കൊവിഡ് മൂന്നാം തരംഗ സാധ്യത പ്രവചനം നിലനില്‍ക്കെ പദ്ധതികളും മുന്‍കരുതലുകളും സ്വീകരിക്കുന്നതിന്‍റെ ഭാഗമായി കലക്ടര്‍ എസ് ഷാനവാസിന്‍റെ അധ്യക്ഷതയില്‍ ചര്‍ച്ച നടത്തി.
കൊവിഡ് മൂന്നാം തരംഗ സാധ്യത; മുന്‍കരുതലുകള്‍ സ്വീകരിക്കും.
തൃശൂർ:
ഓക്സിജന്‍ സിലിണ്ടറുകളുടെ വിനിയോഗം, വാക്സിനേഷന്‍ പ്രക്രിയയുടെ വിപുലീകരണം, സ്വകാര്യ ആശുപത്രികളുടെ സഹകരണം ഉറപ്പാക്കല്‍, എന്നീ വിഷയങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു ചര്‍ച്ച. ഓക്സിജന്‍ സിലിണ്ടറുകളുടെ കരുതല്‍ സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് കൃത്യമായി പാലിക്കാന്‍ യോഗത്തില്‍ ധാരണയായി. ഇതനുസരിച്ച് കലക്ടറുടെ കരുതലില്‍ ഉണ്ടായിരുന്ന 500 ഒക്സിജന്‍ സിലിണ്ടറുകള്‍ സര്‍ക്കാരിന് നല്‍കും. നിലവില്‍ ഉപയോഗിച്ചുവരുന്ന ഓക്സിജന്‍ സിലിണ്ടറുകള്‍ അടിയന്തര ആവശ്യത്തിനായി നിലനിര്‍ത്തും.
കൊവിഡ് പ്രതിരോധം കൈവരിക്കുന്നതിനാവശ്യമായ വാക്സിനേഷന്‍ നടപടികള്‍ വേഗത്തിലാക്കാന്‍ വേണ്ട തീരുമാനങ്ങള്‍ യോഗത്തില്‍ സ്വീകരിച്ചു. ഇതനുസരിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സ്വകാര്യ ആശുപത്രികളുമായി സഹകരിച്ച് വാക്സിനേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിന്‍റെ സാധ്യതകള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു.
ദിവസവും 35,000 പേര്‍ക്ക് വരെ വാക്സിന്‍ നല്‍കുവാനാണ് ജില്ലാ മെഡിക്കല്‍ ഓഫീസും ജില്ലാഭരണകൂടവും തയ്യാറെടുക്കുന്നത്.
സ്വകാര്യ ആശുപത്രികളില്‍ കൊവിഡ് രോഗികള്‍ക്കായി സര്‍ക്കാര്‍ നിശ്ചയിക്കുന്ന ചെലവിൽ ചികിത്സ ലഭ്യമാക്കാന്‍ പുറത്തിറക്കിയ ഉത്തരവ് അനുസരിക്കാത്ത ആശുപത്രികള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് കലക്ടര്‍ മുന്നറിയിപ്പ് നല്‍കി. സര്‍ക്കാര്‍ ചെലവിലുള്ള ചികിത്സക്കായി 20 ശതമാനത്തോളം സൗകര്യങ്ങള്‍ ഓരോ ആശുപത്രിയും ഒഴിച്ചിടണം എന്ന ഉത്തരവാണ് ചില ആശുപത്രികള്‍ അവഗണിക്കുന്നതായി പരാതി ഉയര്‍ന്നിരിക്കുന്നത്. കൂടാതെ ആശുപത്രികള്‍ക്കെതിരെ പൊതുജനങ്ങള്‍ നല്‍കിയ പരാതികളില്‍ ഉടന്‍ തീര്‍പ്പുണ്ടാക്കണമെന്നും ഡി എം ഒയ്ക്ക് നിര്‍ദ്ദേശം നല്‍കി. സര്‍ക്കാര്‍ എംപാനലില്‍ അംഗത്വമെടുക്കാന്‍ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് ഒരാഴ്ചത്തെ സമയവും അനുവദിച്ചു. കൊവിഡ് പ്രതിസന്ധി കാലത്ത് അമിത നിരക്ക് ഈടാക്കുന്നു എന്ന പരാതികള്‍ ഗൗരവമായി അന്വേഷിക്കുമെന്നും കലക്ടര്‍ പറഞ്ഞു.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ ജെ റീന, ഐ എം എ പ്രതിനിധി ഡോ. ജോയ് മഞ്ഞില, ജില്ലാ വികസന കമ്മീഷന്‍ അരുണ്‍ കെ വിജയന്‍, അസിസ്റ്റന്‍റ് കലക്ടര്‍ സുഫിയാന്‍ അഹമ്മദ്, സ്വകാര്യ ആശുപത്രി യൂണിയന്‍ പ്രതിനിധി ഡോ. കെ എം മോഹന്‍ദാസ, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.