കൊവിഡിനു ശേഷം കാർഷിക മേഖലയെ പരിപോഷിപ്പിക്കാൻ ചൊവ്വന്നൂരിൽ ബ്ലോക്കും പഞ്ചായത്തുകളും.

ചൊവ്വന്നൂർ:

കൊവിഡിൻ്റെ രണ്ടാം തരംഗത്തിനു ശേഷം കാർഷിക മേഖലയെ പരിപോഷിപ്പിക്കാൻ ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്തും അതിനു കീഴിലെ പഞ്ചായത്തുകളും തയ്യാറാവുന്നു. കൊവിഡ് ഒന്നാം തരംഗത്തിനു ശേഷം ഇവിടങ്ങളിലെ കാർഷികോൽപാദനം ഏറെ വർദ്ധിച്ച സാഹചര്യത്തിലാണ് രണ്ടാം തരംഗത്തെ തുടർന്നും കർഷിക മേഖലയ്ക്ക് ചൊവ്വന്നൂരിൽ ഊന്നൽ നൽകുന്നത്.

ചൊവ്വന്നൂർ ബ്ലോക്കിലും ബ്ലോക്കിനു കീഴിലുള്ള ചൊവ്വന്നൂർ, കടങ്ങോട്, ചൂണ്ടൽ, കണ്ടാണശ്ശേരി, പോർക്കുളം, കാട്ടകാമ്പാൽ, കടവല്ലൂർ, വേലൂർ പഞ്ചായത്തുകളിലും 2021-22 സാമ്പത്തിക വർഷത്തിലെ ബജറ്റുകളിൽ കൊവിഡ് അനന്തര സേവന, ക്ഷേമ പ്രവർത്തനങ്ങൾക്ക് പ്രത്യേകം ഊന്നൽ നൽകിയിരുന്നു. സുഭിക്ഷ കേരളം പദ്ധതി പ്രകാരം കാർഷിക വിളകളുടെ വ്യാപനവും അതിലൂടെ കർഷകർക്ക് മികച്ച വിപണന സാധ്യത കണ്ടെത്തുകയുമാണ് പ്രധാന ലക്ഷ്യങ്ങളിൽ ഒന്ന്.

കൂടാതെ എല്ലായിടത്തും കൃഷിഭവനുകളുടെ നേതൃത്വത്തിൽ ഓണത്തിന് ഒരു മുറം പച്ചക്കറി സംസ്ഥാന സർക്കാർ പദ്ധതിയും വിഭാവനം ചെയ്യും.

ചൊവ്വന്നൂർ ബ്ലോക്കിനു കീഴിലെ പഞ്ചായത്തുകളിൽ കഴിഞ്ഞ തവണ സുഭിക്ഷ കേരളം പദ്ധതി നല്ല രീതിയിൽ നടപ്പാക്കിയിരുന്നു. ഭക്ഷ്യ സ്വയം പര്യാപ്തത കൈവരിയ്ക്കൽ, സുസ്ഥിര കാർഷിക വികസനം സാധ്യമാക്കൽ, ജൈവകൃഷി പ്രോത്സാഹിപ്പിക്കൽ, ജലസേചന സൗകര്യങ്ങൾ വർധിപ്പിക്കൽ എന്നിവയ്ക്ക് കൊവിഡിനു ശേഷം കൂടുതൽ ഊന്നൽ നൽകാനാണ് പദ്ധതി.

എല്ലാ പഞ്ചായത്തുകളിലും സമഗ്ര നെല്ലുൽപ്പാദനം, ജൈവ കാർഷിക വിളകളുടെ ഉൽപ്പാദനം എന്നിവയും നടന്നു വരുന്നുണ്ട്. കൊവിഡ് ഒന്നാം തരംഗത്തിലെ ലോക്ക് ഡൗണിൽ ഏറ്റവും കൂടുതൽ പച്ചക്കറി കൃഷി ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ പഞ്ചായത്തുകളിലായിരുന്നു. വീടുകൾ കേന്ദ്രീകരിച്ചും ക്ലബുകളുടെ നേതൃത്വത്തിലും ഒന്നാം തരംഗത്തിനു ശേഷം വ്യാപക ജൈവ പച്ചക്കറി കൃഷി നടപ്പാക്കി. എല്ലാ പഞ്ചായത്തുകളിലും ആഴ്ചയിലൊരിക്കൽ കർഷകർ വിളയിച്ചെടുത്ത ജൈവ പച്ചക്കറികൾ വിൽക്കുന്ന വിപണന കേന്ദ്രവും ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. 

വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി ബ്ലോക്കിനു കീഴിലെ 8 പഞ്ചായത്തുകളിലേക്ക് 1,60,000 രൂപയും ചൊവ്വന്നൂർ ബ്ലോക്ക് വകയിരുത്തിയിട്ടുണ്ട്.  

Related Posts