപ്രവേശം പോലുള്ള ചടങ്ങുകളെ ഈ നിയന്ത്രണത്തില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍, ഇത്തരം ചടങ്ങുകള്‍ക്ക് 75 പേര്‍ എന്ന പരിധിയാണ് ഇപ്പോള്‍ നിശ്ചയിച്ചിട്ടുള്ളത്. പങ്കാളിത്തം എത്രത്തോളം കുറക്കാന്‍ പറ്റുമോ അത്രയും കുറക്കുന്നത് നല്ലതാകും. സാഹചര്യം വിലയിരുത്തി ഈ പരിധി കുറക്കുന്ന കാര്യവും ആലോചിക്കും.
എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമേ പാടുള്ളു. ട്യൂഷന്‍ സെന്‍ററുകള്‍ നടത്തേണ്ടതില്ല. സമ്മര്‍ ക്യാമ്പുകള്‍ എവിടെയെങ്കിലും ഉണ്ടെങ്കില്‍ അതും തുടരേണ്ടതില്ല.
ബീച്ച്, പാര്‍ക്ക് എന്നിവിടങ്ങളില്‍ പ്രോട്ടോക്കോള്‍ പാലിക്കുന്നത് പൂര്‍ണമായും ഉറപ്പാക്കണം. പോലീസ് സെക്ടര്‍ മജിസ്ട്രേറ്റുമാര്‍ ഇക്കാര്യം ഉറപ്പാക്കും.
രാത്രികാല നിയന്ത്രണം ശക്തമായി തുടരും. എന്നാല്‍ രാത്രികാലങ്ങളില്‍ ഭക്ഷണത്തിന് വിഷമം ഉണ്ടാകാതെ ശ്രദ്ധിക്കണം. നോമ്പുകാലത്തും മറ്റും ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിക്കുന്നവരുണ്ടാകും. അവർക്ക് ബുദ്ധിമുട്ടുണ്ടാകാതെ ശ്രദ്ധിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.