കൊവിഡാനന്തരം ഹോമിയോപതി ചികിത്സയ്ക്ക് തുടക്കം കുറിച്ച് തളിക്കുളം ഗ്രാമപഞ്ചായത്ത്.

തളിക്കുളം:

കൊവിഡ് ബാധിച്ചതിന് ശേഷം ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് വേണ്ടിയുള്ള പ്രത്യേക ഒ പി സംവിധാനമാണ് തളിക്കുളം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഹോമിയോപ്പതി ഡിസ്പെൻസറിയിൽ ഒരുക്കിയിട്ടുള്ളത്. ചൊവ്വ, വ്യാഴം ദിവസങ്ങളിൽ ഉച്ചയ്ക്ക് 12 മണി മുതൽ 2 മണി വരെ ഒ പി ചികിത്സ ഉണ്ടായിരിക്കും. കൊവിഡ് രണ്ടാം ഘട്ടം ആരംഭത്തിൽ തന്നെ പഞ്ചായത്തിലെ എല്ലാ വീടുകളിലേക്കും 2 ഘട്ടങ്ങളിലായി കൊവിഡ് പ്രതിരോധ ഹോമിയോ മരുന്നുകൾ ഇതിനിടയിൽ നൽകി കഴിഞ്ഞിട്ടുണ്ട്. തളിക്കുളം ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എം അഹമ്മദ്‌ ഉദ്ഘാടനം ചെയ്തു.

ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട് പി ഐ സജിത അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹോമിയോപതി മെഡിക്കൽ ഓഫീസർ ഡോക്ടർ കിരൺ പദ്ധതി വിശദീകരണം നടത്തി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എ എം മെഹബൂബ്, ബുഷറ അബ്ദുൽ നാസർ, വാർഡ് മെമ്പർമാരായ സിംഗ് വാലത്ത്, വിനയപ്രസാദ്, ഷിജി സി കെ, സന്ധ്യ മനോഹരൻ, കെ കെ. സൈനുദ്ധീൻ, ജീജ രാധാകൃഷ്ണൻ, ഷൈജ കിഷോർ, ബിന്നി അറക്കൽ, ജൂനിയർ സുപ്രണ്ട് സുജ എന്നിവർ പങ്കെടുത്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം കെ ബാബു സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി ഒ എം ഫ്രാൻസിസ് നന്ദിയും പറഞ്ഞു.

Related Posts