ജാഗ്രത പാലിക്കാം സിക്ക വൈറസിനെതിരെയും.

സംസ്ഥാനത്ത് ഒന്നിലധികം ജില്ലകളില്‍ സിക്ക വൈറസ് രോഗം സ്ഥീരികരിച്ച സാഹചര്യത്തില്‍ ജില്ലയിലും ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഡെങ്കിപ്പനി, ചിക്കുന്‍ ഗുനിയ, മഞ്ഞപ്പനി, തുടങ്ങിയ അസുഖങ്ങള്‍ പരത്തുന്ന ഈഡിസ് കൊതുകുകള്‍ തന്നെയാണ് സിക്ക വൈറസ് രോഗം പരത്തുന്നത്. രോഗാണു ബാധിച്ച ഈഡിസ് കൊതുകുകളുടെ പകല്‍ സമയത്തുളള പ്രത്യേകിച്ചും പ്രഭാതങ്ങളിലും, സന്ധ്യാസമയങ്ങളിലുമുളള കടിയേല്‍ക്കുന്നതിലൂടെയാണ് ഈ വൈറസ് മനുഷ്യരിലേക്ക് പകരുന്നത്.
രോഗബാധിതരായ വ്യക്തികളില്‍ നിന്നും രക്തം സ്വീകരിക്കുക വഴിയോ, ലൈംഗിക ബന്ധത്തിലൂടെയോ സിക്ക വൈറസ് രോഗം പകരാന്‍ സാധ്യതയുണ്ട്. അമ്മയില്‍ നിന്നും ഗര്‍ഭസ്ഥ ശിശുവിലേയ്ക്കും വൈറസ് ബാധ ഏല്‍ക്കാനിടയുണ്ട്. പനി,തിണര്‍പ്പ്, കണ്ണില്‍ ചുവപ്പ്, പേശികളിലും സന്ധികളിലും വേദന, തലവേദന, ക്ഷീണം എന്നിവയെല്ലാം ഈ വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ ആണ്.
സിക്ക വൈറസ് ശരീരത്തില്‍ പ്രവേശിച്ച് ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നത് വരെയുളള കാലയളവ് 3 മുതല്‍ 14 ദിവസം വരെയാണ്. അതിനുശേഷം ഗുരുതരമല്ലാത്ത ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ട് 2 മുതല്‍ 7 ദിവസം വരെ നീണ്ടു നിന്നതിനുശേഷം മാറി പോകുന്നതാണ്. ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാതെയുമിരിക്കാം.
ഗര്‍ഭിണി ആയിരിക്കുമ്പോള്‍ സിക്ക വൈറസ് ബാധ ഉണ്ടായാല്‍ അത് മൈക്രോസെഫാലി (കുഞ്ഞുങ്ങളുടെ തല ചെറുതാകുന്ന അവസ്ഥ), കുഞ്ഞുങ്ങള്‍ക്ക് മറ്റ് ജനിതക വൈകല്യങ്ങള്‍, ഗര്‍ഭഛിദ്രം, ചാപിളള പിറക്കല്‍, മാസം തികയാതെയുളള പ്രസവം എന്നിവക്ക് കാരണമായേക്കാം. ഗര്‍ഭിണികളില്‍ വൈറസ് ബാധ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടാലുടന്‍ തന്നെ വൈദ്യ സഹായം തേടേണ്ടതാണ്.
അപൂര്‍വ്വമായി സിക്ക വൈറസ് രോഗം മുതിര്‍ന്നവരിലും, മുതിര്‍ന്ന കുട്ടികളിലും ഗില്ലന്‍ബാരി സിന്‍ഡ്രോം, ന്യൂറോപ്പതി, മൈലിറ്റിസ് എന്നിവക്ക് കാരണമായേക്കാം. സിക്ക വൈറസ് ബാധക്കെതിരായ വാക്‌സിനേഷനോ, പ്രത്യേക ചികിത്സയോ നിലവില്‍ ഇല്ലാത്തതിനാല്‍ രോഗപ്രതിരോധവും, രോഗം പകരാതിരിക്കാനുളള മുന്‍കരുതലുകള്‍ സ്വീകരിക്കലുമാണ് പ്രധാനം. കൊതുകുകടി ഏല്‍ക്കാതിരിക്കാനും കൊതുകിന്റെ ഉറവിട നശീകരണത്തിലും പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതാണ്.
കൊതുകുകടി ഏല്‍ക്കാതിരിക്കാന്‍ ശരീരം മൂടുന്ന വിധത്തിലുളള വസ്ത്രങ്ങള്‍ ധരിക്കുക, ജനലുകളും വാതിലുകളും അടച്ചിടുക, ജനലുകളിലും വാതിലുകളിലും കൊതുക് വലകള്‍ ഘടിപ്പിക്കുക, കൊതുകിനെ അകറ്റുന്ന ലേപനങ്ങള്‍ ഉപയോഗിക്കുക എന്നിവ ചെയ്യേണ്ടതാണ്. വീടും പരിസരവും സ്ഥാപനങ്ങളും വെളളം കെട്ടി നിന്ന് കൊതുക് മുട്ടയിട്ട് പെരുകാനുളള സാഹചര്യമാകുന്നില്ലെന്ന് ഉറപ്പു വരുത്തേണ്ടതാണ്. രോഗബാധിത പ്രദേശങ്ങളിലേക്കുളള യാത്രകള്‍ കഴിയുന്നത്ര ഒഴിവാക്കുകയോ മാറ്റി വയ്ക്കുകയോ ചെയ്യാന്‍ ശ്രദ്ധിക്കേണ്ടതാണ്. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ എത്രയും പെട്ടന്ന് തന്നെ അടുത്തുളള ആരോഗ്യകേന്ദ്രങ്ങളില്‍ ചെന്ന് പരിശോധനക്ക് വിധേയമാകേണ്ടതാണ്. വേദനയ്ക്കും പനിക്കുമുളള മരുന്നുകള്‍, വിശ്രമം, ധാരാളം വെളളം കുടിക്കുക ഇവയിലൂടെ രോഗം ഭേദമാവും.