ജില്ലയില്‍ കൊവിഡ് നിയന്ത്രണത്തിന് പ്രത്യേക മാര്‍ഗരേഖ തയ്യാറാക്കും: ജില്ലാ വികസന സമിതി.
തൃശ്ശൂർ :
ജില്ലയില്‍ കൊവിഡ് നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായും മൂന്നാം തരംഗ സാധ്യത മുന്‍നിര്‍ത്തിയും പ്രത്യേക കൊവിഡ് പ്രതിരോധ മാര്‍ഗരേഖ തയ്യാറാക്കും. മന്ത്രിമാരായ കെ രാധാകൃഷ്ണന്‍, കെ രാജന്‍, ആര്‍ ബിന്ദു എന്നിവരും വിവിധ എം എല്‍ എമാരും പങ്കെടുത്ത ജില്ലാ വികസന സമിതി യോഗത്തിലാണ് തീരുമാനം. ഇതിനായി മന്ത്രിമാര്‍, എം എല്‍ എ മാര്‍, കലക്ടര്‍ എന്നിവരുടെ നേതൃത്വത്തില്‍ അടുത്ത ദിവസം അവലോകന യോഗം ചേരും.
കൊവിഡ് പ്രതിരോധം കൂടുതല്‍ ജനകീയമാക്കും. വാക്സിനേഷന്‍ നല്‍കുന്നതിലെ കാര്യക്ഷമത, സുതാര്യത എന്നിവ ഉറപ്പാക്കും. ഒന്നും രണ്ടും വാക്സിനേഷന്‍ ഘട്ടം ഘട്ടമായി പൂര്‍ത്തിയാക്കും. ഗവ. മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഓക്സിജന്‍ സംവിധാനം ഉറപ്പുവരുത്തി മുന്നോട്ടു പോകും. സ്വകാര്യ മേഖലയിലെ ആശുപത്രികളെയും ഇതില്‍ മുന്നില്‍ നിര്‍ത്താനും മന്ത്രിമാരും എംഎല്‍എമാരും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു.
ആദിവാസി മേഖലകള്‍, തോട്ടം മേഖലകള്‍ എന്നിവിടങ്ങളില്‍ വാക്സിനേഷന്‍ നല്‍കുന്ന നടപടികള്‍ വേഗത്തിലാക്കും. ആശുപത്രികളിലും മറ്റ് ആരോഗ്യ കേന്ദ്രങ്ങളിലും വാക്സിനേഷന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് സുതാര്യത ഉറപ്പു വരുത്തും. ഒന്നാം ഡോസ് ലഭിച്ചവര്‍ക്ക് കാലാവധിക്കുള്ളില്‍ തന്നെ രണ്ടാം ഡോസ് നല്‍കാനുള്ള നടപടി ആരംഭിക്കണം. ജില്ലയില്‍ കൂടുതല്‍ വാക്സിന്‍ ലഭിക്കുന്നതിന് ശ്രമം നടത്താനും ആശുപത്രികളിലെ കേടായ വെന്‍റിലേറ്ററുകള്‍ നന്നാക്കാന്‍ സത്വര നടപടികള്‍ എടുക്കാനും യോഗം തീരുമാനിച്ചു.
ജില്ലയില്‍ മാലിന്യ സംസ്കരണ പദ്ധതികള്‍ കൂടുതല്‍ ഊര്‍ജിതമാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കും. ശുചിപൂര്‍ണ പദ്ധതി കൂടുതല്‍ വിപുലമാക്കും. മിനി എം സി എഫുകളുടെ പ്രവര്‍ത്തനം വര്‍ധിപ്പിക്കും. ജില്ലാ കേന്ദ്രത്തില്‍ നിന്ന് മാലിന്യ സംസ്കരണ പദ്ധതികളില്‍ മികച്ച രീതിയില്‍ ഏകോപനമുണ്ടാക്കാനും ശ്രമം വേണമെന്ന് മന്ത്രിമാര്‍ കലക്ടറോട് നിര്‍ദ്ദേശിച്ചു.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെ ഭാഗമായി പ്രത്യേക യോഗം ചേര്‍ന്ന്, നടപ്പിലാക്കേണ്ട കാര്യങ്ങള്‍ തീരുമാനിക്കും. നിലവില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനും നിര്‍ദേശമുണ്ടായി. ജലജീവന്‍ മിഷന്‍ പദ്ധതി തദ്ദേശ സ്ഥാപനങ്ങളില്‍ വ്യാപകമാക്കാനും തീരുമാനിച്ചു.
ജില്ലയില്‍ പൊലീസ് സ്റ്റേഷനുകള്‍ക്ക് മുന്നിലും സമീപത്തുമായി കാലങ്ങളായി കിടക്കുന്ന കേസിലുള്ള വാഹനങ്ങള്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ അവയെല്ലാം ഒരിടത്തേക്ക് മാറ്റുന്നതിനുള്ള സാധ്യത പരിശോധിച്ചു നടപ്പാക്കാന്‍ നിര്‍ദേശിച്ചു. ഇതിനായി റവന്യൂ വകുപ്പിന്‍റെ സ്ഥലം ഉപയോഗിക്കാനും തീരുമാനിച്ചു.
ജില്ലയില്‍ 2022 ലെ വാര്‍ഷിക പദ്ധതി പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടപ്പിലാക്കാം. കലക്ടര്‍ എസ് ഷാനവാസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ എം എല്‍ എ മാരായ എ സി മൊയ്തീന്‍, മുരളി പെരുനെല്ലി, ഇ ടി ടൈസന്‍ മാസ്റ്റര്‍, സേവ്യര്‍ ചിറ്റിലപ്പിള്ളി, സനീഷ് കുമാര്‍, സി സി മുകുന്ദന്‍, കെ കെ രാമചന്ദ്രന്‍, എന്‍ കെ അക്ബര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി കെ ഡേവിസ്, ഡി എം ഒ കെ ജെ റീന തുടങ്ങിയവര്‍ പങ്കെടുത്തു.