കൊവിഡ് പ്രതിരോധത്തിന് ചാവക്കാട് നഗരസഭയുടെ ആർ ആർ ടി മാതൃക.

രോഗികൾക്ക് മരുന്നിന്റെയും ഭക്ഷണത്തിന്റെയും ലഭ്യത ഉറപ്പ് വരുത്തും.

ചാവക്കാട്:

കൊവിഡ് രണ്ടാം തരംഗം പ്രതിരോധിക്കുന്നതിന് ചാവക്കാട് നഗരസഭയുടെ ആർ ആർ ടി മാതൃക. കൊവിഡ് പോസറ്റീവായി വീടുകളിലും ആശുപത്രിയിൽ നിരീക്ഷണത്തിലിരിക്കുന്നവര്‍ക്കും ഭക്ഷണവും മരുന്നും ലഭ്യമാക്കുന്നതിന് വേണ്ടി നഗരസഭയുടെ 32 വാര്‍ഡുകളിലും വാര്‍ഡ് കൗണ്‍സിലറുടെ അദ്ധ്യക്ഷതയില്‍ റാപ്പിഡ് റെസ്പോണ്സ് ടീം രൂപീകരിച്ചു. ഇവര്‍ രോഗികൾക്ക് മരുന്നിന്റെയും ഭക്ഷണത്തിന്റെയും ലഭ്യത ഉറപ്പ് വരുത്തും.

കൂടാതെ ആർ ആർ ടി പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം വഹിക്കുന്നതിനായി എല്ലാ വാര്‍ഡുകളിലും നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍ എന്നിവരെയാണ് നോഡല്‍ ഓഫീസര്‍മാരായി നിയമിച്ചിട്ടുളളത്. അതോടൊപ്പം എല്ലാ വാര്‍ഡുകളിലും ആർ ആർ ടിമാരുടെ പ്രവര്‍ത്തനം ഏകീകരിക്കുന്നതിനായി ഒരു ആർ ആർ ടി ഓഫീസ് പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു വാര്‍ഡില്‍ 40 ഭവനങ്ങളുളള ക്ലസ്റ്ററുകള്‍ രൂപീകരിച്ച് ഓരോ ക്ലസ്റ്ററും ഒരു ആർആർടി പ്രവര്‍ത്തകന് ചുമതലപ്പെടുത്തിയാണ് പ്രവർത്തനം നടത്തുന്നത്. കൊവിഡ് പോസറ്റീവായി ഡി സി സികളില്‍ പ്രവേശിക്കപ്പെടുന്നവര്‍ക്കും ഭക്ഷണത്തിന് ബുദ്ധിമുട്ടുളള വീടുകളിലെ രോഗികള്‍ക്കും നഗരസഭ ഭക്ഷണം നല്‍കി വരുന്നു.

കൊവിഡ് രോഗികളുടെ ഓക്സിജന്‍റെ അളവ് പരിശോധിക്കുന്നതിനായി പള്‍സ് ഓക്സിമീറ്റര്‍ സൗകര്യം, മാനസിക സമ്മർദ്ദം നേരിടുന്നവർക്ക് കൗണ്‍സിലിംഗ് നല്‍കുന്നതിനായി ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തി ഒരു മെഡിക്കല്‍ ടീം, കൊവിഡ് രോഗികളുടെ ചികിത്സക്കുവേണ്ടി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആംബുലന്‍സ് സൗകര്യം എന്നിവയും നഗരസഭ രൂപീകരിച്ചിട്ടുണ്ട്. 

മുതുവട്ടൂരിലെ നഗരസഭയുടെ ബാലാമണിയമ്മ സ്മാരക മന്ദിരത്തിലും പുത്തന്‍കടപ്പുറത്തെ ഗവ. റീജിയണല്‍ ടെക്നിക്കല്‍ വിദ്യാലയത്തിലും ചാവക്കാട് നഗരസഭയുടെ ഡൊമിസിലി കെയര്‍ സെന്‍ററുകൾ ആരംഭിച്ചു. കൊവിഡ് പോസറ്റീവായ വീടുകളില്‍ താമസിക്കുന്നതിന് ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് വേണ്ടിയാണ് ഡി സി സികൾ ആരംഭിച്ചത്. ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ 50 കിടക്കകളുളള ഫസ്റ്റ്ലൈൻ ട്രീട്മെന്റ് സെന്ററും പ്രവര്‍ത്തിച്ചു വരുന്നു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനായി നഗരസഭയിൽ തന്നെ കൊവിഡ് പ്രതിരോധ സാമഗ്രികളുള്ള വാർ റൂമും പ്രവര്‍ത്തിച്ചു വരുന്നുണ്ട്.

Related Posts