കളമെഴുത്തിൽ ജീവിതം സമർപ്പിച്ച കലാകാരിക്ക് തിരുവോണത്തലേന്ന് സാംസ്കാരിക പ്രവർത്തകരുടെ ആദരം.

തൃപ്രയാർ :

പുള്ളുവൻ പാട്ടിനും കളമെഴുത്തിനും ജീവിതം സമർപ്പിച്ച നാടൻ കലാകാരിക്ക് തിരുവോണത്തലേന്ന് സ്നേഹാദരം. ഓർമ്മ വെച്ച നാൾ മുതൽ പുള്ളുവൻ പാട്ടിന്റെ തുടികളും സർപ്പക്കളത്തിലെ വർണ്ണങ്ങളും ജീവിതത്തിൽ ചാലിച്ച നാടൻ കലാകാരി തളിക്കുളം ഗ്രാമപഞ്ചായത്തിലെ പുത്തൻ വീട്ടിൽ അംബികയെയാണ് യുവ കലാ സാഹിതി തൃപ്രയാർ മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഗൃഹാങ്കണത്തിൽ ആദരിച്ചത്.

പുള്ളുവൻപാട്ട് പാടാനറിയുന്ന പെണ്ണായിരുന്നതിനാലായിരുന്നു ബാല പുള്ളുവന്റെ മകനായ ഉണ്ണികൃഷ്ണൻ തന്നെ ജീവിത സഖിയാക്കിയതെന്ന ഓർമ്മയിൽ, ആദരവേളയിൽ അംബിക വിതുമ്പി. മകൻ കണ്ണനും അമ്മയുടെ വഴിയിൽ പുള്ളുവൻ പാട്ട് കലയിൽ ജീവിതം സമർപ്പിച്ചിരിക്കുകയാണ്.

കൊവിഡ് കാലത്ത് കലാകാരന്മാരോടൊപ്പം എന്ന പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ഗൃഹാങ്കണ ആദരം കേരള മഹിളാസംഘം ജില്ലാ സെക്രട്ടറിയും യാത്രാ ഗ്രന്ഥങ്ങളുടെ എഴുത്തുകാരിയുമായ എം സ്വർണ്ണലത ടീച്ചർ ഉദ്ഘാടനം ചെയ്തു. സി കെ ബിജോയ്‌ അധ്യക്ഷതയ വഹിച്ച ചടങ്ങിൽ യുവകലാസാഹിതി സംസ്ഥാന കമ്മറ്റി അംഗം വി ആർ പ്രഭ, സജിനപർവിൻ എഴുത്തുകാരൻ ലാൽ കച്ചില്ലം, കണ്ണൻ വലപ്പാട്, കുറുവത്ത് സിദ്ധൻ എന്നിവർ സംസാരിച്ചു.

Related Posts