ജല സംഭരണശേഷി കുറഞ്ഞു കൊണ്ടിരിക്കുന്ന ചേറ്റുവ പുഴയുടെ വീണ്ടെടുപ്പിന് വേണ്ടിയാണ് തീരുമാനം.
ചേറ്റുവ പുഴയുടെ വീണ്ടെടുപ്പിന് ജില്ലാ പഞ്ചായത്ത് അമ്പത് ലക്ഷം രൂപ വകയിരുത്തി.
ഏങ്ങണ്ടിയൂർ:
കാലങ്ങളായി ചെളി അടിഞ്ഞു കൂടിയത് മൂലം ജലസംഭരണശേഷി കുറഞ്ഞു കൊണ്ടിരിക്കുന്ന ചേറ്റുവ പുഴയുടെ വീണ്ടെടുപ്പിന് ജില്ലാ പഞ്ചായത്ത് അമ്പത് ലക്ഷം രൂപ വകയിരുത്തി. വേനൽകാലത്ത് പോലും വേലിയേറ്റത്തിൽ പുഴ കരകവിഞ്ഞൊഴുകി കാർഷിക മേഖലയ്‌ക്ക് നാശം വരുത്താറുണ്ട്. ശുദ്ധജലം ഉപ്പു വെള്ളമാകുന്നത് പാരിസ്ഥിതിക പ്രശ്നവുമാണ്. ഇക്കാര്യം ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി എം അഹമ്മദ് ജില്ലാ പഞ്ചായത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയതിനെത്തുടർന്നാണ് പരിഹാര നടപടികളായത്. ചെളിയെടുക്കുമ്പോൾ അടിത്തട്ട് നിരപ്പ് സ്ഥായിയായി നിലനിർത്തുന്നതിന് തൊഴിലാളികളും ജനപ്രതിനിധികളും പൊലീസും റവന്യൂ ഉദ്യോഗസ്ഥരും അടങ്ങുന്ന ജാഗ്രതാ സമിതികളുടെ നേതൃത്വത്തിലായിരിക്കും പ്രവർത്തനം സംഘടിപ്പിക്കുക. ജില്ലാപഞ്ചായത്ത് സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങൾ സ്ഥലം സന്ദർശിച്ചു. എട്ടോളം ഡിവിഷനുകളെ ബാധിക്കുന്ന പ്രശ്നമായി പരിഗണിച്ചാണ് 50 ലക്ഷം രൂപ മാറ്റിവയ്‌ക്കാൻ തീരുമാനിച്ചത്. പരമ്പരാഗത ചെളിയെടുക്കുന്ന തൊഴിലാളികളാണ് ഈ പ്രവർത്തനം ചെയ്യുന്നത്. അതിനാൽ കൊവിഡ് കാലത്ത് തൊഴിലാളികൾക്ക് തൊഴിലവസരവും സൃഷ്ടിക്കപ്പെടും. ഗ്രാമപഞ്ചായത്തുകൾ ഈ ചെളി വാങ്ങുകയും കർഷകർക്ക് വളമായി നൽകുകയും ചെയ്യും.