കീം പ്രവേശന പരീക്ഷ അഡ്മിറ്റ് കാർഡ് ഇന്നു മുതൽ ഡൗൺലോഡ് ചെയ്യാം. ന്യൂനതകൾ പരിഹരിക്കാൻ ജൂലൈ 21വരെ അവസരം.
കേരള എൻജിനീയറിങ് ഫാർമസി പ്രവേശന പരീക്ഷയ്ക്ക് (കിം - 2021) ഓൺലൈനായി അപേക്ഷ സമർപ്പിച്ചവർക്ക് ഇപ്പോൾ അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ്ചെയ്യാം. ആഗസ്ത് 5 ന് കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലും മുംബൈ, ന്യൂഡൽഹി, ദുബായ് എന്നിവടങ്ങളിലുമായാണ് പരീക്ഷ. സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണറുടെ https://cee.kerala.gov.in എന്ന വെബ് സൈറ്റ് വഴിയാണ് അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യേണ്ടത്. അപ് ലോഡ് ചെയ്ത ഫോട്ടോ, ഒപ്പ്, അപേക്ഷാ ഫീസിൻ്റെ ബാക്കി തുക ഒടുക്കാനുള്ളവരുടെയും ആവശ്യമായ സർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്യാൻ ആവശ്യപ്പെട്ട് മെമ്മോ ലഭിച്ചവരുടേയും അഡ്മിറ്റുകാർഡുകൾ പോർട്ടലിൽ ലഭ്യമാക്കിയിട്ടില്ല. ഇവർക്ക് ഈ ന്യൂനതകൾ പരിഹരിച്ച ശേഷമേ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാൻ സാധിക്കു. അപാകതകൾ പരിഹരിക്കാൻ ജൂലൈ 21 ഉച്ചയ്ക്ക് 2 വരെ സമയം അനുവദിച്ചിട്ടുണ്ട്. ഇതിനു ശേഷം അപാകതകൾ പരിഹരിക്കാത്തവർക്ക് അഡ്മിറ്റ് കാർഡ് ലഭിക്കില്ല.