ജലലഭ്യത ഉറപ്പാക്കി തോട്ടുമുഖം - കരയാംപാടം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി.

കൊടകര:

കൊടകര ബ്ലോക്ക് പഞ്ചായത്തിലെ വരന്തരപ്പിള്ളി, പുതുക്കാട് ഗ്രാമപഞ്ചായത്തുകളിലെ ജല ദൗര്‍ലഭ്യം ഇനി പഴങ്കഥ. കുടിവെള്ളത്തിനും കൃഷി അവശ്യങ്ങള്‍ക്കുമായി നടപ്പിലാക്കിയ പദ്ധതിയിലൂടെ വെള്ളത്തിന്‍റെ ബുദ്ധിമുട്ടിന് ശാശ്വത പരിഹാരം. പഴയ മണ്‍കാനകള്‍ക്ക് പകരം കോണ്‍ക്രീറ്റ് ചെയ്ത കാനകളിലൂടെ ഇനി ജലം സുലഭമായി ഒഴുകിയെത്തും. കോണ്‍ക്രീറ്റിങ് പൂര്‍ത്തിയാക്കിയതിന്‍റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം ആര്‍ രഞ്ജിത്ത് നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്തിന്‍റെ 2020 - 21 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി പ്ലാന്‍ ഫണ്ടില്‍ നിന്നും അഞ്ച് ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതിയുടെ കോണ്‍ക്രീറ്റിങ് നടത്തിയത്.

കനാലിന്‍റെ ദൂരം വരന്തരപ്പിള്ളി പഞ്ചായത്തില്‍ 1500 മീറ്ററും പുതുക്കാട് പഞ്ചായത്തില്‍ 500 മീറ്ററുമാണ്. വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തിലെ 17, 20 വാര്‍ഡുകളില്‍ 217 ഉപഭോക്താക്കള്‍ക്കാണ് ഈ പദ്ധതിയുടെ ഗുണഫലം ലഭിക്കുക. 120 ഹെക്ടര്‍ ഭൂമിയില്‍ കര്‍ഷകര്‍ കൃഷി ചെയ്തിട്ടുണ്ട്. മൂന്ന് പമ്പ് സെറ്റ് വഴി വരുന്ന വെള്ളം ഒരു സംഭരണ ടാങ്കില്‍ വന്നുചേര്‍ന്ന് അതില്‍നിന്നും ടാങ്കിന്‍റെ ഇരുഭാഗങ്ങളിലേക്കും കാനകള്‍ വെള്ളം ഗുണഭോക്താക്കള്‍ക്ക് എത്തുന്നത്. കാനയുടെ ഉത്ഭവസ്ഥാനം ഉയര്‍ന്ന പ്രദേശമായതിനാലും ദൂരങ്ങളിലേക്കെത്തുന്ന വെള്ളത്തിന്‍റെ അളവ് കുറയുന്നത് തടയാനും കോണ്‍ക്രീറ്റ് ഇട്ടതിലൂടെ സാധിക്കും.

പ്രദേശവാസികളുടെയും കര്‍ഷകരുടേയും ഏറെനാളത്തെ ആവശ്യത്തെത്തുടര്‍ന്നാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം ആര്‍ രഞ്ജിത്തിന്‍റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് അനുബന്ധ നടപടികള്‍ പൂര്‍ത്തീകരിച്ചത്. ഒന്നാം ഘട്ടം എന്ന നിലയില്‍ നിലവിലുള്ള സംഭരണ ടാങ്കിന്‍റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി. ഏകദേശം 130 മീറ്റര്‍ നീളം വരുന്ന കോണ്‍ക്രീറ്റ് കാനയുടെ നിര്‍മ്മാണവും പൂര്‍ത്തികരിച്ചു.

Related Posts