കൊളംബിയയെ സമനിലയില്‍ തളച്ച് വെനസ്വേല.

ഗോയിയാനിയ:
കോപ്പ അമേരിക്കയിൽ ഗ്രൂപ്പ് എ യിൽ നടന്ന മത്സരത്തിൽ കൊളംബിയയെ ഗോൾരഹിത സമനിലയിൽ തളച്ച് വെനസ്വേല. വെനസ്വേലയുടെ ഗോൾകീപ്പർ വുളിക്കർ ഫാരിനെസിന്റെ ഉജ്ജ്വല സേവുകളാണ് കൊളംബിയയുടെ വിജയം നിഷേധിച്ചത്. ടീമിലെ 12 താരങ്ങൾക്ക് കൊവിഡ് ബാധിച്ചതു മൂലം രണ്ടാം നിര ടീമുമായി കളിക്കാനിറങ്ങിയ വെനസ്വേല മികച്ച പ്രകടനമാണ് കൊളംബിയയ്ക്കെതിരേ പുറത്തെടുത്തത്.
മറുവശത്ത് കൊളംബിയ നിരവധി മികച്ച അവസരങ്ങൾ നശിപ്പിച്ചാണ് സമനില വഴങ്ങിയത്. ടീമിലെ 12 താരങ്ങൾക്ക് കൊവിഡ് ബാധിച്ചതിനാൽ പകരക്കാരെ വെച്ച് കളിച്ച വെനസ്വേലയുടെ കളിയിൽ ആ പോരായ്മ പ്രകടമായിരുന്നു. മത്സരത്തിന്റെ തുടക്കം മുതൽ കൊളംബിയ ആധിപത്യം പുലർത്തി. മൂന്നാം മിനിട്ടിൽ തന്നെ മികച്ച അവസരം കൊളംബിയയുടെ ഉറിബെയ്ക്ക് ലഭിച്ചെങ്കിലും താരത്തിന് അത് ഗോളാക്കി മാറ്റാനായില്ല. പിന്നാലെ നിരന്തരം ആക്രമണം അഴിച്ചുവിട്ട് വെനസ്വേല ഗോൾമുഖത്ത് ഭീതി ജനിപ്പിക്കാൻ കൊളംബിയയ്ക്ക് കഴിഞ്ഞു.
13-ാം മിനിട്ടിൽ തുറന്ന അവസരം ലഭിച്ചിട്ടുപോലും അത് ഗോളാക്കി മാറ്റാൻ കൊളംബിയയ്ക്ക് സാധിച്ചില്ല. വെനസ്വേലയുടെ യുവ ഗോൾകീപ്പർ വുളിക്കർ ഫാരിനെസിന്റെ ഉജ്ജ്വല സേവുകളും കൊളംബിയയ്ക്ക് വിലങ്ങുതടിയായി. ആദ്യ പകുതിയിൽ കാര്യമായ ചലനങ്ങൾ സൃഷ്ടിക്കാൻ ഇരുടീമുകൾക്കും സാധിച്ചില്ല.
രണ്ടാം പകുതിയിലും സ്ഥിതി മറിച്ചായിരുന്നില്ല. കൊളംബിയ മികച്ച ആക്രമണങ്ങളുമായി കളം നിറഞ്ഞു. പക്ഷേ ഫിനിഷിങ്ങിലെ പോരായ്മകൾ ടീമിന് തിരിച്ചടിയായി. സൂപ്പർ താരം ഹാമിഷ് റോഡ്രിഗസിന്റെ വിടവ് കളിയിലുടനീളം പ്രകടമായി.
53-ാം മിനിട്ടിൽ കൊളംബിയയുടെ ഉറിബെയുടെ തകർപ്പൻ ബൈസിക്കിൾ കിക്ക് അവിശ്വസനീയമായി തട്ടിയകറ്റി വെനസ്വേല ഗോൾകീപ്പർ ഫാരിനെസ് ആരാധകരുടെ മനം കവർന്നു. ഗോളെന്നുറച്ച ഷോട്ടായിരുന്നു അത്.
ഗോളടിക്കാനായി താരങ്ങളെ കൊളംബിയ മാറ്റി പരീക്ഷിച്ചെങ്കിലും ഫാരിനെസിന്റെ മികച്ച സേവുകൾക്ക് മുമ്പിൽ അതെല്ലാം വിഫലമായി. കളിയവസാനിക്കുന്നതിന് തൊട്ടുമുൻപ് ലൂയിസ് ഡയസ് ചുവപ്പു കാർഡ് കണ്ട് പുറത്തായത് കൊളംബിയയ്ക്ക് തിരിച്ചടിയായി. വൈകാതെ മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചു.