കൊവിഡ്പ്രതിരോധ ബോധവല്‍ക്കരണ റോഡ് ഷോയുമായി ആരോഗ്യ വകുപ്പ്.

തൃശൂർ: ജില്ലയില്‍ കൊവിഡ് പ്രതിരോധ ബോധവല്‍ക്കരണ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്ന ' റോഡ് ഷോ ' ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ ഫ്ളാഗ് ഓഫ് ചെയ്തു. യൂണിസെഫിന്റെ സഹായത്തോടെ ജില്ലാ ആരോഗ്യവകുപ്പും ദേശീയ ആരോഗ്യ ദൗത്യവും സംയുക്തമായാണ് ' റോഡ് ഷോ ' സംഘടിപ്പിക്കുന്നത്. ആരോഗ്യമന്ത്രിയുടെ ഉത്സവകാല കൊവിഡ് പ്രതിരോധ സന്ദേശം, ജില്ലാ മെഡിക്കല്‍ ഓഫീസറുടേയും മറ്റ് പ്രമുഖ ഡോക്ടര്‍മാരുടേയും കൊവിഡ് 19 പ്രതിരോധ ചികിത്സ ബോധവല്‍ക്കരണ സന്ദേശങ്ങള്‍ അടങ്ങിയ വീഡിയോകള്‍, മൈക്ക് അനൗണ്‍സ്മെന്റ്, ഹ്രസ്വ ചിത്രങ്ങള്‍ തുടങ്ങിയവയാണ് റോഡ് ഷോയിലൂടെ പ്രദര്‍ശിപ്പിക്കുന്നത്. ഇളവുകള്‍ അനുവദിച്ച സാഹചര്യത്തില്‍ രോഗവ്യാപനം കൂടുന്നതിനുളള സാധ്യത കണക്കിലെടുത്തുകൊണ്ട് പൊതുജനങ്ങളെ കൂടുതല്‍ ജാഗ്രതപ്പെടുത്തേണ്ടത് അത്യാവശ്യമായതിനാലാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ആറ് ദിവസത്തെ 'റോഡ് ഷോ' സംഘടിപ്പിച്ചിരിക്കുന്നത്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ ജെ റീന, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. കെ എന്‍ സതീഷ്, ജില്ലാ എഡ്യുക്കേഷന്‍ മീഡിയാ ഓഫീസര്‍ ഹരിതാ ദേവി ടി എ എന്നിവര്‍ സന്നിഹിതരായിരുന്നു.

Related Posts