കൊവിഡ് പ്രതിരോധം : പഞ്ചായത്തുകള്‍ക്ക് കൈത്താങ്ങായി വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത്.
തൃശ്ശൂർ :
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ അഞ്ച് പഞ്ചായത്തുകള്‍ക്കും കൈത്താങ്ങാവുകയാണ് വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പ്രതിരോധ ഉപകരണങ്ങളും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുമായി പത്തുലക്ഷം രൂപയുടെ പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്. വാക്സിനേഷന്‍ സെന്‍ററുകളിലേക്ക് ആവശ്യമായ ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കുന്നതിനായി 10 ലക്ഷം രൂപ വകയിരുത്തി മറ്റൊരു പദ്ധതിയും തയ്യാറാക്കിയിട്ടുണ്ട്. വെള്ളാങ്ങല്ലൂര്‍ ബി പി എച്ച് സിയില്‍ കോവിഡ് പരിശോധനാ കേന്ദ്രം തയ്യാറാക്കുന്നതിന് അഞ്ച് ലക്ഷം രൂപ വകയിരുത്തി അടിയന്തര നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.
ബ്ലോക്ക് പഞ്ചായത്തിന്‍റെ ഘടക സ്ഥാപനങ്ങളായ പുത്തന്‍ചിറ സാമൂഹികാരോഗ്യകേ കേന്ദ്രം, ബി പി എച്ച് സി വെള്ളാങ്ങല്ലൂര്‍ എന്നിവിടങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയിലാണ് നടക്കുന്നത്. പുത്തന്‍ചിറ സി എച്ച് സി അടിയന്തര സാഹചര്യത്തില്‍ കോവിഡ് ആശുപത്രിയാക്കി മാറ്റുന്നതിനോ, ഇരിങ്ങാലക്കുട ഗവ ഹോസ്പിറ്റല്‍ കൊവിഡ് ആശുപത്രിയാക്കി മാറ്റുന്ന സാഹചര്യത്തില്‍ അവിടത്തെ നിലവിലുള്ള രോഗികളെ ഇവിടേയ്ക്ക് മാറ്റുന്നതിനോ ഐ പി വിഭാഗം തയ്യാറാക്കിയിട്ടുണ്ട്. രണ്ട് സ്ഥാപനങ്ങളിലും ആവശ്യമായ എല്ലാ സൗകര്യങ്ങളും വളണ്ടിയര്‍ സംവിധാനങ്ങളും ഒരുക്കി നല്‍കിയിട്ടുണ്ട്. ബി പി എച്ച് സിയില്‍ പന്തല്‍, മൈക്ക് എന്നിവ ഉപയോഗിച്ച് തിരക്ക് ഒഴിവാക്കുന്നതിന് ബ്ലോക്ക്- ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റുമാര്‍ നിരന്തരം ഇടപെട്ടു കൊണ്ടിരിക്കുന്നു. ആശാവര്‍ക്കര്‍മാര്‍, പ്രതിരോധ പ്രവര്‍ത്തകര്‍, ഭരണസമിതി അംഗങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് എന്നിവര്‍ക്ക് ആവശ്യമായ പ്രതിരോധ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിനായി സമിതിയും രൂപീകരിച്ചിട്ടുണ്ട്.
വാര്‍ഡ് തല നിരീക്ഷണ സമിതികളുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാനും ബ്ലോക്ക് അംഗങ്ങള്‍ വികേന്ദ്രീകൃതമായി പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിനെക്കുറിച്ച് വിശദീകരിക്കുന്നതിനും ഡിവിഷന്‍ തലത്തില്‍ യോഗങ്ങള്‍ വിളിച്ചു ചേര്‍ത്തു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഡിസിസി, ഹെല്‍പ്പ് ഡെസ്ക് എന്നിവ സന്ദര്‍ശിച്ച് ആര്‍ ആര്‍ ടികളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ട്.
ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള അഞ്ച് പഞ്ചായത്തുകളിലും കമ്മ്യൂണിറ്റി കിച്ചന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബ്ലോക്ക് അംഗങ്ങളുടെ നേതൃത്വത്തില്‍ ആവശ്യമായ ഭക്ഷ്യസാധനങ്ങള്‍ ഇവിടേയ്ക്ക് സമാഹരിച്ചു നല്‍കുന്നു. ഭക്ഷണ വിതരണത്തിലും പഞ്ചായത്ത് തലത്തില്‍ ബ്ലോക്ക് പഞ്ചായത്ത് ആവശ്യമായ സേവനങ്ങള്‍ നല്‍കുന്നുണ്ട്. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ എല്ലാ റേഷന്‍ ഷോപ്പുകളിലും വളണ്ടിയര്‍മാരുടെ സേവനം പഞ്ചായത്തുകള്‍ ഉറപ്പുവരുത്തിയിട്ടുണ്ട്. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ നേരിട്ട് എത്തിച്ചു നല്‍കുകയും ചെയ്യുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വരുന്ന പരാതികള്‍ ഇടപെട്ട് പരിഹരിക്കുന്നതിനും ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി നേതൃത്വം നല്‍കിയിട്ടുണ്ട്.
വാര്‍ഡ് തല സംരക്ഷണ സമിതിയില്‍ അതാത് വാര്‍ഡിലെ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരെയും ഉള്‍പ്പെടുത്തുക, പ്രതിരോധപ്രവര്‍ത്തനങ്ങളും ബോധവല്‍ക്കരണ പരിപാടികളും ഊര്‍ജ്ജിതമാക്കുന്നതിനുള്ള പ്രവര്‍ത്തനം, ഭക്ഷണം, മരുന്നുകള്‍ എന്നിവയുടെ ലഭ്യത ഉറപ്പു വരുത്തുന്ന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക എന്നിവയ്ക്ക് ഊന്നല്‍ നല്‍കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്കരിച്ചു. പഞ്ചായത്ത് പരിധിയില്‍ വരുന്ന രോഗികള്‍ക്ക് ഓക്സിജന്‍ ലഭ്യത ഉറപ്പുവരുത്തുന്നതിനായി മൊബൈല്‍ ഓക്സിജന്‍ ആംബുലന്‍സും ലഭ്യമാക്കിയിട്ടുണ്ട്. സന്നദ്ധ സംഘടനകളുടെ സഹായം സ്വീകരിക്കുന്നതിനാല്‍ വെള്ളാങ്ങല്ലൂര്‍ ജമാഅത്ത് കമ്മിറ്റിയുടെ കീഴിലുള്ള ആംബുലന്‍സും സൗജന്യമായി ബ്ലോക്ക് പഞ്ചായത്തിന് വിട്ടു നല്‍കിയിട്ടുണ്ട്.