ജയിൽ മോചിതനായി ബെക്സ് കൃഷ്ണൻ ജന്മ നാട്ടിൽ തിരിച്ചെത്തി.

ദുബൈ:

അബൂദാബിയിൽ വധശിക്ഷക്ക്​ വിധിക്കപ്പെട്ട്​ ജയിലിൽ കഴിഞ്ഞിരുന്ന തൃശൂർ പുത്തൻചിറ ചെറവട്ട ബെക്​സ്​ കൃഷ്​ണൻ ജയിൽ മോചിതനായി നാട്ടിലെത്തി. വധശിക്ഷക്ക് വിധിക്കപ്പെട്ട് ജീവിതത്തിലെ സർവ്വ പ്രതീക്ഷകളും അസ്തമിച്ച ബെക്സിന് ലുലുഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി നൽകിയത് രണ്ടാം ജന്മം.

സുഡാനി ബാലന്റെ മരണത്തിനിടയാക്കിയ അപകടത്തെ തുടർന്ന്​ വധശിക്ഷക്ക്​ വിധിക്കപ്പെട്ട ബെക്​സിന്​ തുണയായത്​ വ്യവയസായി എം എ യൂസഫലിയുടെ ഇടപെടലാണ്​. ഒരു കോടി രൂപ ദിയാദനം യൂസഫലി കോടതിയിൽ കെട്ടിവെച്ചതോടെയാണ്​ ജയിൽ മോചിതനായത്​. യൂസഫലിയെ കാണണമെന്ന്​ ബെക്​സ്​ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ, കേസിൽ ഉൾപ്പെട്ട വ്യക്തിയായതിനാൽ ജയിലിൽ നിന്ന്​ നേരെ വിമാനത്താവളത്തിൽ എത്തിച്ച് നാട്ടിലേക്ക് അയക്കുകയായിരുന്നു.

ചൊവ്വാഴ്​ച രാത്രി യു എ ഇ സമയം 8.32ന്​ പുറപ്പെട്ട ഇത്തിഹാദിന്റെ ഇ വൈ 280 വിമാനത്തിലാണ്​ ബെക്​സ്​ നാട്ടിലെത്തിയത്​. അബൂദാബി അൽ വത്​ബ ജയിലിൽ നിന്ന്​ അധികൃതർ നേരിട്ട് അബൂദബി വിമാനത്താവളത്തിൽ എത്തിക്കുകയായിരുന്നു.

ഇന്ത്യൻ സമയം പുലർച്ചെ 1.50ന്​ നെടുമ്പാശേരിയിൽ വിമാനമിറങ്ങി. ഭാര്യ വീണയും മകൻ അദ്വൈദും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ വിമാനത്താവളത്തിൽ എത്തിയിരുന്നു.

Related Posts