ചാവക്കാട് കൊവിഡാനന്തര ഹോമിയോപ്പതി ചികിത്സാ കേന്ദ്രം ആരംഭിച്ചു.
ചാവക്കാട്:
കൊവിഡ് പ്രതിരോധ ഹോമിയോപ്പതി മരുന്നിനെ സംബന്ധിച്ച് തദ്ദേശ സ്വയംഭരണ തലത്തിലെ സംസ്ഥാനത്തെ ആദ്യ പഠന റിപ്പോർട്ട് സമർപ്പിച്ചു.
എല്ലാ മാസവും കൃത്യമായി മരുന്ന് കഴിച്ച വ്യക്തികളിൽ കൊവിഡ് ബാധിക്കുന്നത് കുറവാണെന്ന് പഠനം. ചാവക്കാട് മുൻസിപ്പാലിറ്റിയുടെ കൊവിഡാനന്തര ഹോമിയോപ്പതി ചികിത്സാ കേന്ദ്രം എൻ കെ അക്ബർ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഏറ്റവും ചുരുങ്ങിയ ചെലവിൽ കൊവിഡിന്റെ പ്രതിരോധ ചികിത്സ സമൂഹത്തിന് നൽകാൻ ഹോമിയോപ്പതിക്ക് സാധിക്കും എന്ന് എം എൽ എ അഭിപ്രായപ്പെട്ടു.
2020 മാർച്ച് മുതൽ നവംബർ വരെയുള്ള കാലഘട്ടത്തിൽ ചാവക്കാട് മുനിസിപ്പാലിറ്റിയിലെ വിവിധ വാർഡുകളിൽ വിതരണം ചെയ്ത കൊവിഡ് പ്രതിരോധ ഹോമിയോപ്പതി മരുന്ന് ഗുണപ്രാപ്തി സർവ്വേ റിപ്പോർട്ട് എം എൽ എയ്ക്ക് കൈമാറി ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് പ്രകാശനം ചെയ്തു. തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന്റെ നേതൃത്വത്തിൽ കൊവിഡ് പ്രതിരോധ ഹോമിയോപ്പതി മരുന്നിനെ സംബന്ധിച്ച് സംസ്ഥാനത്തെ ആദ്യ പഠന റിപ്പോർട്ടാണ് സമർപ്പിച്ചത്.
സർവ്വേയുടെ ചീഫ് ഇൻവെസ്റ്റിഗേറ്റർ ചാവക്കാട് സർക്കാർ ഹോമിയോ ഡിസ്പെൻസറിയിലെ മെഡിക്കൽ ഓഫീസർ ഡോ. എസ് ശ്രീവിദ്യ ഹോമിയോപ്പതി പ്രതിരോധ മരുന്നിന്റെ ഫലപ്രാപ്തിയെക്കുറിച്ച് വിശദീകരിച്ചു. മുനിസിപ്പാലിറ്റിയിലെ 629 വ്യക്തികളെയാണ് പഠനത്തിൽ ഉൾപ്പെടുത്തിയത്. കൊവിഡ് ബാധിച്ച 171 പേരെയും കൊവിഡ് വരാത്ത 458 പേരെയുമാണ് പഠന വിധേയമാക്കിയത്. എല്ലാ മാസവും കൃത്യമായി മുടക്കമില്ലാതെ മരുന്ന് കഴിച്ച വ്യക്തികളിൽ കൊവിഡ് ബാധിക്കുന്നത് കുറവാണെന്ന് പഠനത്തിൽ കണ്ടെത്തി.
കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ചാവക്കാട് നഗരസഭാ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ കെ കെ മുബാറക്ക്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ, തൃശൂർ ജില്ലാ ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോ. എം ജെ ജയലത, ജില്ലാ റീച്ച് കൺവീനർ ഡോ. പ്രവീൺ ബി വിശ്വം, വടക്കാഞ്ചേരി സി എം ഒ ഡോ. പി ജി ബിജു, നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടർ എം ഷമീർ, നഗരസഭ സെക്രട്ടറി കെ ബി വിശ്വനാഥൻ എന്നിവർ പങ്കെടുത്തു.