കൊവിഡ് വാക്സിനേഷൻ സംബന്ധിച്ചുള്ള അറിയിപ്പ്.
കൊവിഡ് 19 വാക്സിനായ കോവിഷീല്‍ഡിന്‍റെ രണ്ടാം ഡോസ് ആദ്യ ഡോസ് സ്വീകരിച്ച് 84 മുതല്‍ 112 ദിവസത്തിനകമാണ് (12 - 16 ആഴ്ച) സ്വീകരിക്കേണ്ടത്. ആദ്യ ഡോസ് സ്വീകരിച്ച് 82 -ാം ദിവസം മുതല്‍ തന്നെ രണ്ടാം ഡോസ് സ്വീകരിക്കാനുളള സമയമായി എന്ന് ഓര്‍മ്മിപ്പിക്കുന്ന സന്ദേശങ്ങള്‍ ഫോണില്‍ ലഭിക്കാന്‍ തുടങ്ങും. ഈ സന്ദേശങ്ങള്‍ കണ്ട് പരിഭ്രാന്തരായി നിരവധി പേരാണ് ആരോഗ്യസ്ഥാപനങ്ങളിലേയ്ക്ക് ദിവസം തോറും ഫോണ്‍ വിളിക്കുന്നത്. എന്നാല്‍ രണ്ടാം ഡോസ് വാക്സിന്‍ 84 ദിവസം കഴിയുന്ന ദിവസം തന്നെ സ്വീകരിക്കേണ്ടതില്ല. ആദ്യ ഡോസിനുശേഷം 112 ദിവസത്തിനകം (16 ആഴ്ച) സ്വീകരിച്ചാല്‍ മതിയാകും എന്നതിനാല്‍ ഫോണില്‍ സന്ദേശങ്ങള്‍ ലഭിച്ചാല്‍ ഉടന്‍ തന്നെ രണ്ടാം ഡോസ് സ്വീകരിക്കാനുളള സമയം വൈകിയോ എന്ന് ഭയപ്പെട്ട് ആരോഗ്യസ്ഥാപനങ്ങളിലേയ്ക്ക് ഫോണ്‍ വിളിക്കേണ്ട ആവശ്യമില്ല. വാക്സിന്‍ ലഭ്യത അനുസരിച്ച് ഘട്ടം ഘട്ടമായി പ്രസ്തുത ഇടവേളയില്‍ തന്നെ മുഴുവന്‍ പേര്‍ക്കും രണ്ടാം ഡോസ് എടുക്കാനുളള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.