കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത്.

പഴയന്നൂർ:

ബ്ലോക്ക് പരിധിയിലെ ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് പള്‍സ് ഓക്സിമീറ്റര്‍ നല്‍കിയും കൊവിഡ് ഹെല്‍പ്പ് ലൈന്‍ കേന്ദ്രം ആരംഭിച്ചും ഓക്സിജന്‍ സൗകര്യമുള്ള ആംബുലന്‍സ് സേവനം സൗജന്യമായി നല്‍കിയും വാക്സിന്‍ ചലഞ്ച് ഏറ്റെടുത്തും വ്യത്യസ്തമായ പ്രവര്‍ത്തനങ്ങളാണ് പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് കാഴ്ചവെക്കുന്നത്.

പഴയന്നൂര്‍ ബ്ലോക്ക് പരിധിയിലെ എല്ലാ പ്രൈമറി ഹെല്‍ത്ത് സെന്‍ററുകളിലും വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരുടെയും ബ്ലോക്ക് അംഗങ്ങളുടെയും സാന്നിധ്യത്തില്‍ പള്‍സ് ഓക്സിമീറ്റര്‍ വിതരണം ചെയ്തു. ആദ്യഘട്ടത്തില്‍ 100 പള്‍സ് ഓക്സിമീറ്റര്‍ വീതം നല്‍കുന്നതിനായി ബ്ലോക്ക് വികസന ഫണ്ടില്‍ നിന്ന് 11 ലക്ഷം രൂപ വകയിരുത്തി. പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണനാണ് തോന്നൂര്‍ക്കര പ്രൈമറി ഹെല്‍ത്ത് സെന്‍ററില്‍ നടന്ന പള്‍സ് ഓക്സിമീറ്റര്‍ വിതരണം ഉദ്ഘാടനം ചെയ്തത്.

സഹായഹസ്തമായി ഹെല്‍പ്പ് ലൈന്‍ സെന്‍റര്‍. പഞ്ചായത്തുകളില്‍ കൊവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് കൗണ്‍സിലിങ് നടത്തുന്നതിനും അടിയന്തര സഹായം ഉറപ്പുവരുത്തുന്നതിനുമായി പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ 'സഹായ ഹസ്തം' ഹെല്‍പ്പ്ലൈന്‍ കേന്ദ്രം ആരംഭിച്ചു. ടെലി കൗണ്‍സിലിങ് ഉള്ള ഹെല്‍പ്പ് ലൈന്‍ കേന്ദ്രത്തിന്‍റെ പ്രവര്‍ത്തനം കുടുംബശ്രീ മിഷനുമായി സഹകരിച്ചാണ് നടക്കുന്നത്. കൊവിഡ് രോഗികള്‍ക്ക് മാനസികമായ കരുത്ത് പകരുന്നതിനും അത്യാവശ്യ സര്‍വീസുകളുടെ വിവരങ്ങള്‍ കൈമാറുന്നതിനും ഹെല്‍പ്പ് ലൈന്‍ കേന്ദ്രം സഹായകരമായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്കെ എം അഷ്റഫ്, ബ്ലോക്ക് വൈസ് പ്രസിഡണ്ട് പി പ്രശാന്തി, സെക്രട്ടറി എ ഗണേഷ്, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍മാര്‍, കുടുംബശ്രീ കോഡിനേറ്റര്‍ രഞ്ജിനി എന്നിവരുടെ നേതൃത്വത്തിലാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. രാവിലെ 10 മുതല്‍ വൈകീട്ട് 5 മണി വരെ ഹെല്‍പ്പ് ഡെസ്ക് പ്രവര്‍ത്തിക്കും. ഫോണ്‍: 8592931876, 04884 224011

24 മണിക്കൂർ സൗജന്യ ആംബുലന്‍സ് സേവനം. കൊവിഡ് രോഗികള്‍ക്ക് ഓക്സിജന്‍ ലഭ്യതയോടുകൂടിയ സൗജന്യ ആംബുലന്‍സ് സേവനവും പഴയന്നൂര്‍ ബ്ലോക്ക് ഉറപ്പാക്കി. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ബ്ലോക്ക് പഞ്ചായത്ത് വകയിരുത്തിയ 30 ലക്ഷം രൂപയുടെ പ്രത്യേക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് 24 മണിക്കൂറും ലഭ്യമാകുന്ന സൗജന്യ ആംബുലന്‍സ് സേവനം പദ്ധതി നടപ്പിലാക്കിയത്. ലോക്ഡൗണില്‍ ആളുകള്‍ക്ക് സ്വകാര്യ ആംബുലന്‍സിന് വേണ്ട വാടക കണ്ടെത്താന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് പഞ്ചായത്തിന്‍റെ ഈ മാതൃകാ പദ്ധതി. ആംബുലന്‍സ് സേവനത്തിനായി ബന്ധപ്പെടേണ്ട നമ്പര്‍: 7306052383, 8943300009.

എല്ലാവര്‍ക്കും സൗജന്യമായി വാക്സിന്‍ ലഭ്യമാക്കുക എന്ന കേരള സര്‍ക്കാരിന്‍റെ നിലപാടിനോട് അനുകൂലിച്ചുകൊണ്ട് പഴയന്നൂര്‍ ബ്ലോക്ക് അംഗങ്ങളും ഘടക സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും ആദ്യഘട്ടം സമാഹരിച്ച 86000 രൂപ വാക്സിന്‍ ചലഞ്ചിലേക്ക് നല്‍കി.

Related Posts