കൊവിഡ് ജീവിതം ?
കൊവിഡ് ജീവിതം ?
രണ്ടായിരത്തി ഇരുപതിലെ രക്തസാക്ഷി ദിനത്തിൽ (ജനുവരി 30) കേരളത്തിൽ എത്തിയ കൊവിഡ് - 19 ഇന്ന് രൗദ്രഭാവം പൂണ്ട മഹാമാരിയായി കേരളത്തെയും അതുപോലെ ഇന്ത്യയെയും വേട്ടയാടുകയാണ്. ഏതാനും ആഴ്ചകളിൽ ഓരോ ദിവസവും വിരലിലെണ്ണാവുന്ന പുതിയ രോഗികൾ മാത്രം ഉണ്ടായതിലെ വിജയാഹ്ലാദവും വിജയാരവവുമായി നാം മാധ്യമങ്ങളിൽ നിറഞ്ഞുനിന്നു. ഒന്നര നൂറ്റാണ്ട് പിന്നിട്ട പൊതുജനാരോഗ്യ സംവിധാനത്തിന്റെ കരുത്തും ചൈതന്യവും രണ്ട് വർഷത്തിന് മുൻപ് നിപ്പാ വൈറസ് രോഗത്തെ പ്രധിരോധിച്ചതിന്റെ അനുഭവ പാഠങ്ങളും നമ്മുക്കാത്മവിശ്വാസം പകർന്നു. കൊവിഡിനെ കേരളം കീഴടക്കിയെന്ന് നാം അഭിമാനം കൊണ്ടു.
കഴിഞ്ഞ ജനുവരി മാസം മുതൽ ചിത്രം മാറി. രോഗത്തിന്റെ വ്യാപനം ക്രമേണ ശക്തമായി. ലോക്‌ഡൗൺ സൃഷ്ടിച്ച തടസ്സങ്ങളെ അതിജീവിച്ച മഹാമാരി ഭീതിയും ദുരിതവും വിതച്ചു കൊണ്ടു പടർന്ന് കയറുകയാണ്. രോഗം ബാധിച്ചവരിൽ എൺപത് ശതമാനത്തിൽ ഏറെപ്പേർക്കും രോഗലക്ഷണങ്ങളില്ലാത്തതും, അവരിൽ നിന്ന് രോഗ സംക്രമണത്തിനു സാധ്യതയുള്ളതും, പൊതുജനാരോഗ്യ സംവിധാനത്തിനും ഭരണ നേതൃത്വത്തിനും വെല്ലുവിളി സൃഷ്ടിക്കുന്നു. സമൂഹത്തിനാകട്ടെ, അത് നിസ്സഹായതയും ഭീതിയും സമ്മാനിക്കുന്നു. രോഗം ബാധിച്ചവരെയും രോഗിയാകാൻ സാധ്യതയുള്ളവരെയും കൂടാതെ രോഗബാധയുടെ വിദൂര സാധ്യത ഉള്ളവരെയും ഈ ഭീതി വരിഞ്ഞുമുറുക്കും.
കോവിഡ് 19 മഹാമാരി നമ്മുടെ ജീവിതത്തിൽ പുതിയ പാഠങ്ങൾ പറഞ്ഞു തന്നതിനൊപ്പം ജീവിത രീതിയിൽ പുതിയ മാറ്റങ്ങളും കൊണ്ടു വന്നു. രോഗ വ്യാപനം തടയുന്നതിനായി, രോഗപ്രതിരോധത്തിനായി നാം പരിശീലിച്ച മാർഗ്ഗങ്ങൾ ഒരു പുതിയ ജീവിത രീതിക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. സാമൂഹിക അകലം പാലിക്കൽ, വലിയ സമ്മേളനങ്ങൾ ഇല്ലാതിരിക്കൽ, ആഘോഷങ്ങളിലും കൂട്ടംകൂടൽ ഒഴിവാക്കൽ തുടങ്ങി നിരവധി പുതിയ മാർഗ്ഗങ്ങളാണ് ഈ രോഗവ്യാപനം തടയുന്നതിനായി നമുക്ക് അവലംബിക്കേണ്ടി വരുന്നത്. നമ്മുടെ സാമൂഹിക ജീവിതത്തിൽ നാളിതുവരെ തുടർന്നു പോന്നിരിക്കുന്ന നിരവധി കാര്യങ്ങൾക്ക് പ്രസക്തമായ മാറ്റങ്ങൾ വരുത്തേണ്ട സന്ദർഭമാണിത്. ഇങ്ങനെ വരുമ്പോൾ കൊവിഡാനന്തര ജീവിതം എങ്ങനെയായിരിക്കും ?
2019 ന്റെ അവസാനത്തിൽ തുടങ്ങിയ ഈ രോഗ ബാധ മാസങ്ങൾ കൊണ്ട് ലോകം മുഴുവൻ ബാധിച്ചു ഒരു മഹാമാരിയായി പടർന്ന് പിടിക്കുകയാണുണ്ടായത്. നിരവധി ആളുകൾക്ക് രോഗം ബാധിച്ചു. നിരവധി പേർക്ക് ജീവൻ നഷ്ടമായി. ഇന്നും രോഗം ലോകം മുഴുവൻ വ്യാപിച്ചുകൊണ്ടിരിക്കുന്നു. ഈ മഹാമാരിയുടെ രീതിവച്ചുനമുക്കറിയാം, ഈ രോഗം അടുത്ത ഒരു കൊല്ലത്തേക്കോ അതിൽ കൂടുതലോ ഈ സമൂഹത്തിൽ നിലനിൽക്കാനുള്ള സാധ്യതയുണ്ട്. ഈ രോഗവുമായി ഇനിയുള്ള കാലങ്ങളിൽ നമ്മുക്ക് ജീവിക്കേണ്ടിയിരിക്കുന്നുവെന്നാണ് ഇന്നത്തെ സ്ഥിതി വിശേഷം. അതുകൊണ്ട് തന്നെ നമ്മുടെ ജീവിത രീതികൾ മാറ്റേണ്ട അവസ്ഥയും സംജാതമായിരിക്കുന്നു. അത് വലിയൊരു പഠനത്തിന് ശേഷം തയ്യാറാക്കേണ്ട വിഷയമായി മാറിയിരിക്കുന്നു.
വ്യക്‌തിശുചിത്വം ഏറ്റവും വേണ്ട ഒരു സന്ദർഭമാണിത്. രോഗ പ്രതിരോധത്തിന്റെ പ്രധാന ഭാഗമായി നാം അതിനെ കരുതുന്നു. അതു പോലെ തന്നെ വ്യക്തിഗത അകലവും. രോഗം പകരുന്ന രീതിയെ അവലംബിച്ചു കൊണ്ടാണ് ഇത്തരം കാര്യങ്ങൾ നാം രൂപപ്പെടുത്തിയത്. നമ്മുടെ മൂക്കിൽ നിന്നും വായിൽ നിന്നും തെറിക്കുന്ന ശ്രവങ്ങളിൽ രോഗാണു ഉള്ളത് എന്നുള്ളത് കൊണ്ട് മാസ്ക് ഉപയോഗിച്ച് മൂക്കും വായും മൂടി വയ്ക്കുന്നതും ശാരീരിക അകലം പാലിക്കേണ്ടതും ആവശ്യമായി വരുന്നു. ഇക്കാര്യത്തിൽ തന്നെയാണ് കൂട്ടം കൂടൽ ഒഴിവാക്കേണ്ടതും. തന്നെയുമല്ല അടച്ചുപൂട്ടിയ സ്ഥലങ്ങളിൽ കൂടുതൽ ആളുകൾ ഒരുമിച്ചിരിക്കുമ്പോൾ രോഗം തീവ്രമായി ബാധിക്കുന്നു എന്നുള്ളതും ഇത്തരം രീതികൾ ഒഴിവാക്കേണ്ടതിന്റെയും പുതിയ മാർഗ്ഗങ്ങൾ സ്വീകരിക്കേണ്ടതിന്റെയും ആവശ്യകത നമ്മെ മനസ്സിലാക്കി തരുന്നു. ഇതൊക്കെയാണ് ഒരു പക്ഷേ നമ്മുടെ ജീവിതത്തിൽ ഇനി നാം വരുത്തേണ്ട മാറ്റങ്ങൾ.
ഇന്ന് നാം മഹാമാരിയെ നേരിട്ടു കൊണ്ടിരിക്കുകയാണ്. പക്ഷെ വരും ദിനങ്ങളിൽ നമ്മുക്കു കൂടുതൽ വെല്ലുവിളികളെ നേരിടേണ്ടി വരും എന്ന് നാം തിരിച്ചറിയണം. മഹാമാരിയെ നേരിടുന്ന കാര്യത്തിൽ നാം എല്ലാം യോചിച്ചു നിൽക്കണം. തെറ്റിദ്ധാരണകൾ പരത്താൻ പല ശ്രമങ്ങളുമുണ്ടാകാം. അതിന്റെ പിന്നാലെയല്ല പോകേണ്ടത്. അതിനു മറ്റു പല ഉദ്ദേശ്യങ്ങളും ഉണ്ടായിരിക്കും. ഈ മഹാമാരിയെ തടുക്കുക എന്നതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ ആവശ്യം. അക്കാര്യത്തിൽ നാം എല്ലാം ഒരേ മനസ്സോടെ നീങ്ങണം. നമ്മുടെ ജീവിതത്തിലെ മുൻഗണനകൾ എന്തൊക്കെയെന്ന് നാം തന്നെ തിരിച്ചറിയണം. അതിനാൽ വ്യത്യസ്തവും ക്രിയാത്മകവുമായി ചിന്തിച്ചും പ്രവർത്തിച്ചും മാനസികമായിട്ടല്ലാതെ ശാരീരികമായിട്ട് അകലം പാലിച്ചു കൊണ്ട് ഒരു നല്ല നാളെക്കായി നമ്മുക്ക് ഒരുമിച്ച് മുന്നേറാം.
ജോബി ബേബി.
നഴ്സ്, കുവൈറ്റ്.