കൊവിഡ് മൂന്നാം തരംഗം സാധ്യത ; മുന്നൊരുക്കങ്ങളുമായി അന്നമനട.
അന്നമനട:
കൊവിഡ് മൂന്നാം തരംഗ സാധ്യത കണക്കിലെടുത്ത് വിവിധ പദ്ധതികളുമായി അന്നമനട ഗ്രാമ പഞ്ചായത്ത്. മൂന്നാം തരംഗം കുട്ടികളെയാണ് കൂടുതല്‍ ബാധിക്കുകയെന്ന നിര്‍ദ്ദേശം ഗൗരവത്തോടെ കണ്ട് വേണ്ട മുന്നൊരുക്കങ്ങള്‍ക്ക് തയ്യാറെടുക്കുകയാണെന്ന് പ്രസിഡന്റ് പി വി വിനോദ് പറഞ്ഞു. പ്രസിഡണ്ട് ചെയര്‍മാനും മെഡിക്കല്‍ ഓഫീസര്‍ നോഡല്‍ ഓഫീസറുമായ പഞ്ചായത്ത് തല സമിതി ഇതിനോടകം രൂപീകരിച്ചു. ഐ സി ഡി എസ് സൂപ്പര്‍ വൈസറാണ് സമിതിയുടെ കണ്‍വീനര്‍.
വൈസ് പ്രസിഡണ്ട്, സ്ഥിരം സമിതി അധ്യക്ഷന്‍മാര്‍ സി ഡി എസ് ചെയര്‍പെഴ്‌സണ്‍, അധ്യാപകര്‍, കൊരട്ടി, മാള പൊലീസ് സ്റ്റേഷന്‍ സി ഐ എന്നിവരടങ്ങുന്നതാണ് പഞ്ചായത്ത് സമിതി.
ലഘുലേഖകളുടെ വിതരണം, സോഷ്യല്‍ മീഡിയയിലൂടെയുള്ള സന്ദേശങ്ങള്‍ കൈമാറല്‍, പൊതുചടങ്ങുകള്‍ നിയന്ത്രിക്കുക, ജനസാന്ദ്രതക്കനുസരിച്ച് വിവിധ സോണുകളായി തിരിച്ച് പ്രത്യേക ശ്രദ്ധ കൊടുക്കുക, പ്രത്യേക സോണുകളില്‍ അണു നശീകരണം സാനിറ്റേഷന്‍ സൗകര്യം ഉറപ്പുവരുത്തുക, പൊതു കളിസ്ഥലങ്ങള്‍ നിയന്ത്രിക്കുക, അധ്യാപകരിലൂടെ കുട്ടികള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുക, കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഉറപ്പുവരുത്തുക, കുട്ടികളിലെ വളര്‍ച്ചാ നിരക്ക് പോഷകാഹാരക്കുറവ് എന്നിവ പരിശോധിക്കുക, വീടുകള്‍ തോറും (പോഷകാഹാര) പച്ചക്കറിത്തോട്ടം ആരംഭിക്കുക, പൊതു നിരത്തില്‍ അനാവശ്യമായി കറങ്ങുന്ന മുതിര്‍ന്ന പൗരന്‍മാരെയും കുട്ടികളെയും ബോധവല്‍ക്കരിക്കുന്നതിന് അന്നമനട സെന്ററില്‍ പ്രത്യേക വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക തുടങ്ങിയവയാണ് പഞ്ചായത്ത് സമിതിയുടെ പ്രവര്‍ത്തനങ്ങള്‍.
അന്‍പത് വീടുകള്‍ അടങ്ങുന്ന ഒരു ഗ്രൂപ്പിനെ ഒരു ക്ലസ്റ്ററായി പരിഗണിക്കുന്നു. ഇവിടത്തെ കാര്യങ്ങളുടെ ശരിയായ നടത്തിപ്പിന് ക്ലസ്റ്റര്‍ തല കമ്മറ്റികള്‍ ഉണ്ടായിരിക്കും. വാര്‍ഡ് മെമ്പര്‍ ആശാവര്‍ക്കര്‍ എ ഡി എസ് മെമ്പര്‍ എന്നിവരുടെ നേതൃത്വത്തിളുള്ള പ്രവര്‍ത്തനം. ആരോഗ്യ വളണ്ടിയര്‍ ആര്‍ ആര്‍ ടി അംഗങ്ങള്‍ എന്നിവരുടെ സഹായം ഉറപ്പ് വരുത്തും. ഓരോ ക്ലസ്റ്ററിന് കീഴിലുള്ള 50 വീടുകളിലെ കുട്ടികളുടെ ആരോഗ്യത്തെ സംബന്ധിച്ച് ദിവസേന നിരീക്ഷിക്കുന്നു.
കുട്ടികളുടെ വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിന് ഹെല്‍ത്ത് കാര്‍ഡ് സംവിധാനം ഏര്‍പ്പെടുത്തും. കുട്ടികള്‍ക്ക് പുറത്ത് നിന്നുള്ളവരില്‍ നിന്ന് സമ്പര്‍ക്കം ഇല്ലെന്ന് ഉറപ്പു വരുത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കുക, കുട്ടികളെയും കൊണ്ട് യാത്രകള്‍ ചെയ്യുന്നില്ലയെന്ന് ഉറപ്പ് വരുത്തുക, മറ്റ് ജില്ലയിലോ മറുനാടുകളിലോ ജോലി ചെയ്യുന്ന രക്ഷിതാക്കളുടെ കുട്ടികളെ പ്രത്യേകം നിരീക്ഷിക്കുക, കൂട്ടം കൂടിയുള്ള കുട്ടികളുടെ കളികള്‍ പരമാവധി ഒഴിവാക്കുക, പൊതുചടങ്ങുകളില്‍ നിന്ന് കുട്ടികളുമായി മുതിര്‍ന്നവർ പങ്കെടുക്കുന്നില്ലെന്ന് ഉറപ്പു വരുത്തുക, ലക്ഷണങ്ങളുള്ള കുട്ടികളെ പെട്ടെന്ന് കോവിഡ് ടെസ്റ്റിന് വിധേയമാക്കുക,
ഭിന്നശേഷിക്കാര്‍ പ്രതിരോധ ശേഷി കുറഞ്ഞവര്‍. മറ്റുരോഗബാധിതരായ കുട്ടികള്‍ എന്നിവര്‍ക്ക് പ്രത്യേക ശ്രദ്ധയും നിരീക്ഷണവും നല്‍കുക എന്നിവയാണ് ക്ലാസ്റ്റര്‍ തല സമിതികളുടെ ചുമതല.
പഞ്ചായത്ത് പരിധിയില്‍ കുട്ടികള്‍ക്കായി ചൈല്‍ഡ് ക്ലിനിക് ആരംഭിക്കും. കുട്ടികളിലെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് പീഡിയാട്രീഷ്യന്റെ സേവനം ഉറപ്പ് വരുത്തും. കൊവിഡ് ലക്ഷണങ്ങളുള്ള കുട്ടികളെ ടെസ്റ്റ് നടത്തുക, കൊവിഡ് പോസിറ്റീവാകുന്ന കുട്ടികള്‍ക്ക് ചികിത്സ നല്‍കുക എന്നീ സേവനങ്ങളാണ് പ്രധാനമായും ചൈല്‍ഡ് ക്ലിനിക്കിലൂടെ നല്‍കുക. കുട്ടികളുടെ മാനസികാരോഗ്യം വിലയിരുത്തുന്നതിന് കൗണ്‍സിലിങ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.