ജനകീയാസൂത്രണത്തിൻ്റെ ഓർമ്മ പുതുക്കി മുരിയാട് ഗ്രാമപഞ്ചായത്ത്.

മുരിയാട്: ജനകീയാസൂത്രണത്തിൻ്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മുൻകാല ജനപ്രതിനിധികളെ ആദരിച്ച് ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾക്ക് മുരിയാട് ഗ്രാമപഞ്ചായത്തിൽ തുടക്കമായി. പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം ജനകീയാസൂത്രണത്തിന് തുടക്കം കുറിച്ച ഭരണസമിതിയുടെ അധ്യക്ഷ തങ്കമണി വാസു നിർവഹിച്ചു. യോഗത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് ജോസ് ചിറ്റിലപ്പിള്ളി അധ്യക്ഷനായി. 

ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികളാണ് പഞ്ചായത്ത് ഇതിനകം ആസൂത്രണം ചെയ്തിട്ടുള്ളത്. മിയാവാക്കി വനങ്ങൾ വെച്ച് പിടിപ്പിക്കൽ, വയോജന ക്ലബ്ബുകൾ, ഔഷധ ഉദ്യാനങ്ങൾ, രജതജൂബിലി സ്മാരകമായി പഞ്ചായത്തിൻ്റെ വിവിധ ഇടങ്ങളിലായി ഗ്രാമകേന്ദ്രങ്ങൾ ഇങ്ങനെ നീണ്ടുകിടക്കുന്നതാണ് ജനകീയാസൂത്രണത്തിൻ്റെ ഭാഗമായി പഞ്ചായത്ത് ആസൂത്രണം ചെയ്തിട്ടുള്ള പരിപാടികൾ. മുൻ പ്രസിഡണ്ടുമാരായ തങ്കമണി വാസു, പി കെ ബാലകൃഷ്ണൻ, ലതാ ചന്ദ്രൻ, എം ബി രാഘവൻ മാസ്റ്റർ, സരള വിക്രമൻ, സരിത സുരേഷ് എന്നിവരെയും ജനകീയാസൂത്രണത്തിൽ തുടക്കം കുറിച്ച ഭരണസമിതിയിലെ അംഗങ്ങളായ ടി എം മോഹനൻ, എൻ എൽ ജോൺസൺ, ശകുന്തള നാരായണൻകുട്ടി, എ എം ജോൺസൺ, മുരളീ ദത്തൻ എന്നിവരെയും ചടങ്ങിൽ ആദരിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീല ജയരാജ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ കെ പി പ്രശാന്ത്, കെ യു വിജയൻ, രതി ഗോപി, ഭരണ സമിതി അംഗം തോമസ് തൊകലത്ത്, ശ്രീജിത്ത് പട്ടത്ത്, നിജി വത്സൻ, നിഖിത അനൂപ്, സേവിയർ ആളുകാരൻ, മനീഷ മനീഷ്, മണി സജയൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Related Posts