കൊവിഡ് ഉത്പന്നങ്ങളിൽ കൊള്ള ലാഭം കൊയ്ത് വ്യാപാരികൾ.

സർക്കാർ വില നിയന്ത്രണം ഏർപ്പെടുത്തിയിട്ടും കൊവിഡ് പ്രതിരോധ ഉത്പന്നങ്ങൾക്ക് അതിക വില.

കൊച്ചി:

സർക്കാർ വില നിയന്ത്രണം ഏർപ്പെടുത്തിയിട്ടും കൊവിഡ് പ്രതിരോധ ഉത്പന്നങ്ങൾക്ക് പലയിടത്ത് പല വില. ലീഗൽ മെട്രോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ പരിശോധന കർശനമാക്കിയതോടെ നിരവധി സ്ഥാപനങ്ങളാണ് കുടുങ്ങിയത്. മാസ്ക്, സാനിറ്റൈസർ, പി.പി.ഇ. കിറ്റടക്കം 15 ഇനങ്ങൾക്കാണ് സർക്കാർ വില നിയന്ത്രണമുള്ളത്. തുച്ഛമായ വിലയ്ക്ക് ലഭിക്കുന്ന മാസ്കിന് മെഡിക്കൽ സ്റ്റോറുകളടക്കമുള്ള കടകൾ ഇരട്ടി വിലയാണ് ഈടാക്കുന്നത്. സർജിക്കൽ മാസ്ക് ഒന്നിന് സർക്കാർ നിശ്ചയിച്ച വില 3.90 ആണെങ്കിലും അഞ്ച് രൂപ വാങ്ങുന്നവരാണ് കൂടുതലും. 192 രൂപയ്ക്ക് അര ലിറ്റർ സാനിറ്റൈസർ കൊടുക്കണമെന്ന നിർദേശം ആരും പാലിക്കുന്നില്ല. അരക്കുപ്പിയുടെ വിലയ്ക്കൊപ്പം ചെറിയ കുപ്പികളിലെ വിലയിലും കുറവ് വരുത്തണമെങ്കിലും ഇതുവരെയും അതും നടപ്പാക്കിയിട്ടില്ലെന്ന് ലീഗൽ മെട്രോളജിയുടെ പരിശോധനയിൽ വ്യക്തമായി. വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കാനും തീരുമാനിച്ചതായി അധികൃതർ അറിയിച്ചു. പി.പി.ഇ. കിറ്റിന് മാത്രമാണ് നിലവിൽ അധിക വില ഈടാക്കാത്തത്. വില കൂട്ടി വിറ്റാൽ മാസ്കിന് 15,000 രൂപയും സാനിറ്റൈസറിന് 20,000 രൂപയുമാണ് പിഴയീടാക്കുന്നത്. പിഴ അടയ്ക്കാത്ത പക്ഷം തടവ് ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണെന്ന് ലീഗൽ മെട്രോളജി അധികൃതർ അറിയിച്ചു.

Related Posts