കെ എസ് ആർ ടി സിയുടെ 'മിൽമ ബസ് ഓൺ വീൽസ് ' പദ്ധതിയ്ക്ക് തൃശ്ശൂരിൽ തുടക്കം.
തൃശൂർ:
സംസ്ഥാന വ്യാപകമായി മിൽമ എറണാകുളം മേഖലാ യൂണിയന്റെയും കെ എസ് ആർ ടി സിയുടെയും സഹകരണത്തോടെ നടപ്പിലാക്കി വരുന്ന മിൽമ ഓൺ വീൽസ് പദ്ധതിയ്ക്ക് തൃശ്ശൂരിൽ തുടക്കം. തൃശൂർ കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിലാണ് മിൽമ ബസ് കോഫി ഷോപ്പ് ആരംഭിച്ചിരിക്കുന്നത്. എട്ടു പേർക്ക് ബസിനകത്തിരുന്ന് മിൽമ ഉത്പന്നങ്ങൾ ആസ്വദിച്ച് കഴിക്കാം. എല്ലാ മിൽമ ഉത്പന്നങ്ങളും ഇവിടെ ലഭ്യമാകും. മിൽമ ഓൺ വീൽസ് പദ്ധതിയിലൂടെ മിൽമയുടെ ഉത്പന്നങ്ങൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാനാണ് നീക്കം. പദ്ധതിയുടെ ഉദ്‌ഘാടനം ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി നിർവഹിച്ചു. നിലവിലെ സാഹചര്യത്തിൽ പാൽ വില കൂട്ടില്ലെന്നും മിൽമ ഉടൻതന്നെ പാൽ ഉത്പാദനത്തിൽ സ്വയംപര്യാപ്തമാകുമെന്നും മന്ത്രി പറഞ്ഞു. മിൽമ എറണാകുളം മേഖലാ യൂണിയന്റെ സഹകരണത്തോടെ ആദ്യഘട്ടത്തിൽ തൃശൂരിൽ നടപ്പിലാക്കിയ പദ്ധതി കൊച്ചിയിലും കോട്ടയത്തും ഉടൻ നടപ്പിലാക്കും. പദ്ധതി വിജയിക്കുകയാണെങ്കിൽ തിരക്കേറിയ എല്ലാ കെ എസ് ആർ ടി സി സ്റ്റാൻഡുകളിലും നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായുള്ള ബസും സ്ഥലവും കെ എസ് ആർ ടി സി യാണ് ലഭ്യമാക്കുന്നത്. തൃശൂർ കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ വെച്ച നടന്ന ചടങ്ങിൽ പി ബാലചന്ദ്രൻ എം എൽ എ അധ്യക്ഷത വഹിച്ചു. മേയർ എം കെ വർഗീസ് ആദ്യ വിൽപ്പന നിർവഹിച്ചു. മിൽമ ബസിലെ ഐസ്‌ക്രീം പാർലർ ക്ഷീരവികസന വകുപ്പ് ഡയറക്ടർ മിനി രവീന്ദ്രദാസ് ഉദ്ഘാടനം ചെയ്തു.