കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കരുതലും കരുത്തുമായി സന്നദ്ധപ്രവര്‍ത്തകര്‍.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജില്ലാഭരണകൂടത്തിനൊപ്പം സേവന രംഗത്തുള്ളത് 24,000 ത്തോളം പേര്‍.

തൃശ്ശൂർ:

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജില്ലാഭരണകൂടത്തിനൊപ്പം സന്നദ്ധ പ്രവര്‍ത്തകരുടെ കരുത്തുമുണ്ട്. 300 സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാരും 7,960 ആര്‍ ആര്‍ ടി അംഗങ്ങളും 16,002 സാമൂഹിക സന്നദ്ധ സേന അംഗങ്ങളുമാണ് ജില്ലയിലുള്ളത്. കൊവിഡ് പ്രതിരോധങ്ങളുടെ തുടക്കം മുതല്‍ ജില്ലയില്‍ സ്ത്രീകളും പുരുഷന്‍മാരും ഉള്‍പ്പെടുന്ന 24,000 ത്തോളം അംഗങ്ങള്‍ സേവന രംഗത്ത് പ്രവര്‍ത്തിച്ചു വരുന്നു.

കൊവിഡ് വാക്‌സിനേഷന്‍ സെന്ററുകള്‍, പരിശോധന ക്യാമ്പുകള്‍, ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍, ഡൊമിസിലറി കെയര്‍ സെന്റര്‍, ഓക്‌സിജന്‍ സിലിണ്ടറുകള്‍ ശേഖരിച്ച് വാര്‍ റൂമില്‍ എത്തിക്കല്‍, മഴക്കാല മുന്നൊരുക്ക നടപടികളുടെ ഭാഗമാകുക തുടങ്ങി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കൊപ്പവും പോലിസിനൊപ്പവും ഇവര്‍ സേവനമനുഷ്ഠിക്കുന്നു.

കേരള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസിനൊപ്പം സംസ്ഥാന ദുരന്ത നിവാരണ സേനയായി രൂപീകരിച്ചിട്ടുള്ളതാണ് സിവില്‍ ഡിഫന്‍സ്. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് വിദഗ്ധ പരിശീലനങ്ങള്‍ ലഭിച്ചിട്ടുള്ളതിനാല്‍ അടിയന്തര സാഹചര്യങ്ങളെ നേരിടാനും ഇവര്‍ പ്രാപ്തരാണ്. റാപ്പിഡ് റെസ്‌പോണ്‍സ് ടീം അഥവ ആര്‍ ആര്‍ ടികളും സന്നദ്ധ സേനകളും പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി മുന്നില്‍ തന്നെയുണ്ട്.

ലോക്ഡൗണ്‍ സമയങ്ങളിലും നിരീക്ഷണത്തില്‍ കഴിയുമ്പോഴും പുറത്തിറങ്ങാന്‍ കഴിയാത്തവര്‍ക്ക് വീടുകളിലേക്ക് അവശ്യ സാധനങ്ങള്‍, മരുന്ന് എന്നിവ എത്തിക്കല്‍, ബോധവല്‍ക്കരണം നല്‍കല്‍, വിദ്യാലയങ്ങള്‍ സ്ഥാപനങ്ങള്‍ കൊവിഡ് രോഗികളുടെ വീടുകള്‍ എന്നിവിടങ്ങളില്‍ അണുനശീകരണം നടത്തൽ, ചികിത്സാ സഹായം എത്തിക്കല്‍, തെരുവില്‍ കഴിയുന്ന അശരണര്‍ക്ക് ഭക്ഷണം നല്‍കുക തുടങ്ങിയ സേവനങ്ങള്‍ ഇവര്‍ നടത്തി വരുന്നു.

തീരദേശ മേഖലകളായ ചാവക്കാട്, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളിലും കടല്‍ക്ഷോഭം മൂലമുണ്ടാകുന്ന വിപത്തുകളില്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കാനും ക്യാമ്പുകള്‍ ആരംഭിക്കുന്നതിനും വീടുകളിലെ ചെളി നീക്കം ചെയ്ത് വൃത്തിയാക്കുന്നതിനും സിവില്‍ ഡിഫന്‍സിന്റെ സഹകരണമുണ്ട്. 20 വീടുകള്‍ക്ക് ഒരു വളണ്ടിയര്‍ എന്ന തോതിലാണ് ആര്‍ ആര്‍ ടി അംഗങ്ങളുടെ സേവനം.

Related Posts