അഴീക്കോട് മരപ്പാലം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന യുവ സംഘമാണ് വീട് വിട്ട് കൊവിഡ് പ്രതിരോധ പ്രവർത്തനത്തിനായി മുന്നിട്ടിറങ്ങിയിരിക്കുന്നത്.
കൊവിഡിനെ തുരത്താൻ വീടുവിട്ടിറങ്ങി അഴീക്കോട് യുവ സംഘം.
അഴീക്കോട്:
കൊവിഡിനെ തുരത്താൻ വീടുവിട്ടിറങ്ങിയിരിക്കുകയാണ് ഒരു കൂട്ടം യുവാക്കൾ. അഴീക്കോട് മരപ്പാലം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന യുവ സംഘമാണ് വീട് വിട്ട് കൊവിഡ് പ്രതിരോധ പ്രവർത്തനത്തിനായി മുന്നിട്ടിറങ്ങിയിരിക്കുന്നത്. ഇവർ വീടുവിട്ടിറങ്ങിയിട്ട് നാൽപ്പതിലേറെ ദിവസങ്ങളായി. ഇത്ര ദിവസങ്ങളിൽക്കിടയിൽ നാനൂറിലധികം തവണ ഇവരുടെ സ്നേഹവണ്ടി നാടിനു വേണ്ടി ഓടിക്കഴിഞ്ഞു. ഡി വൈ എഫ് ഐ മേഖല പ്രസിഡണ്ട് അനൂപ് കളറാട്ട്, മുൻ മേഖല ട്രഷറർ സഹീൽ മരപ്പാലം, മുൻ ബ്ലോക്ക് ജോ. സെക്രട്ടറി സി വി പ്രവീദ്, അഷീർ, എസ് എഫ് ഐ ജില്ലാ കമ്മറ്റിയംഗം സജ്നാസ് എന്നിവരാണ് കൊവിഡിന്റെ രണ്ടാം തരംഗത്തിൽ മുഴുവൻ സമയം പ്രതിരോധ പ്രവർത്തനത്തിൽ സജീവമായിട്ടുള്ളത്. മൂന്ന് നേരം വീട്ടിൽ പോയി ഭക്ഷണം കഴിക്കലും കിടന്നുറങ്ങലും കൊവിഡ് പ്രതിരോധ പ്രവർത്തകർക്ക് പറഞ്ഞിട്ടുള്ളതല്ലെന്നാണ് ഇവരുടെ പക്ഷം. യുവാക്കളുടെ സാമൂഹ്യ പ്രതിബദ്ധത കണ്ടറിഞ്ഞ നാട്ടുകാരനായ സലാം തൻ്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലെ മുറി ഇവർക്ക് താമസത്തിനായി വിട്ടുകൊടുത്തു. സംഘത്തിലുള്ള അഷീറിന്റെയും, പ്രവീദിന്റെയും കാറുകളാണ് സ്നേഹ വണ്ടികളായി ഓടുന്നത്.