കുഴിങ്ങര - തെക്കിനിയേടത്ത് പടി നവീകരണം: എൻ കെ അക്ബർ എംഎൽഎയുടെ ഇടപെടൽ മൂലം പരിഹാരം.

ചാവക്കാട് :

ശക്തമായ മഴയിൽ റോഡിന്റെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി ദിവസങ്ങളോളം ഗതാഗതം തടസ്സപ്പെടാറുള്ള കുഴിങ്ങര - തെക്കിനിയേടത്ത് റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് നടപടിയാകുന്നു. കാലങ്ങളായുള്ള നാട്ടുകാരുടെ ദുരിതത്തിനാണ് ഇതോടെ അറുതി വരുന്നത്. എൻ കെ അക്ബർ എംഎൽഎയുടെ ഇടപെടൽ മൂലമാണ് അടിയന്തര നടപടിയായത്. പ്രശ്നം പരിഹരിക്കുന്നതിന് താഴ്ന്നു കിടക്കുന്ന ഭാഗം ഉയർത്തി പണിയുന്നതിനും കാലപ്പഴക്കം വന്ന പാലം പൊളിച്ച് ഉയരവും വീതിയും കൂട്ടി പണിയുന്നതിനും എംഎൽഎ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് നിവേദനം നൽകിയിരുന്നു. ആവശ്യമായ നടപടികൾ സ്വീകരിക്കാൻ പിഡബ്ല്യുഡി ചീഫ് എഞ്ചിനീയർക്ക് മന്ത്രി നിർദ്ദേശം നൽകി. 

ഗുരുവായൂർ നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന തമ്പുരാൻ പടി - മല്ലാട് - ചെറായി - കൊടുബസാർ റോഡ് നവീകരണ പ്രവർത്തനങ്ങൾ ചാവക്കാട് ദേശീയപാത ഉപ വിഭാഗത്തിന് കീഴിൽ പുരോഗമിച്ചു വരുന്നു. 14.20 കിലോമീറ്റർ ദൂരം വരുന്ന ഈ റോഡിൽ വെള്ളക്കെട്ട് അനുഭവപ്പെടുന്ന സ്ഥലങ്ങളിൽ 2.05 കിലോമീറ്റർ നീളത്തിൽ 20 സെന്റീമീറ്റർ കനത്തിൽ ജി എസ് ബി, വെറ്റ് മിക്സ് എന്നിവയും അതിനുമുകളിൽ ബിഎംബിസിയുമാണ് നൽകിയത്. 3 കലുങ്കുകളുടെ പുനർനിർമാണവും ഇവയുടെയും ഒരു പാലത്തിന്റെയും വീതികൂട്ടലും 3.40 കിലോമീറ്റർ നീളത്തിൽ കാനകളുടെ നിർമാണവും 365 മീറ്റർ നീളത്തിൽ കരിങ്കൽ സംരക്ഷണ ഭിത്തിയുടെ നിർമാണവും നടന്നുവരുന്നു. ഒപ്പം റോഡിന്റെ സുരക്ഷയ്ക്ക് ആവശ്യമായ മാർക്കിങുകൾ, സൂചനാ ബോർഡുകൾ, മറ്റ് സംവിധാനങ്ങൾ എന്നിവയും പ്രവർത്തിയിൽ ഉൾപ്പെടുന്നുണ്ട്. 

നിലവിൽ പദ്ധതി പ്രകാരം ആറ് പഴയ കലുങ്കുകൾ പൊളിച്ച് പുതിയത് പണിയുകയും രണ്ട് കലുങ്കുകൾ പുതിയതായി നിർമിക്കുകയും മൂന്ന് കലുങ്കുകൾ വീതി കൂട്ടുകയും ചെയ്തു. 3.67 കിലോമീറ്റർ നീളത്തിൽ കോൺക്രീറ്റ് കാനയുടെയും 1.642 കിലോമീറ്റർ നീളത്തിൽ കരിങ്കൽ സംരക്ഷണ ഭിത്തികളുടെ നിർമാണവും പൂർത്തീകരിച്ചു. ബലക്കുറവ് ബോധ്യപ്പെട്ടതിനാൽ പാലം പൂർണമായും പൊളിച്ച് പുതിയത് പണിതു. 

എന്നാൽ കുഴിങ്ങര ജംഗ്ഷനും തെക്കിനിയേടത്ത് പടിക്കും ഇടയിൽ വെള്ളക്കെട്ട് രൂക്ഷമാകുന്ന പ്രദേശങ്ങളിൽ 320 മീറ്റർ നീളത്തിൽ ഇരുവശവും കരിങ്കൽ കെട്ടി ഉയർത്തി ചുവന്നമണ്ണ് ഇട്ട് ഏകദേശം 1.20 മീറ്ററോളം ഉയർത്തി വെറ്റ്മിക്സ് ചെയ്താലേ വെള്ളക്കെട്ടിന് പരിഹാരമാകൂ. കൂടാതെ പാലത്തിന് കാലപ്പഴക്കമുള്ളതിനാൽ വെള്ളത്തിന്റെ സുഗമമായ ഒഴുക്കിന് പാലം പൊളിച്ച് നീളവും വീതിയും ഉയരവും കൂട്ടി പുതിയത് പണിയേണ്ട ആവശ്യകതയും ഉണ്ട്. 1.80 കോടി രൂപയോളം അധിക ചെലവ് വരുന്നതിനാൽ ഈ പ്രവൃത്തികൾ നിലവിലുള്ള സിആർഎഫ് ഫണ്ടിൽ ഉൾപ്പെടുത്തി നിർവഹിക്കാൻ സാധിച്ചിരുന്നില്ല. ഇതാണ് എംഎൽഎയുടെ ആവശ്യപ്രകാരം പൊതുമരാമത്ത് വകുപ്പ് മന്ത്രി ഏറ്റെടുത്തത്.

Related Posts