ചാവക്കാട് നഗരസഭയിൽ 'സുജീവനം' യോഗ പരിശീലന പരിപാടിക്ക് തുടക്കം.

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് സൗജന്യ ഓണ്‍‍ലൈന്‍‍ യോഗ പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.

ചാവക്കാട്:

ചാവക്കാട് നഗരസഭയും യോഗ അസോസിയേഷൻ ഓഫ് തൃശൂരും സംയുക്തമായി സംഘടിപ്പിക്കുന്ന 'സുജീവനം' ഓൺലൈൻ യോഗ പരിശീലന പരിപാടിക്ക് തുടക്കമായി. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് സൗജന്യ ഓണ്‍‍ലൈന്‍‍ യോഗ പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ഉദ്ഘാടനം എൻ കെ അക്ബർ എം എൽ എ നിർവഹിച്ചു.

കൊവിഡ് 19 മഹാമാരി ജന ജീവിതത്തെ ഭീതിയിലാഴ്ത്തുന്ന ഈ കാലഘട്ടത്തില്‍ യോഗ അഭ്യസിക്കുന്നതിലൂടെ ശ്വസന ശേഷിയും പ്രതിരോധ ശേഷിയും വർദ്ധിപ്പിച്ച് ആരോഗ്യ സംരക്ഷണം ഉറപ്പ് വരുത്തുകയാണ് ‘സുജീവനം’ ലക്ഷ്യമിടുന്നത്. ജൂൺ 23 മുതൽ 27 വരെ അഞ്ചു ദിവസങ്ങളിലായി രാവിലെ 7 മണിക്കും വൈകീട്ട് 7 മണിക്കുമാണ് യോഗ ക്ലാസുകൾ. യോഗ പരിശീലനത്തിൽ പങ്കെടുക്കുവാൻ  ആഗ്രഹിക്കുന്നവർക്ക് ഗൂഗിൾ മീറ്റ് ലിങ്ക് വഴി ക്ലാസിൽ പ്രവേശിക്കാം. https://meet.google.com/jkt-ymuv-jwf.

ചാവക്കാട് നഗരസഭ ചെയർപേഴ്‌സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് ചെയർമാൻ കെ കെ മുബാറക്, സ്ഥിരം സമിതി അധ്യക്ഷൻമാരായ ബുഷറ ലത്തീഫ്, പ്രസന്ന രണദിവേ, ഷാഹിന സലിം, കൗൺസിലർ  കെ വി ഷാനവാസ്‌, നഗരസഭാ സെക്രെട്ടറി കെ ബി വിശ്വനാഥൻ എന്നിവർ പങ്കെടുത്തു.

Related Posts