കൊവിഡ് 19 വ്യാപനം അതിതീവ്രമായി തുടരുന്നതിനാൽ സംസ്ഥാനത്ത് മെയ് 8 മുതൽ 16 വരെ ലോക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളുടെ പ്രവർത്തനം സംബന്ധിച്ച് മാർഗ്ഗ നിർദ്ദേശങ്ങൾ നടപ്പാക്കുന്നതിന് ബോർഡ് യോഗം തീരുമാനിച്ച് ഉത്തരവാക്കി.
ക്ഷേത്രങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

ശബരിമല ഒഴികെയുള്ള ക്ഷേത്രങ്ങളുടെ പ്രവർത്തനം സംബന്ധിച്ചാണ് തീരുമാനം.
ലോക് ഡൗൺ കാലയളവിൽ ക്ഷേത്രങ്ങളിൽ ഭക്തജനങ്ങൾക്ക് ദർശനം ഉണ്ടായിരിക്കുന്നതല്ല. ക്ഷേത്രങ്ങളിൽ പൂജകൾ മുടങ്ങാതെ നടക്കും. പൂജാ സമയം രാവിലെ 7 മണി മുതൽ 10 മണിവരെയും വൈകുന്നേരം 5 മണി മുതൽ 7 മണി വരെയുമായി ക്രമീകരിക്കും. ഈ കാര്യങ്ങൾ അതതു ക്ഷേത്രങ്ങളിലെ തന്ത്രിയുമായി ആലോചിച്ച് ആവശ്യമായ സമയക്രമീകരണം നടത്തുന്നതാണ്.
ഉത്സവങ്ങളടക്കം മറ്റ് യാതൊരു ചടങ്ങുകളും ഈ കാലയളവിൽ നടക്കുന്നില്ല എന്നുറപ്പുവരുത്തേണ്ടതാണ്. ഇതിനകം ബുക്ക് ചെയ്തിരിക്കുന്ന വിവാഹ ചടങ്ങുകൾ 20 പേരിൽ കൂടാതെ കൊവിഡ് 19 മാനദണ്ഡങ്ങൾ പൂർണ്ണമായി പാലിച്ചുകൊണ്ട് ക്ഷേത്രത്തിന് പുറത്ത് വെച്ച് നടത്താവുന്നതാണ്.