ചെമ്മാപ്പിള്ളി തൂക്കുപാലത്തിന്റെ അറ്റകുറ്റ പണികൾ പുരോഗമിക്കുന്നു.

ചെമ്മാപ്പിള്ളി:

നാട്ടിക താന്ന്യം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന അപകടാവസ്ഥയിൽ ആയിരിക്കുന്ന ചെമ്മാപ്പിള്ളി തൂക്കുപാലം ജനങ്ങൾക്ക് ഏറെ പ്രയോജനകരമായ ഒരു യാത്രാ മാർഗ്ഗമാണ്. തൃശ്ശൂർ, അന്തിക്കാട്, തളിക്കുളം, താന്ന്യം, നാട്ടിക, എന്നീ 5 പഞ്ചായത്തുകളുടെ സഹകരണത്തോടെയാണ് പാലത്തിന്റെ അറ്റകുറ്റ പണികൾ നടത്തുന്നത്. ഈ വർഷത്തെ പദ്ധതിയിൽ 32 ലക്ഷം വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്.

നാട്ടുകാരുടെ ആവശ്യത്തെ തുടർന്ന് 2012 ലാണ് പാലത്തിന്റെ നടപടി ക്രമങ്ങൾ ആരംഭിച്ചത്. 2013 ൽ ഇരുകരകളെയും ബന്ധിപ്പിച്ചുകൊണ്ട് പാലത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചു. താന്ന്യത്തും നാട്ടികയിലും ഉള്ള ജനങ്ങൾക്ക് യാത്രാ തടസ്സം നേരിട്ടതിനെ തുടർന്നാണ് അറ്റകുറ്റ പണികൾ തീർത്ത് പാലം സഞ്ചാര യോഗ്യമാക്കാൻ വേണ്ട തീരുമാനം എടുത്തത്.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഡേവിസ് മാസ്റ്റർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീന പറയങ്ങാട്ടിൽ, പഞ്ചായത്ത് പ്രസിഡണ്ട് രതി അനിൽ കുമാർ, ജില്ലാ പഞ്ചായത്തംഗം വി എം സുർജിത്ത്, താന്ന്യം പഞ്ചായത്ത് 16ാം മെമ്പർ ഒ എസ് അഷ്റഫ് തുടങ്ങിയവർ പാലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ഇവരുടെ നേതൃത്വത്തിൽ നടന്ന ചർച്ചകളുടെ ഭാഗമായാണ് പാലത്തിന്റെ നിർമ്മാണ പ്രവർത്തനം നടത്താൻ തീരുമാനമായത്. എത്രയും വേഗം അറ്റകുറ്റപ്പണികൾ തീർത്ത് പാലം ഉടൻതന്നെ യാത്രാ യോഗ്യമാകുമെന്നാണ് പ്രതീക്ഷ.

Related Posts