ചാലക്കുടിയിൽ ആംബുലൻസ് കുഴിയിൽ വീണ്‌ രോഗി മരിച്ചു.

ചാലക്കുടി:

ചാലക്കുടി ആനമല ജംഗ്ഷനിൽ ആംബുലൻസ് കുഴിയിലേക്ക് വീണ് രോഗി മരിച്ചു. മാള കുഴൂർ തുമ്പരശ്ശേരി പടമാടുങ്കൽ ജോൺസൺ (50) ആണ് മരിച്ചത്. ഹൃദയാഘാതം വന്ന രോഗിയെ മാള ഗുരുധർമ്മം ആശുപത്രിയുടെ ആംബുലൻസിൽ ചാലക്കുടി സെൻ്റ് ജെയിംസ് ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോഴായിരുന്നു അപകടം. അപകടത്തെ തുടർന്ന് മറ്റൊരു കാറിൽ രോഗിയെ സെന്റ് ജെയിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും രാവിലെ എട്ടു മണിയോടെ മരണം സംഭവിക്കുകയായിരുന്നു. ആംബുലൻസിലുണ്ടായിരുന്ന ജോൺസന്റെ മകൻ നോബിളിന് (19) സാരമായി പരിക്കേറ്റു. ഡ്രൈവറടക്കം മൂന്ന് പേർ പരിക്കേൽക്കാതെ രക്ഷപ്പെട്ടുകയായിരുന്നു. ചാലക്കുടിയിൽ റോഡ് നവീകരണം നടക്കുന്ന ഭാഗത്ത് വെച്ച് അർധരാത്രി ഒരു മണിയോടെയാണ് അപകടം. ആംബുലൻസ് ഡ്രൈവർ അമലിൻ്റെ ഇടപെടലാണ് വലിയ ദുരന്തം ഒഴിവാക്കിയത്. ഗുരുതരാവസ്ഥയിലായ രോഗിയെ കൊണ്ടുവരുന്ന വഴിയിൽ അടുത്ത്‌ വന്നപ്പോഴാണ് കുഴികാണുന്നത്. ബ്രേക്ക് ചവിട്ടി പരമാവധി വേഗം കുറക്കുവാൻ സാധിച്ചെങ്കിലും ആംബുലൻസ് കുഴിയിൽ വീഴുകയായിരുന്നു. ആനമല ജംഗ്ഷനിലെ വെള്ളക്കെട്ട് ഒഴിവാക്കുവാൻ നഗരസഭയുടെ അഭ്യർത്ഥന പ്രകാരം പൊതുമരാമത്ത് വകുപ്പ് കാന താഴ്ത്തി നവീകരിക്കുന്ന ജോലികൾക്കായി താഴ്ത്തിയ വലിയ കുഴിയിലേക്കാണ് ആംബുലൻസ് വീണത്. റോഡിൽ വെളിച്ചമില്ലാത്തത് അപകട കാരണമായെന്ന് നാട്ടുകാർ ആരോപിക്കുന്നു. അധികൃതരുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Related Posts