കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിനായി പഞ്ചായത്തുകൾക്ക് പ്രത്യേക സാമ്പത്തിക സഹായവും നൽകി.
കൊവിഡ് പ്രതിരോധത്തിന് പുതിയ മാതൃകയുമായി മാള ബ്ലോക്ക് പഞ്ചായത്ത്.
മാള:
കൊവിഡ് വ്യാപനത്തിന്റെ രണ്ടാം ഘട്ടത്തിൽ പൊതുജനങ്ങൾക്കായി മാതൃകാപരമായ സേവനം ഉറപ്പാക്കി മാള ബ്ലോക്ക് പഞ്ചായത്ത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിനായി പഞ്ചായത്തുകൾക്ക് പ്രത്യേക സാമ്പത്തിക സഹായവും ഇതിനോടകം നൽകിക്കഴിഞ്ഞു. പതിനെട്ടര ലക്ഷം രൂപയാണ് ബ്ലോക്കിനു കീഴിലെ അഞ്ചു പഞ്ചായത്തുകളിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി അനുവദിച്ചിട്ടുള്ളത്. 2021-22 വർഷത്തെ പ്ലാൻ ഫണ്ടിൽ നിന്നാണ് ഇതിന് വേണ്ട തുക വകയിരുത്തിയിട്ടുള്ളത്. മാള, അന്നമനട, കുഴൂർ, പൊയ്യ, ആളൂർ എന്നിവയാണ് മാള ബ്ലോക്കിന് കീഴിൽ വരുന്ന പഞ്ചായത്തുകൾ.
ഒരു പഞ്ചായത്തിന് രണ്ട് ലക്ഷം രൂപവീതമാണ് നൽകുന്നത്. മാള സി എച് സിയിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിന് ഒന്നര ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. കൂടാതെ ആളൂർ, മാമ്പ്ര കുടുംബാരോഗ്യ കേന്ദ്രങ്ങൾക്ക് ഓരോ ലക്ഷം രൂപയും വകയിരുത്തി. അഞ്ചു ലക്ഷം രൂപ ചിലവിൽ എമർജൻസി മെഡിക്കൽ ഓക്സിജൻ ആംബുലൻസ് സേവനവും ബ്ലോക്ക് പഞ്ചായത്ത് നൽകിവരുന്നു. പ്രദേശത്തെ കൊവിഡ് രോഗികൾക്ക് ആവശ്യമെങ്കിൽ വീടുകളിൽ പോയി ഓക്സിജൻ ലഭ്യത ഉറപ്പാക്കുന്ന ആംബുലൻസിന്റെ സേവനം 24 മണിക്കൂറും ലഭ്യമാണ്. ഇതിന് പുറമെ കൊവിഡ് അനുബന്ധ വിവരങ്ങളുടെ അന്വേഷണത്തിനായി ബ്ലോക്ക് പഞ്ചായത്ത് ഹെൽപ് ഡെസ്കും പ്രവർത്തിക്കുന്നു.
ബ്ലോക്ക് പരിധിയിലെ ഓരോ പഞ്ചായത്തുകളിലുമായി അഞ്ചു ഡോമിസിലിയറി കെയർ സെന്ററുകളാണ് നിലവിൽ പ്രവർത്തന സജ്ജമാക്കിയിട്ടുള്ളത്. ഇവയുടെ മേൽനോട്ടം അതത് പഞ്ചായത്തുകൾ നിർവഹിക്കുന്നു. ഡി ഡി സികളുടെ സുഗമമായ നടത്തിപ്പിനും മറ്റ് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കുമായി ബ്ലോക്ക് അനുവദിച്ച ഫണ്ട് ഓരോ പഞ്ചായത്തികൾക്കും ഉപയോഗപ്പെടുത്താം.
ആർ ആർ ടി സംഘങ്ങളുടെ സേവനം പഞ്ചായത്തുകളിലെ എല്ലാ വാർഡുകളിലും ഉറപ്പാക്കുന്നു. അവശ്യ മരുന്നുകളുടെ വിതരണം, കമ്മ്യൂണിറ്റി കിച്ചണിലേക്ക് ആവശ്യമായ സാധങ്ങളുടെ വിതരണം, ഭക്ഷണ സാധനങ്ങളുടെ വിതരണം എന്നിങ്ങനെ പ്രത്യേക ഗ്രൂപ്പുകളായിട്ടാണ് ആർ ആർ ടികളുടെ പ്രവർത്തനം.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി എല്ലാ പഞ്ചായത്തുകൾക്കും വേണ്ട സഹായം ഉറപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് പ്രത്യേക തുക അനുവദിച്ചതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസൺ പറഞ്ഞു. ഇതിന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ അഞ്ചു പഞ്ചായത്തുകളിലും നല്ല രീതിയിലുള്ള സേവനം ജനങ്ങൾക്ക് നൽകാൻ സാധിക്കുന്നു എന്നും അവർ കൂട്ടിച്ചേർത്തു.