കുട്ടികളെ കോളേജുകളിലേക്ക് അയയ്ക്കുന്നതിൽ ആശങ്കയറിയിച്ച് രക്ഷിതാക്കളും സാമൂഹിക മാധ്യമങ്ങളിൽ പ്രതികരിക്കുന്നുണ്ട്.
കേരള സർവകലാശാല പരീക്ഷ നാളെമുതൽ; സമൂഹിക മാധ്യമങ്ങളിലൂടെ എതിർപ്പുമായി വിദ്യാർത്ഥികൾ.
തിരുവനന്തപുരം :
സമൂഹിക മാധ്യമങ്ങളിലൂടെ പരീക്ഷയ്ക്കെതിരേ പ്രചാരണവുമായി വിദ്യാർഥികൾ. കേരള സർവകലാശാല പരീക്ഷകൾ തിങ്കളാഴ്ച തുടങ്ങാനിരിക്കെയാണ് സമൂഹിക മാധ്യമങ്ങളിലൂടെ പ്രതിക്ഷേധം ശക്തമാവുന്നത്. കൊവിഡ് വ്യാപനം ആശങ്കയുയർത്തുമ്പോഴും പരീക്ഷ നേരിട്ട് നടത്തണമെന്ന കടുംപിടിത്തം ഒഴിവാക്കണമെന്നാണ് ആവശ്യം. കുട്ടികളെ കോളേജുകളിലേക്ക് അയയ്ക്കുന്നതിൽ ആശങ്കയറിയിച്ച് രക്ഷിതാക്കളും സാമൂഹിക മാധ്യമങ്ങളിൽ പ്രതികരിക്കുന്നുണ്ട്.
‘പരീക്ഷയെഴുതുന്നതിൽ ഞങ്ങൾക്കൊരു വൈമനസ്യവുമില്ല, പക്ഷേ, എന്തുറപ്പിന്മേലാണ് കോളേജിലേക്കെത്തേണ്ടത്. പൊതുഗതാഗതം താറുമാറായി കിടക്കുമ്പോൾ എങ്ങനെയാണെത്തേണ്ടത്. തിങ്കളാഴ്ചതന്നെയാണ് കേരള സാങ്കേതികസർവകലാശാല പരീക്ഷയും തുടങ്ങുന്നത്. എന്നാലത് ഓൺലൈനായാണ് നടത്തുന്നത്. 15 മാസത്തോളമായി ഓൺലൈനായാണ് ക്ലാസുകൾ നടക്കുന്നത്. പിന്നെയെന്തിനാണ് നേരിട്ടുതന്നെ പരീക്ഷ നടത്തണമെന്ന പിടിവാശി.’ ഇങ്ങനെ തുടരുന്നു വിദ്യാർഥികളുടെ ആശങ്കകളും ആവശ്യങ്ങളും. പരീക്ഷ നടത്താനുള്ള തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് യൂണിവേഴ്സിറ്റിക്ക് കീഴിലെ വിവിധ കോളേജുകളിലെ വിദ്യാർഥികൾ വാട്സാപ്പ് കൂട്ടായ്മകൾ ഉണ്ടാക്കിയിട്ടുണ്ട്. പലതവണ മന്ത്രിമാരെയും ഉന്നത ഉദ്യോഗസ്ഥരെയും നേരിട്ടുവിളിച്ച് ആശങ്ക പങ്കുവെച്ചെങ്കിലും ആരും തങ്ങളെ മനസ്സിലാക്കുന്നില്ലെന്നാണ് വിദ്യാർഥികൾ പറയുന്നത്. സമൂഹിക മാധ്യമങ്ങളിലൂടെ, പരീക്ഷ സംഘടിപ്പിക്കുന്നതിലെ അഭിപ്രായംതേടി വിദ്യാർഥികൾ സർവേ വരെ സംഘടിപ്പിച്ചു. നിലവിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയുമൊക്കെ ഫെയ്‌സ് ബുക്ക് പോസ്റ്റിനുകീഴിൽ കൂട്ടമായി കമൻറ് രേഖപ്പെടുത്തിയും വിദ്യാർഥികൾ പ്രതിഷേധം പങ്കുവയ്ക്കുന്നു.
നേരത്തേ കോൺഗ്രസ് എം പി ശശി തരൂർ പ്രശ്നത്തിൽ വിദ്യാർഥികൾക്ക് പിന്തുണയുമായെത്തിയിരുന്നു. 60 ശതമാനം വിദ്യാർഥികളും കൊവിഡ് സാഹചര്യങ്ങളിൽ വിഷാദത്തിന്റെ പിടിയിലാണെന്ന സൈക്കോളജിക്കൽ റിസർച്ച് സെന്ററിന്റെ പഠനം ചൂണ്ടിക്കാട്ടി അദ്ദേഹം പങ്കുെവച്ച ട്വീറ്റിന് വലിയ സ്വീകാര്യതയാണ് വിദ്യാർഥികളിൽ നിന്ന് ലഭിച്ചത്. ഒന്നു കൂടി ചിന്തിച്ച് തീരുമാനം എടുക്കണമെന്ന് ഗവർണറോടും മുഖ്യമന്ത്രിയോടും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.