കാര്‍ഷികരംഗത്ത് വിപ്ലവ കുതിപ്പുമായി പുനര്‍ജ്ജനി.
തൃശ്ശൂർ:
യുവാക്കളെയും വിദ്യാര്‍ത്ഥികളെയും കൃഷിയിലേക്ക് ആകര്‍ഷിക്കുന്നതിനും കാര്‍ഷിക സ്വയംപര്യാപ്തയിലേക്ക് മാറ്റിയെടുക്കുന്നതിനുമായി ജില്ലയില്‍ പുനര്‍ജ്ജനി പദ്ധതിക്ക് തുടക്കമായി. സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച സുഭിക്ഷ കേരളം പദ്ധതിയുമായി ചേര്‍ന്ന് കൈറ്റ്സ് ഫൗണ്ടേഷനാണ് പുനര്‍ജ്ജനി കാര്‍ഷിക പദ്ധതി നടപ്പിലാക്കുന്നത്. വീടുകളില്‍ പച്ചക്കറികള്‍ കൃഷി ചെയ്ത് കാര്‍ഷിക രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കാന്‍ യുവസമൂഹത്തെ പ്രാപ്തരാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
കാര്‍ഷിക വെബിനാറുകള്‍, കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് പുനര്‍ജ്ജനി പോര്‍ട്ടല്‍, വിവിധ കലാമത്സരങ്ങള്‍, മികച്ച യുവ കര്‍ഷകര്‍ക്ക് പുനര്‍ജ്ജനി അവാര്‍ഡുകള്‍ എന്നിങ്ങനെ രണ്ട് മാസക്കാലം നീണ്ടുനില്‍ക്കുന്ന വ്യത്യസ്ത പദ്ധതികളാണ് കൈറ്റ്സ് ഫൗണ്ടേഷന്‍ പുനര്‍ജ്ജനി പദ്ധതിയില്‍ ആവിഷ്കരിച്ചിരിക്കുന്നത്.
പുനര്‍ജ്ജനി കാര്‍ഷിക പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം എം എല്‍ എ കെ കെ രാമചന്ദ്രന്‍ പറപ്പൂക്കര ഗ്രാമ പഞ്ചായത്തിലെ നെടുമ്പാളില്‍ നിര്‍വഹിച്ചു. 'ഭക്ഷ്യ സ്വയംപര്യാപ്തതക്ക് യുവസമൂഹം മണ്ണിനോടും പ്രകൃതിയോടും ഇഴുകി ചേരുകയും കാര്‍ഷികവൃത്തിയില്‍ അധിഷ്ഠിതമായ ഒരു തലമുറ വളര്‍ന്നു വരികയും ചെയ്യേണ്ടത് അനിവാര്യമാണ് അദ്ദേഹം അഭിപ്രായപ്പെട്ടു. പുനര്‍ജ്ജനി പോലെയുള്ള മാതൃകാപരമായ പദ്ധതികളിലൂടെ കൃഷിയുടെ പ്രാധാന്യം യുവജനങ്ങളില്‍ എത്തിക്കാന്‍ കൈറ്റ്സ് ഫൗണ്ടേഷന് കഴിയട്ടെ' എന്നും അദ്ദേഹം ആശംസിച്ചു.