കൊവിഡ് വാക്‌സിൻ കേന്ദ്രങ്ങളിൽ തിങ്കളാഴ്‌ച വൻ തിരക്ക് അനുഭവപ്പെട്ടു.
തൃശ്ശൂർ :
ഏപ്രിൽ പത്തിന് മുമ്പ് കോവിഷീൽഡ് ആദ്യ ഡോസ് സ്വീകരിച്ചവർക്ക് തിങ്കളാഴ്‌ച രണ്ടാം ഡോസ് ലഭിക്കുമെന്ന ആരോഗ്യ വകുപ്പിന്റെ അറിയിപ്പ് ഉണ്ടായിരുന്നു. ഇതേതുടർന്ന് കൊവിഡ് വാക്‌സിൻ കേന്ദ്രങ്ങളിൽ തിങ്കളാഴ്‌ച വൻ തിരക്ക് അനുഭവപ്പെട്ടു. വാക്സിൻ കേന്ദ്രങ്ങളിൽ ആളുകൾ കൂട്ടംകൂടുന്ന സാഹചര്യങ്ങൾ ഒഴിവാക്കാൻ പ്രദേശത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായും ആരോഗ്യ കേന്ദ്രങ്ങളുമായും ബന്ധപ്പെട്ടതിന് ശേഷം മാത്രം വാക്സിൻ സ്വീകരിക്കാൻ എത്താനായിരുന്നു അറിയിപ്പ്. ആരോഗ്യ കേന്ദ്രങ്ങൾക്കു മുമ്പിൽ രാവിലേ മുതൽ ആളുകൾ ക്യൂ നിൽക്കുന്ന സ്ഥിതിയായിരുന്നു. കൊവിഡ് പ്രോട്ടോകോൾ പാലിക്കാതെ മിക്കയിടങ്ങളിലും ആളുകൾ കൂട്ടം കൂടി നിൽക്കുന്ന സ്ഥിതിയുമുണ്ടായി. തൃശൂർ ജനറൽ ആശുപത്രിയിൽ അധികൃതരും വാക്‌സിൻ എടുക്കാൻ വന്നവരും തമ്മിൽ തർക്കവും നടന്നു. ഏതാണ്ട് നൂറിലധികം പേർ ജില്ലാ ആശുപത്രിയിൽ വാക്‌സിൻ സ്വീകരിക്കാൻ എത്തിയിരുന്നു. മുൻകൂട്ടി ബുക്ക് ചെയ്യാത്തവർക്ക് വാക്‌സിൻ നൽകാൻ കഴിയില്ലെന്ന അധികൃതരുടെ നിർദേശമായിരുന്നു തർക്കത്തിനിടയാക്കിയത്.