കാർഷികോൽപാദന സാധ്യതകൾ മെച്ചപ്പെടുത്തി മുല്ലശ്ശേരിയിൽ ഓപ്പറേഷൻ കോൾ ഡബിൾ.

ഓപ്പറേഷൻ കോൾ ഡബിൾ പദ്ധതിയുടെ ഭാഗമായി മുല്ലശ്ശേരിയിൽ നെൽകൃഷി ചെയ്തു.

മുല്ലശ്ശേരി:

കാർഷികോൽപാദന സാധ്യതകൾ മെച്ചപ്പെടുത്തി ഓപ്പറേഷൻ കോൾ ഡബിൾ പദ്ധതി മുല്ലശ്ശേരിയിൽ പുരോഗമിക്കുന്നു. മുല്ലശ്ശേരി പഞ്ചായത്ത് പരിധിയിലെ അഞ്ച് കോൾപാടശേഖരങ്ങളിലായി നടത്തുന്ന പദ്ധതി കർഷകർക്ക് അധിക വരുമാന സാഹചര്യം ഒരുക്കി കൊടുക്കുകയും പരമാവധി ഉൽപാദനവുമാണ് ലക്ഷ്യമിടുന്നത്. 

സാധാരണയായി വർഷത്തിൽ ഒരു തവണ ചെയ്യുന്ന ഒരുപൂ കൃഷിരീതിയാണ് ഈ പാടശേഖരങ്ങളിൽ ചെയ്തിരുന്നത്. എന്നാൽ ഓപ്പറേഷൻ കോൾ ഡബിൾ പദ്ധതിയുടെ വരവേടെ വർഷത്തിൽ രണ്ട് തവണകളായി കൃഷി ചെയ്യുന്ന ഒരുപൂ, ഇരുപൂ കൃഷി രീതികളാണ് പാടശേഖരങ്ങളിൽ നടപ്പാക്കുന്നത്. ഇത് കർഷകർക്ക് അധിക വരുമാനം ലഭിക്കുന്നതിനൊപ്പം സംസ്ഥാനത്തിന് അകത്ത് തന്നെ പരമാവധി ഉൽപാദനവും സാധ്യമാവും. മനുരത്ന വിത്തിനമാണ് പദ്ധതിയുടെ ഭാഗമായി കൃഷി ചെയ്തു വരുന്നത്. ഇത് സാധാരണയിൽ നിന്നും വ്യത്യസ്ഥമായി വിത്ത് വിതയ്ച്ച് 90 മുതൽ 100 ദിവസത്തിനുള്ളിൽ വിളവെടുക്കാനാവും. ഒരുപൂ വിളവെടുപ്പ് കഴിഞ്ഞതിന് ശേഷം ഇരുപൂ വിളവെടുക്കുന്നതിനായി ഇത്തരത്തിൽ മൂപ്പ് കുറഞ്ഞ നെൽവിത്തിനങ്ങളാണ് ഉപയോഗിക്കുന്നത്. 

പഞ്ചായത്തിന് കീഴിലെ പറപ്പാടം - കിഴക്ക്, പറപ്പാടം കോൾ, അഞ്ഞകര - വടക്ക്, എലവത്തൂർ - കിഴക്ക്, പേനകം - കിഴക്ക് തുടങ്ങിയ അഞ്ച് കോൾ നിലങ്ങളിലായാണ് പദ്ധതിയുടെ ഭാഗമായി നെൽകൃഷി നടത്തുന്നത്. ഇതിൽ എലവത്തൂർ - കിഴക്ക് കോൾപാടശേഖരത്തിൽ മാത്രം എ എസ് ഡി, എ ഡി ടി തുടങ്ങിയ തമിഴ്നാട് വിത്തിനങ്ങൾ കൃഷി ചെയ്യുന്നുണ്ട്. ഇവയുടെയും കൊയ്ത്ത് കാലാവധി 105 ദിവസം മുതൽ 110 ദിവസം വരെയാണ്. കോൾ നിലയങ്ങളിൽ ഇത്തരം കൃഷിരീതി ആദ്യമായാണ് ചെയ്ത് വരുന്നത്. 

കൃഷിക്കാവശ്യമായ ആനുകൂല്യങ്ങൾ കൃഷിഭവനിൽ നിന്നും കർഷകർക്ക് നൽകി വരുന്നുണ്ട്. വിതയ്ക്കുന്നതിന് മുൻപ് ആവശ്യമായ കുമ്മായം ഉൾപ്പെടെയുള്ളവയ്ക്കായി ഹെക്ടറിന് 10000 രൂപ അധിക ധനസഹായവും നൽകുന്നുണ്ട്. ഉൽപ്പാദിപ്പിച്ചെടുക്കുന്ന നെല്ല് സപ്ലൈകോ വഴിയാണ് സംഭരണം നടത്തുന്നത്. അതുവഴി കർഷകർ ഉൽപ്പാദിപ്പിക്കുന്ന നെല്ലിന് ന്യായമായ വില ലഭ്യമാക്കാനാകും. ഇത്തരത്തിൽ ഒരു സാമ്പത്തിക വർഷത്തിൽ സംസ്ഥാനത്തിന് അകത്ത് തന്നെ കൂടുതൽ ഉൽപാദനം നടത്തുന്നതിലൂടെ കാർഷികോൽപാദന സാധ്യതകൾ മെച്ചപ്പെടുത്താനാകും. വാണിജ്യാടിസ്ഥാനത്തിലും ഉൽപാദന മേഖലയിലും ഭക്ഷ്യോൽപാദന രംഗത്തും സ്വയംപര്യാപ്തത നേടുന്നതിനും ഇത്തരം കൃഷിരീതികൾ സഹായകമാകും.

Related Posts