കേരള സർക്കാരിനെ പ്രശംസിച്ച് ഹൈക്കോടതി.

ആര്‍ ടി പി സി ആര്‍ പരിശോധനയുടെ നിരക്ക് കുറച്ച സർക്കാര്‍ നടപടി പ്രശംസനീയമെന്ന് ഹൈക്കോടതി.

എറണാകുളം:

സ്വകാര്യ ആശുപത്രികളിൽ ആര്‍ ടി പി സി ആര്‍ പരിശോധന നിരക്ക് കുറച്ചുകൊണ്ടുള്ള സർക്കാര്‍ നടപടി പ്രശംസനീയമെന്ന് ഹൈക്കോടതി. പരിശോധന നിരക്ക് കുറയ്ക്കണം എന്നാവശ്യപ്പെട്ട് ഷാഫി പറമ്പിൽ അടക്കം നൽകിയ ഹർജിയിലാണ് പ്രശംസ. നിരക്ക് കുറച്ച് ഉത്തരവ് ഇറക്കിയെന്ന് സർക്കാർ കോടതിയെ അറിയിച്ചു.

സർക്കാരിന്റെ മുൻ ഉത്തരവ് സ്വകാര്യ ആശുപത്രികൾ പാലിക്കുന്നില്ല. 10 പേരുള്ള വാർഡിൽ ഓരോ രോഗിയിൽ നിന്നും പി പി ഇ കിറ്റിനുള്ള പണം ഈടാക്കരുതെന്ന് കോടതി നിര്‍ദ്ദേശിച്ചു. രണ്ടാം തരംഗം കൂടുതൽ ആളുകളെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കും. അതിനാൽ സർക്കാർ ഒരു പോളിസി കൊണ്ടുവരുന്നതാണ് ഉചിതം. ഏറെ പൊതുതാല്പര്യം ഉള്ള ഒരു വിഷയമാണ് ഇതെന്നും കോടതി അറിയിച്ചു.

അതേസമയം സ്വകാര്യ ആശുപത്രിയിൽ കൊവിഡ് ചികിത്സയ്ക്ക് അമിത ഫീസ് ഈടാക്കുന്നത് ഇത് ഏറെ ഗൗരവമുള്ള വിഷയമാണെന്ന് ഹൈക്കോടതി. കൊവിഡ് ചികിത്സയ്ക്ക് ആശുപത്രികൾ അമിത നിരക്ക് ഈടാക്കുന്നു എന്ന് വ്യാപക പരാതികൾ ലഭിച്ചിട്ടുണ്ടെന്നും ഓരോ രോഗിയും പ്രതിദിനം രണ്ട് പി പി ഇ കിറ്റുകളുടെ പണം വരെ നൽകേണ്ടിവരുന്നുവെന്നും ഹൈക്കോടതി പറഞ്ഞു. വിവിധ പേരുകളിലാണ് ആശുപത്രികൾ ഇത്തരത്തിൽ അധിക നിരക്ക് ഈടാക്കുന്നതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. സർക്കാർ റിപ്പോർട്ട്‌ രേഖപ്പെടുത്തിയ കോടതി ഹർജികൾ തീർപ്പാക്കി. ടെസ്റ്റുകൾ ആവശ്യസേവന നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തുന്ന കാര്യത്തിൽ സർക്കാരിന് തീരുമാനം എടുക്കാമെന്ന് കോടതി പറഞ്ഞു.

Related Posts