കൊവിഡ് രോഗികൾക്ക് ബി പോസിറ്റീവ് പദ്ധതിയുമായി അന്നമനട പഞ്ചായത്ത്.
ചാലക്കുടി :
കൊവിഡ് രോഗികൾക്ക് സഹായത്തിനായി ബി പോസിറ്റീവ് എന്ന വേറിട്ട പദ്ധതിയുമായി അന്നമനട പഞ്ചായത്ത്. കൊവിഡ് രോഗികൾക്കായി മെഡിക്കൽ കിറ്റ് നൽകുക എന്ന ആശയമാണ് പദ്ധതിക്ക് പിന്നിൽ. പഞ്ചായത്ത് പരിധിയിലെ 18 വാർഡുകളിലും കോവിഡ് രോഗികൾക്ക് ആവശ്യമായ മരുന്ന്, മാസ്ക്, സാനിറ്റൈസർ, ഹാൻ്റ് വാഷ് എന്നിവയടങ്ങുന്ന 200 രൂപയുടെ കിറ്റാണ് നൽകുക.
വീടുകളിൽ കഴിയുന്ന കൊവിഡ് പോസിറ്റീവ് രോഗികൾക്ക് മെഡിക്കൽ കിറ്റ് ആർ ആർ ടികൾ വഴി വീടുകളിലെത്തിക്കും. പഞ്ചായത്തിന്റെ ഒരോ ഡിസിസികളിലുമുള്ള രോഗികൾക്കും കിറ്റ് നൽകും.
ബി പോസിറ്റീവ് പദ്ധതിയുടെ ഉദ്ഘാടനം മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസൺ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി കെ വിനോദ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ ടി കെ സതീശൻ, സിന്ധു ജയൻ, കെ ഐ ഇക്ബാൽ തുടങ്ങിയവർ പങ്കെടുത്തു.