ജനകീയ പങ്കാളിത്തത്തോടെ വിപുലമായ ശുചീകരണ പദ്ധതികളുമായി പുന്നയൂർ പഞ്ചായത്ത്.

പഞ്ചായത്തിൽ 5000 വൃക്ഷതൈകൾ നടുന്നതിനും പ്രത്യേക പദ്ധതി തയ്യാറാക്കി.

പുന്നയൂർ:

പകർച്ചവ്യാധികൾക്കെതിരെ പ്രതിരോധം ശക്തിപ്പെടുത്തുന്നതിന് പഞ്ചായത്തിന് കീഴിലെ എല്ലാ വകുപ്പുകളെയും ഏകോപിച്ച് ശുചീകരണ പ്രവർത്തനങ്ങൾ നടത്താൻ പുന്നയൂർ പഞ്ചായത്തിൽ നടന്ന പ്രത്യേക യോഗം തീരുമാനിച്ചു. ഓരോ വാര്‍ഡിലും അഞ്ച് പേര്‍ വീതമുള്ള സംഘങ്ങള്‍ വ്യത്യസ്ത പോയിന്റുകളില്‍ കൊവിഡ് മാനദണ്ഡം പാലിച്ച് ശുചീകരണ പ്രവൃത്തി ഏറ്റെടുക്കും.

ജൂൺ നാലിന് സ്ഥാപനതല ശുചീകരണവും ജൂൺ 6ന് വാർഡ് തലത്തിൽ 50 വീടുകള്‍ വീതം വരുന്ന ക്ലസ്റ്ററുകളായി തിരിച്ച് വീടുകളും അതേ പരിധിയിൽ വരുന്ന സ്ഥാപനങ്ങളും മാലിന്യമുക്തമാക്കാനും യോഗം തീരുമാനിച്ചു. കൊതുക് വളരുന്ന സാഹചര്യം ഒഴിവാക്കിയെന്ന് ഉറപ്പാക്കുന്നതിന് വീടുകളിൽ ഡ്രൈ ഡേ ക്യാമ്പയിൻ ആചരിക്കും. ജൂൺ 5 പരിസ്ഥിതി ദിനത്തിൽ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ റെസിഡന്റ്‌സ് അസോസിയേഷനുകള്‍, യുവജന സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, വിദ്യാര്‍ത്ഥികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരെ ഏകോപിപ്പിച്ചാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുക.

പഞ്ചായത്തിൽ 5000 വൃക്ഷതൈകൾ നടുന്നതിനും പ്രത്യേക പദ്ധതി തയ്യാറാക്കി. വീടും പരിസരവും വൃത്തിയാക്കുക, വെള്ളം കെട്ടിക്കിടന്ന് കൊതുക് പെരുകാനുള്ള സാഹചര്യം, ഈച്ച, എലി എന്നിവ പെരുകാനുള്ള സാഹചര്യം ഒഴിവാക്കുക തുടങ്ങിയ കർമ്മ പദ്ധതികളാണ് ശുചീകരണ പ്രക്രിയയിൽ ഉൾകൊള്ളിച്ചിരിക്കുന്നത്. പുന്നയൂർ പഞ്ചായത്ത് പ്രസിഡണ്ട് ടി വി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി കെ ഷിബുദാസ് റിപ്പോർട്ട് അവതരിപ്പിച്ചു. വിവിധ സ്ഥാപന മേധാവികൾ പങ്കെടുത്തു.

Related Posts