ചായ വിറ്റ് അങ്ങ് കാശ്‌മീർ വരെയെത്തി നിധിൻ.

170 രൂപയുമായി സൈക്കിളിൽ കേരളം മുതൽ കാശ്‌മീർ വരെ എത്തിയ നിധിൻ പറയുന്നു, ലക്ഷ്യം ഉറച്ചതാണെങ്കിൽ അത് നിറവേറ്റാൻ ലോകം മുഴുവൻ നമ്മോടൊപ്പം ഉണ്ടാകും.

കാശ്മീർ വരെ പോയിട്ട് വരാം എന്ന് പറഞ്ഞ് യാത്ര പ്രേമിയായ നിധിൻ മാളിയേക്കൽ ജനുവരി ഒന്നിന് സൈക്കിളുമെടുത്ത് വീട്ടിൽ നിന്നിറങ്ങി. ഇന്ത്യ ചുറ്റാനുള്ള ആഗ്രഹവുമായി വീട്ടിൽ നിന്നിറങ്ങുമ്പോൾ ഇരുപത്തിമൂന്നുകാരൻ നിധിന്റെ പക്കൽ ഉണ്ടായിരുന്നത് 170 രൂപ മാത്രം. സൈക്കിളിൽ യാത്ര നടത്തി ഓരോ ദിവസവും യാത്ര ചിലവ് കണ്ടെത്തുന്നതു പോകുംവഴി ചായ വിറ്റ്. 120 ദിവസത്തെ കശ്മീരിലേക്കുള്ള നീണ്ട യാത്ര കഴിഞ്ഞു തൃശ്ശൂർ ആമ്പല്ലൂരിലെ കല്ലൂർ സ്വദേശി നിധിൻ ഏപ്രിൽ 30 നാണ് നാട്ടിൽ തിരിച്ചെത്തിയത്. ഇപ്പോൾ 7 ദിവസത്തെ സെൽഫ് ക്വാറന്റൈനിൽ ആണ്.

പള്ളിക്കുന്ന് സി ജെ എം എ ഹയർസെക്കന്ററി സ്കൂളിൽ നിന്ന് പ്ലസ് ടു പഠനം പൂർത്തിയാക്കിയ നിധിൻ അന്ന് തൊട്ടേ പല ജോലികൾക്കും പോകുമായിരുന്നു. തൃശ്ശൂരിലുള്ള ഒരു റെസ്റ്റോറന്റിൽ ജ്യൂസും ചായയുമൊക്കെ ഉണ്ടാക്കുന്ന ജോലിയായിരുന്നു നിധിന്. യാത്ര, ഫോട്ടോഗ്രഫി, അഭിനയം, സിനിമാ സംവിധാനവുമൊക്കെ ഏറെ ഇഷ്ടപ്പെടുന്ന നിധിൻ ജോലി ചെയ്തു സമ്പാദിച്ചതിൽ നിന്ന് 15000 രൂപ മുടക്കി ഒരു ക്യാമറ വാങ്ങിയിരുന്നു. സിനിമയാണ് നിധിന്റെ ലക്ഷ്യം. ജോലിയും അൽപം ഫോട്ടോഗ്രഫിയുമൊക്കെയായി ജീവിതം മുൻപോട്ടു പോകുന്നതിനിടെയാണു 2020 മാർച്ചിൽ ലോക്ഡൗ‍ൺ പ്രഖ്യാപിക്കുന്നത്. ജോലി നഷ്ടമായതോടെ യാത്രകൾ നടത്തിയിരുന്ന നിധിന് മാസങ്ങളോളം വീട്ടിലിരുന്നു ബോറടിച്ചപ്പോൾ ഇക്കഴിഞ്ഞ ഡിസംബർ അവസാനത്തോടെയാണു പുതുവർഷം പുതിയ യാത്രയിൽ നിന്നാരംഭിച്ചാലോ എന്ന ഐഡിയ മനസ്സിലെത്തുന്നത്.

ഒട്ടും സംശയിച്ചില്ല യാത്ര കശ്മീരിലേക്ക് തന്നെയെന്ന് ഉറപ്പിച്ചു. എന്നാൽ എങ്ങനെ പോകുമെന്ന കാര്യത്തിൽ ഉത്തരമുണ്ടായിരുന്നില്ല. അങ്ങനെയാണ് പ്ലസ്ടുക്കാരനായ അനുജന്റെ പഴയ സൈക്കിൾ കണ്ണിൽപ്പെടുന്നത്. പഴയൊരു സാധാരണ സൈക്കിളിൽ കശ്മീരിലേക്കുള്ള യാത്ര എങ്ങനെ നടത്തുമെന്ന കാര്യം സംശയമായിരുന്നു. ഉപയോഗിക്കാതിരുന്നതിനാൽ സൈക്കിളിന് അറ്റകുറ്റപണികളേറെ നടത്തേണ്ടി വന്നു. എന്തൊക്കെ വന്നാലും കശ്മീർ യാത്ര നടത്തുമെന്നു മനസ്സിൽ ഉറപ്പിച്ചു. പണം കണ്ടെത്താൻ മാർഗമൊന്നും ഇല്ലാതായപ്പോൾ ഏറെ ആഗ്രഹത്തോടെ വാങ്ങിയ ക്യാമറ 10000 രൂപയ്ക്ക് വിറ്റിട്ടാണ് നിധിൻ പണം കണ്ടെത്തിയത്. എന്തൊക്ക വന്നാലും കാശ്മീർ യാത്ര എന്ന ലക്ഷ്യം മാത്രമാണ് നിധിന്റെ മനസ്സിലുണ്ടായിരുന്നത്. വീട്ടുകാരുടെ പൂർണ പിന്തുണയും ഉണ്ടായിരുന്നു.

യാത്രയ്ക്കുള്ള പണം തികയില്ലെന്നു മനസ്സിലായപ്പോളാണ് റെസ്റ്റോറന്റുകളിൽ ചായ ഉണ്ടാക്കിയിരുന്ന എനിക്ക് എന്തുകൊണ്ട് പോകും വഴി ചായ വിറ്റ് യാത്രക്കുള്ള പൈസ ഉണ്ടാക്കിക്കൂടാ എന്ന ഐഡിയ നിധിന് മനസ്സിൽ തോന്നിയത്. അങ്ങനെ 2021 ജനുവരി ഒന്നിന് തന്റെ സൈക്കിളിൽ ആവശ്യമായ വസ്ത്രങ്ങളും ടെന്റും ഡീസൽ ഉപയോഗിച്ചു പ്രവർത്തിക്കുന്ന സ്റ്റൗവ്, ചായയുണ്ടാക്കാനുള്ള പാത്രം, 50 ചായ ചൂടോടെ വയ്ക്കാൻ ഫ്ലാസ്ക് എന്നിവയും വാങ്ങി ബാക്കി കയ്യിലുണ്ടായിരുന്ന 170 രൂപയുമായി യാത്ര തുടങ്ങി. 40- 50ചായ ഒരു ദിവസം വിറ്റാൽ 500 രൂപ. ചിലവുകൾ കഴിച്ചു ബാക്കി 350 രൂപ കിട്ടും. ഒരു ദിവസത്തെ യാത്രയ്ക്കുള്ള പണം അങ്ങനെ ഉണ്ടാക്കും.

എല്ലാ ദിവസവും രാവിലെ 7 മണിയോടെ യാത്ര ആരംഭിക്കും. ദിവസവും നൂറിൽ കൂടുതൽ കിലോമീറ്റർ ദൂരം പിന്നിടും. വൈകിട്ട് 4 മണിയോടെ യാത്ര അവസാനിപ്പിച്ച് ഒരു സ്ഥലം കണ്ടെത്തി സ്റ്റൗവ് കത്തിച്ചു ചായയുണ്ടാക്കി വിൽപന നടത്തും. യാത്രയുടെ വിവരമറിഞ്ഞ് മലയാളികളും മറ്റു ഭാഷക്കാരും ചായ വാങ്ങാതെ തന്നെ പണം നൽകി. ഒരു ദിവസം ചായ വിറ്റ് നിധിൻ 3000 രൂപ വരെ സമ്പാദിച്ചു. ചിലവ് ചുരുക്കിയ യാത്രയാണ്‌ പ്ലാന്‍ ചെയതത്. അതുകൊണ്ട് എവിടെയും പൈസ കൊടുത്ത് സ്റ്റേ ചെയ്തില്ല. പകരം ഏതെങ്കിലുമൊരു പെട്രോൾ പമ്പ് കണ്ടുപിടിച്ച് അവിടെ ടെന്റടിക്കും. ഇതാണ് വിശ്രമം. പുലർച്ചെ വീണ്ടും യാത്ര തുടങ്ങും. ഈ യാത്ര ആരംഭിക്കുമ്പോൾ സുരക്ഷയ്ക്കായി ഹെൽമെറ്റോ ഗ്ലൗസ്സോ ഒന്നും നിധിൻ കരുതിയിരുന്നില്ല. എന്നാൽ പോകുംവഴി നിധിന്റെ യാത്രയെ കുറിച്ച് സോഷ്യൽ മീഡിയയിലൂടെ മറ്റും അറിഞ്ഞവർ ഇതെല്ലാം അവനു വാങ്ങി നൽകി. യാത്ര ചെയ്തു കാലിനു നന്നായി നീരു വന്നു. ഒരുപാട് വേദന അനുഭവിച്ചു. അപ്പോഴും കാശ്മീർ എന്ന ഒരൊറ്റ ലക്ഷ്യം മാത്രമേ നിധിന്റെ മനസ്സിൽ ഉണ്ടായിരുന്നുള്ളു. ആ ഉറച്ച ആത്മവിശ്വാസമാണ് നിധിനെ കാശ്മീർ വരെ എത്തിച്ചത്. പിന്നീട് തിരിച്ചുള്ള യാത്രയിൽ ഉത്തർപ്രേദേശിലും മധ്യപ്രേദേശിലും ലോക്ഡൗൺ പ്രഖ്യാപിച്ചത് ഒരു തടസമായപ്പോൾ നാട്ടിലേക്കുള്ള ഒരു ലോറിയിലാണ് തിരിച്ച് വന്നത്.

ഇറങ്ങി തിരിക്കാനുള്ള ധൈര്യവും കഠിനാധ്വാനം ചെയ്യാനുള്ള മനസുമുണ്ടെങ്കിൽ ഒന്നും തടസ്സമാവില്ല. ദക്ഷിണേന്ത്യയിൽ നിരവധി യാത്രകൾ നടത്തിയിട്ടുള്ള നിധിന് ഇത്തരമൊരു സൈക്കിൾ യാത്ര ആദ്യ അനുഭവമാണ്. യാത്രക്കിടയിൽ ഒരുപാട് നല്ല സുഹൃത്ത് ബന്ധങ്ങൾ നേടി. സുമനസ്സുകളിൽ നിന്നു ലഭിച്ച സഹായങ്ങളും പിന്തുണയും വളരെ വലുതാണ്. മഹാരാഷ്ട്രയിലെയും പഞ്ചാബിലെയും ജനങ്ങൾ നൽകിയ സ്നേഹവും പിന്തുണയും വാക്കുകൾക്കതീതമായിരുന്നുവെന്ന് നിധിൻ പറയുന്നു.

യാത്രകൾ എന്നും ഏകനായി തന്നെ. ഒറ്റക്കുള്ള യാത്രകൾ ഏറെ ഇഷ്ടപെടുന്ന നിധിൻ കേരളം, കർണാടക, ഗോവ, മഹാരാഷ്ട്ര, പൂനെ, മുംബൈ, ഗുജറാത്ത്, രാജസ്ഥാൻ, ജയ്പ്പൂർ, അജ്മർ, പുഷ്‌കർ, ഹരിയാന, പഞ്ചാബ്, ഡൽഹി, ചണ്ഡിഗഡ്, ഹിമച്ചാൽ, കുളു, മണാലി, സിസു, കാസോൾ, ജമ്മു, കാശ്മീർ, ശ്രീനഗർ, ഗുൽമാർഗ്, പഹൽഗം, സോനമാർഗ് ഉത്തർ പ്രദേശ്, മധ്യപ്രേദേശ്, തെലുങ്കാന, ഹൈദരാബാദ്, ബാംഗ്ലൂർ, സേലം, പാലക്കാട്, തൃശ്ശൂർ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ചു.

ബുള്ളറ്റ്, ഹിമാലയ, ലക്ഷ്വറി ബൈക്സ്, പണം ഇവയൊന്നുമല്ല, ലക്ഷ്യം ഉറച്ചതാണെങ്കിൽ അത് നിറവേറ്റാൻ ലോകം മുഴുവൻ നമ്മുടെ കൂടെയുണ്ടാകും.

യാത്ര ചെയ്യാൻ ബൈക്ക് തന്നെ വേണമെന്നില്ല. നമ്മുടെ കയ്യിലുള്ളത് എന്താണോ അത് ചെറുതാണോ വലുതാണോ പുതിയതാണോ പഴയതാണോ എന്നൊന്നും ഇല്ല ഉള്ളത് എന്താണോ അതിലൂടെ ലക്ഷ്യത്തിലേക്ക് കുതിക്കുക. അധികം ഉയരവും വണ്ണവും ഇല്ലാത്ത ഫിസിക്കലി ഒട്ടും ഫിറ്റ്‌ അല്ലാത്ത എനിക്ക് ഇത് സാധിക്കുമെങ്കിൽ നിങ്ങളുടെ സ്വപ്‌നങ്ങൾ നേടിയെടുക്കാൻ നിങ്ങൾക്കും സാധിക്കും. നിധിന്റെ ഈ വാക്കുകൾ എല്ലാവർക്കും ഒരു പ്രചോദനമാവട്ടെ.

Related Posts