കൊവിഡ് പ്രതിരോധം; കൈതാങ്ങായി മാടക്കത്തറ ഗ്രാമപഞ്ചായത്ത്.
മാടക്കത്തറ:
ജനങ്ങള്‍ക്കൊപ്പം നിന്ന് കൊവിഡിനെ പ്രതിരോധിച്ച് മാടക്കത്തറ ഗ്രാമപഞ്ചായത്ത്. ലോക്ഡൗണ്‍ കാലയളവില്‍ നിരവധി പ്രവര്‍ത്തനങ്ങളാണ് പഞ്ചായത്തിന്റെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ നടന്നത്. പച്ചക്കറി കിറ്റുകളുടെ വിതരണമാണ് ഇതില്‍ പ്രധാനം. വിവിധ ഇടങ്ങളില്‍ നിന്ന് ലഭിച്ച തുക ഉപയോഗിച്ച് പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലേക്കും കിറ്റുകള്‍ നല്‍കി.
പോസ്റ്റ് കൊവിഡ് രോഗികള്‍ക്ക് ആർ ആർ ടി അംഗങ്ങള്‍ ഹോമിയോ പ്രതിരോധ മരുന്നുകള്‍ വീടുകളില്‍ എത്തിച്ചു. ലോക്ഡൗണ്‍ സമയത്ത് നാനൂറോളം അതിഥി തൊഴിലാളികള്‍ക്കുള്ള ഭക്ഷ്യ കിറ്റുകളും ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നല്‍കി. അരി, ഉരുളക്കിഴങ്ങ്, സവോള, ആട്ട ,ഓയില്‍, കടല, പരിപ്പ്, മാസ്‌ക് എന്നിവ ഉള്‍പ്പെടുന്ന കിറ്റാണ് അതിഥി തൊഴിലാളികള്‍ക്ക് വിതരണം ചെയ്തത്.
വയോജന മിത്രം പദ്ധതിയുടെ ഭാഗമായി വയോജനങ്ങൾക്ക് ആവശ്യമായ മരുന്നുകള്‍ വീടുകളില്‍ എത്തിക്കാനും പഞ്ചായത്തിന്റെ ഇടപെടലുണ്ടായി. ലോക്ഡൗണില്‍ മലയോര മേഖലയിലും കോളനികളിലും കുടുങ്ങിയ ജനങ്ങളില്‍ കൊവിഡ് ടെസ്റ്റും വാക്‌സിനേഷന്‍ സൗകര്യവും പഞ്ചായത്ത് ഒരുക്കി. ഒല്ലൂക്കര ബ്ലോക്കും വെള്ളാനിക്കര സാമൂഹികാരോഗ്യകേന്ദ്രവും സംയുക്തമായി മൊബൈല്‍ ലാബ് പരിശോധനയും പഞ്ചായത്തിലുടനീളം സംഘടിപ്പിച്ചു.