കടകൾ തുറക്കുമ്പോൾ പ്രദർശിപ്പിക്കേണ്ട നോട്ടീസ് സംബന്ധിച്ച് അവ്യക്തതയുണ്ടെന്ന പ്രതിപക്ഷ ആരോപണത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
കൊവിഡ് നിബന്ധനകള്‍: മാറ്റം വരുത്തില്ലെന്ന് മന്ത്രി വീണാ ജോര്‍ജ്ജ്.
തിരുവനന്തപുരം: സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം പുറത്തിറക്കിയ കൊവിഡ് മാനദണ്ഡങ്ങൾ തിരുത്തില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പ്രായോഗികമായ നിർദേശങ്ങളാണ് പുറത്തിറക്കിയതെന്നും മാറ്റം വരുത്തേണ്ടതില്ലെന്നും മന്ത്രി. കടകൾ തുറക്കുമ്പോൾ പ്രദർശിപ്പിക്കേണ്ട നോട്ടീസ് സംബന്ധിച്ച് അവ്യക്തതയുണ്ടെന്ന പ്രതിപക്ഷ ആരോപണത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
കടകളിലെത്തുന്നവർ കൊവിഡ് ടെസ്റ്റ് റിസൾട്ട് അല്ലെങ്കിൽ വാക്സിനെടുത്തതിന്റെ രേഖ കയ്യിൽ കരുതണമെന്നാണ് ചീഫ് സെക്രട്ടറി കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്. എന്നാൽ മന്ത്രി നിയമസഭയിൽ പറഞ്ഞ കാര്യങ്ങളല്ല ഉത്തരവിലുള്ളതെന്നും ഘടകവിരുദ്ധമായി പലതും ഉണ്ടെന്നും പ്രതിപക്ഷം ആരോപിച്ചു.
42 ശതമാനം പേർ മാത്രം വാക്സിനെടുത്ത കേരളത്തിൽ എങ്ങനെയാണ് ഇത്തരമൊരു ഉത്തരവ് നടപ്പിലാക്കുകയെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. ഉത്തരവിൽ മാറ്റം വരുത്താനാകില്ലെന്ന് മന്ത്രി ആവർത്തിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം വാക്കൗട്ട് നടത്തി.