ഗ്രൂപ്പ് ഡി യിൽ നിന്നും ഗ്രൂപ്പ് ചാമ്പ്യന്മാരായി ഇംഗ്ലണ്ട് യൂറോകപ്പ് പ്രീക്വാർട്ടറിൽ പ്രവേശിച്ചു.
ചെക്ക് റിപ്പബ്ലിക്കിനെ കീഴടക്കി ഇംഗ്ലണ്ടിന്റെ പ്രീക്വാർട്ടർ പ്രവേശനം.
ലണ്ടൻ:
ഗ്രൂപ്പ് ഡി യിൽ നിന്നും ഗ്രൂപ്പ് ചാമ്പ്യന്മാരായി ഇംഗ്ലണ്ടിന്റെ പ്രീക്വാർട്ടർ പ്രവേശനം. ചെക്ക് റിപ്പബ്ലിക്കിനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി ഇംഗ്ലണ്ട് യൂറോകപ്പിന്റെ പ്രീക്വാർട്ടറിൽ പ്രവേശിച്ചു. ഗ്രൂപ്പ് ഡി യിൽ രണ്ട് വിജയങ്ങളും ഒരു സമനിലയുമടക്കം ഏഴുപോയന്റുകൾ നേടിയാണ് ഇംഗ്ലണ്ട് ഒന്നാം സ്ഥാനക്കാരായത്. സൂപ്പർതാരം റഹീം സ്റ്റെർലിങ്ങാണ് ഇംഗ്ലണ്ടിനായി വിജയഗോൾ നേടിയത്. ചെക്ക് റിപ്പബ്ലിക്കിനെതിരേ മികച്ച പ്രകടനമാണ് ഹാരി കെയ്നും സംഘവും പുറത്തെടുത്തത്. പ്രീ ക്വാർട്ടറിൽ മരണ ഗ്രൂപ്പായ ഗ്രൂപ്പ് എഫി ലെ രണ്ടാം സ്ഥാനക്കാരെയാണ് ഇംഗ്ലണ്ട് നേരിടുക.
കഴിഞ്ഞ മത്സരത്തിൽ കളിച്ച ടീമിൽ നിന്നും നാല് മാറ്റങ്ങളുമായാണ് ഇംഗ്ലണ്ട് കളിക്കാനിറങ്ങിയത്. 12-ാം മിനിറ്റിൽ മനോഹരമായ ഗോൾ നേടി മത്സരത്തിൽ ചെക്കിനെതിരേ ഇംഗ്ലണ്ടിന് ലീഡ് സമ്മാനിച്ചു. മികച്ച ഒരു പാസിങ് ഗെയിമിന്റെ ഫലമായാണ് ഗോൾ പിറന്നത്. സൂപ്പർതാരം ജാക്ക് ഗ്രീലിഷിന്റെ അളന്നുമുറിച്ച ക്രോസിന് തലവെച്ച് മികച്ച ഒരു ഹെഡ്ഡറിലൂടെയാണ് സ്റ്റെർലിങ് ഇംഗ്ലണ്ടിനായി ലീഡ് സമ്മാനിച്ചത്. താരം ടൂർണമെന്റിൽ നേടുന്ന രണ്ടാം ഗോളാണിത്. പ്രതിരോധത്തിലും മുന്നേറ്റത്തിലും ഒരുപോലെ ഇംഗ്ലണ്ട് തിളങ്ങിയതോടെ ചെക്ക് താരങ്ങൾ വിയർത്തു. ആദ്യ 25 മിനിറ്റിൽ ഒരു ഗോളവസരം പോലും സൃഷ്ടിക്കാൻ ടീമിന് സാധിച്ചില്ല.
25-ാം മിനിറ്റിൽ ഇംഗ്ലീഷ് നായകൻ ഹാരി കെയ്നിന്റെ ഗോളെന്നുറച്ച ഷോട്ട് ഗോൾകീപ്പർ വാസ്ലിക് തട്ടിയകറ്റി. 34-ാം മിനിറ്റിൽ ചെക്കിന്റെ സൗസെക്കിന് മികച്ച അവസരം ലഭിച്ചെങ്കിലും താരത്തിന്റെ കിക്ക് പോസ്റ്റിന് പുറത്തേക്ക് പറന്നു. 36-ാം മിനിറ്റിൽ ഇംഗ്ലണ്ടിന്റെ ലൂക്ക് ഷായുടെ കിക്ക് വാസ്ലിക്ക് തട്ടിയകറ്റി. 42-ാം മിനിറ്റിൽ ഹാരി കെയ്നിന്റെ ലോങ്റേഞ്ചറും വാസ്ലിക്ക് രക്ഷപ്പെടുത്തി. രണ്ടാം പകുതിയിൽ സമനില ഗോൾ കണ്ടെത്തുന്നതിനായി ചെക്ക് റിപ്പബ്ലിക്ക് ആക്രമണ ഫുട്ബോളാണ് കാഴ്ചവെച്ചത്. പക്ഷേ മുന്നേറ്റനിരയുടെ ആക്രമണങ്ങൾക്ക് മൂർച്ച കുറവായിരുന്നു. ഇംഗ്ലണ്ടാകട്ടെ പ്രതിരോധത്തിനാണ് കൂടുതൽ ശ്രദ്ധ കൊടുത്തത്. ഇതോടെ രണ്ടാം പകുതിയിൽ കളിയുടെ വേഗം കുറഞ്ഞു. കാര്യമായ ഗോളവസരങ്ങൾ രണ്ടാം പകുതിയിൽ സൃഷ്ടിക്കാൻ ഇരുടീമുകൾക്കും കഴിഞ്ഞില്ല. 86-ാം മിനിറ്റിൽ ഇംഗ്ലണ്ടിന്റെ ഹെൻഡേഴ്സൺ ചെക്ക് വല കുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു.