കൊവിഡിനെ കൂട്ടായ്മയിലൂടെ തോൽപ്പിക്കാൻ അവിണിശ്ശേരി പഞ്ചായത്ത്‌.

കൊവിഡിനെ കൂട്ടായ്മയിലൂടെ പ്രതിരോധിക്കാൻ മികച്ച പ്രവർത്തനങ്ങളുമായി അവിണിശ്ശേരി ഗ്രാമപഞ്ചായത്ത്.

അവിണിശ്ശേരി:

കൊവിഡുമായി ബന്ധപ്പെട്ട് പഞ്ചായത്തിലെ എല്ലാ വാർഡിലും ആശാവർക്കർമാർ ആർ ആർ ടി അംഗങ്ങൾ, വാർഡ് മെമ്പർമാർ, ആരോഗ്യ വകുപ്പ് ജീവനക്കാർ എന്നിവർ രാപകലില്ലാതെ ഇവിടെ പ്രവർത്തിക്കുന്നു. നോഡൽ ഓഫീസർ എം കെ അമിതയുടെ നേതൃത്വത്തിലാണ് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഏകോപനം.

നിർധനരായ കൊവിഡ് രോഗികളെ ആശുപത്രിയിൽ എത്തിക്കുന്നതിനും തിരിച്ചു വീട്ടിൽ കൊണ്ടുവരുന്നതിനും വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട എല്ലാ വാർഡുകളിലും നിർധന കുടുംബങ്ങൾക്ക് ഭക്ഷണ കിറ്റുകളും അവശ്യസാധനങ്ങളും മെമ്പർ മാരുടെ നേതൃത്വത്തിൽ എത്തിച്ചുകൊടുക്കുന്നു. വീട്ടിൽ കഴിയുന്ന രോഗികൾക്കായി ആയുർവേദ- അലോപ്പതി -ഹോമിയോ മരുന്നുകൾ ആശാവർക്കർമാർ വഴി വിതരണം ചെയ്തു വരുന്നു. ഓരോ വാർഡിലെയും നിരീക്ഷണ ചുമതല ആശാവർക്കർമാരും വാർഡ് ചാർജ്ജുള്ള ജെ എച്ച് ഐമാരും ചേർന്ന് നിർവഹിക്കുന്നു.

പഞ്ചായത്തിലെ കമ്മ്യൂണിറ്റി കിച്ചണിൽ പാകം ചെയ്യുന്ന ഭക്ഷണം ആർ ആർ ടി വഴി വീടുകളിൽ എത്തിക്കുന്നു. ബ്ലോക്ക് - ജില്ലാ മെമ്പർമാരുടെ സഹായത്താൽ പഞ്ചായത്തിൽ ഓക്സിമീറ്റർ വിതരണം ചെയ്തു. കൊവിഡിനോടൊപ്പം മഴക്കാല പൂർവ്വ ശുചീകരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കും പഞ്ചായത്ത് നേതൃത്വം നൽകുന്നു. എല്ലാ വാർഡുകളിലും ശുചീകരണ പ്രവർത്തനങ്ങൾ ഇതിനോടകം തുടങ്ങിക്കഴിഞ്ഞു.

കാനകൾ, തോടുകൾ എന്നിവ വൃത്തിയാക്കി. പ്ലാസ്റ്റിക് മാലിന്യങ്ങൾ പ്രത്യേകമായി ശേഖരിച്ചു. യന്ത്രം ഉപയോഗിച്ച് പുൽച്ചെടികളും മറ്റും വൃത്തിയാക്കി. ഈച്ച, കൊതുക് എന്നിവയുടെ ഉറവിടങ്ങൾ നശിപ്പിക്കുന്ന ശുചീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.

കൊവിഡ് രോഗികളുടെ വീടുകളിൽ രോഗം ഭേദമാകുന്നതോടെ അണുവിമുക്തമാക്കുന്നതിന് വേണ്ട സഹായങ്ങളും പഞ്ചായത്ത്‌ നൽകിവരുന്നു.

Related Posts